പതിനാറുകാരൻ എട്ടാംക്ലാസ് മുതൽ ക്രൂര ലൈംഗിക പീഡനത്തിനിരയായി; കെണിയിൽ കുടുക്കിയത് ഓൺലൈൻ ഡേറ്റിങ് ആപ്പ്, അന്വേഷണം മറ്റു ജില്ലകളിലേക്കും വ്യാപിപ്പിച്ചു

കാസർകോട്: പതിനാറുകാരനായ വിദ്യാർത്ഥിയെ പീഡനത്തിനിരയാക്കിയ സംഭവത്തിൽ അന്വേഷണം കോഴിക്കോട്ടേക്കും എറണാകുളത്തേക്കും വ്യാപിപ്പിച്ച് പോലീസ്. കുട്ടി 14 വയസ്സുമുതൽ ലൈംഗിക പീഡനത്തിന് ഇരയായിരുന്നുവെന്ന് കാസർകോട് ജില്ലാ പോലീസ് മേധാവി വൈ.ബി. വിജയ് ഭാരത് റെഡ്ഡി മാധ്യമങ്ങളോട് പറഞ്ഞു. കൂടുതൽ പ്രതികൾക്കായി തിരച്ചിൽ തുടരുകയാണെന്നും അദ്ദേഹം അറിയിച്ചു.

എട്ട് മുതൽ പത്താം ക്ലാസുവരെ പഠിക്കുന്ന കാലയളവിൽ വീട്ടിലും വിവിധ ഇടങ്ങളിലുമായി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നാണ് കുട്ടി ചൈൽഡ് ലൈനിൽ മൊഴി നൽകിയത്. ഡേറ്റിംഗ് ആപ്പ് വഴിയാണ് പ്രതികളെ കുട്ടി പരിചയപ്പെട്ടത്. സർക്കാർ ജീവനക്കാരും പ്രാദേശിക രാഷ്‌ട്രീയ നേതാക്കളും ഫുട്‌ബോൾ പരിശീലകരും ഉൾപ്പെടെ കേസിലെ പ്രതികളാണ്.

വിദ്യാർത്ഥിയുടെ അമ്മയുടെ സമയോചിതമായ ഇടപെടലാണ് ഈ ഞെട്ടിക്കുന്ന വിവരം പുറത്തുവരാൻ കാരണമായത്. വീട്ടിൽ നിന്ന് ഒരാൾ ഇറങ്ങിയോടുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അമ്മ കുട്ടിയുടെ ഫോൺ പരിശോധിക്കുകയായിരുന്നു. പിന്നീട് പോലീസിനെയും ചൈൽഡ്‌ലൈൻ പ്രവർത്തകരെയും വിവരമറിയിച്ചു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പലരിൽ നിന്നും കുട്ടിക്ക് തുടർച്ചയായി പീഡനം നേരിടേണ്ടി വന്നുവെന്ന വിവരം പുറത്തുവന്നത്. കുട്ടിയെ എറണാകുളത്തെത്തിച്ചും പീഡിപ്പിച്ചു.

കുട്ടിയുടെ മൊബൈൽ ഫോൺ പരിശോധനയിലാണ് പൊലീസിന് ശക്തമായ തെളിവുകൾ ലഭിച്ചത്. ആൺകുട്ടിക്ക് ഡേറ്റിംഗ് ആപ്പിൽ അക്കൗണ്ട് ഉള്ളതായും പരിശോധനയിൽ വ്യക്തമായി. പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥി എങ്ങനെ ഇതിൽ അക്കൗണ്ട് തുറന്നുവെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. പ്രതികൾ വിദ്യാർത്ഥിയെ വിളിച്ചതും പണം അയച്ചുകൊടുത്തതും അന്വേഷണത്തിൽ കണ്ടെത്തി. ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ചാണ് പ്രതികളെ പിടികൂടിയത്.

പോക്സോ നിയമപ്രകാരം ചന്തേര, നീലേശ്വരം പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ ബേക്കൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ (എഇഒ) ഉൾപ്പെടെ എട്ടുപേരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അതേസമയം, കേസിൽ പ്രതിയായ മുസ്ലിം ലീഗ് നേതാവ് സിറാജുദ്ദീൻ പോലീസിന്റെ കണ്ണുവെട്ടിച്ച് ഒളിവിൽ പോയി. ഇയാളെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജിതമാക്കി.

ഓൺലൈൻ ഡേറ്റിങ് ആപ്പ് വഴിയാണ് പ്രതികൾ പതിനാറുകാരനുമായി സൗഹൃദം സ്ഥാപിച്ചത്. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കുട്ടികളുടെ ഫോണുകൾ രക്ഷിതാക്കൾ കൃത്യമായി നിരീക്ഷിക്കണമെന്ന് ജില്ലാ പോലീസ് മേധാവി ഓർമ്മിപ്പിച്ചു.

Share
error: Content is protected !!