തട്ടിപ്പുകാർക്ക് ‘മ്യൂൾ അക്കൗണ്ടുകൾ’ നൽകി; പിടിയിലായ യുവ സൈബർ തട്ടിപ്പുകാരൻ്റെ അക്കൗണ്ടിൽ ഒരു മാസം എത്തിയത് 3.45 കോടി

കൊച്ചി: വ്യാജ ട്രേഡിങ് ആപ്പുകൾ ഉപയോഗിച്ച് കോടികൾ തട്ടിയെടുത്ത കേസിൽ 23 വയസ്സുള്ള യുവ സൈബർ തട്ടിപ്പുകാരൻ പിടിയിൽ. എറണാകുളം പല്ലാരിമംഗലം സ്വദേശി ആദിൽ മീരാൻ (23), സഹായി തൊടുപുഴ സ്വദേശി മുഹമ്മദ് യാസീൻ (22) എന്നിവരെയാണ് ഹിൽ പാലസ് പോലീസ് അറസ്റ്റ് ചെയ്തത്. തൃപ്പൂണിത്തുറ സ്വദേശിയായ 50-കാരനിൽ നിന്ന് 1.08 കോടി രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്.

പ്രതിയുടെ പേരിൽ നാഷണൽ സൈബർ ക്രൈം പോർട്ടലിൽ 31 പരാതികൾ നിലവിലുണ്ട്. ഇവയെല്ലാം വിവിധ തട്ടിപ്പുകേസുകളുമായി ബന്ധപ്പെട്ടതാണ്. തട്ടിപ്പുസംഘങ്ങൾക്കായി തൻ്റെ ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിക്കാൻ നൽകുന്ന ‘മ്യൂൾ അക്കൗണ്ടുകൾ’ ആയാണ് ആദിൽ പ്രവർത്തിച്ചതെന്നാണ് പോലീസ് സംശയിക്കുന്നത്. ഒരു മാസത്തിനിടെ ആദിലിൻ്റെ അക്കൗണ്ടിലേക്ക് 3.45 കോടി രൂപയുടെ ഇടപാടുകൾ നടന്നതായി പോലീസ് കണ്ടെത്തി.

എന്താണ് മ്യൂൾ അക്കൗണ്ടുകൾ?

കമ്മീഷൻ ലഭിക്കുന്നതിനായി സ്വന്തം ബാങ്ക് അക്കൗണ്ടുകളും ഫോൺ നമ്പറുകളും തട്ടിപ്പുകാർക്ക് നൽകുന്നവരെയാണ് ‘മ്യൂൾ അക്കൗണ്ട്’ ഉടമകൾ എന്ന് വിളിക്കുന്നത്. തട്ടിപ്പിലൂടെ ലഭിക്കുന്ന പണം ആദ്യം ഇത്തരം അക്കൗണ്ടുകളിലേക്കാണ് എത്തുക. തുടർന്ന്, ഇതിൽ നിന്ന് കമ്മീഷൻ കഴിച്ച് ബാക്കി തുക തട്ടിപ്പുകാർ മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റുകയോ പണമായി പിൻവലിക്കുകയോ ചെയ്യും. തട്ടിപ്പിന് ഇരയായ 31 പേരുടെ പണം ആദിലിൻ്റെ അക്കൗണ്ടിലേക്കാണ് എത്തിയതെന്ന് സൈബർ ക്രൈം പോർട്ടലിലെ പരാതികളിൽ നിന്ന് വ്യക്തമായി. പ്രതികളിൽ നിന്ന് 12 ലക്ഷം രൂപയും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

തൃപ്പൂണിത്തുറ സ്വദേശിയെ ഉയർന്ന ലാഭം വാഗ്ദാനം ചെയ്ത് ടെലഗ്രാം ആപ്പ് വഴിയാണ് തട്ടിപ്പുകാർ ബന്ധപ്പെട്ടത്. കഴിഞ്ഞ ജനുവരി മുതൽ ജൂലൈ വരെ 1.08 കോടി രൂപയാണ് ഇവർ ട്രേഡിങ് ആപ്പിൽ നിക്ഷേപിപ്പിച്ചത്. എന്നാൽ, ലാഭം ലഭിക്കാതെ വന്നതോടെ ഇര ഹിൽ പാലസ് പോലീസിൽ പരാതി നൽകുകയായിരുന്നു. പ്രതികളുടെ അക്കൗണ്ടുകൾ വഴി എത്ര തുക കൈമാറ്റം ചെയ്യപ്പെട്ടു എന്നതിനെക്കുറിച്ചുള്ള വിശദമായ അന്വേഷണം നടക്കുകയാണ്.

Share
error: Content is protected !!