സൗദിയിൽ സിംഗിൾ എൻട്രി ഫാമിലി സന്ദർശക വിസ ഓൺലൈനിൽ പുതുക്കാം; തുടർച്ചയായി 9 മാസം വരെ തങ്ങാം
റിയാദ്: സൗദി അറേബ്യയിൽ ഒറ്റത്തവണ പ്രവേശനമുള്ള (സിംഗിൾ എൻട്രി) ഫാമിലി വിസിറ്റ് വിസയിൽ എത്തുന്നവർക്ക് ഇനി 9 മാസം വരെ രാജ്യത്ത് തങ്ങാം. മൂന്ന് മാസമാണ് സിംഗിൾ എൻട്രി വിസയുടെ കാലാവധി. എങ്കിലും രണ്ട് തവണയായി മൂന്ന് മാസം വീതം ഓണ്‍ലൈനായി പുതുക്കാൻ സാധിക്കും. പ്രവാസികൾക്ക് ഏറെ ആശ്വാസം നൽകുന്നതാണ് പുതിയ മാറ്റം.
വിസ കാലാവധി അവസാനിക്കുന്നതിന് ഏഴ് ദിവസത്തിനുള്ളിൽ അബ്ഷീർ പ്ലാറ്റ്ഫോം വഴി വിസ പുതുക്കാം. ഓരോ തവണ പുതുക്കുമ്പോഴും ഒരു പാസ്പോർട്ടിന് 100 റിയാൽ വീതം ഫീസും ആരോഗ്യ ഇൻഷൂറൻസിനുള്ള പ്രീമിയവും അടക്കണം. വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടർന്നാൽ കനത്ത പിഴ നൽകേണ്ടിവരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
നിലവിൽ ഫാമിലി സന്ദർശക വിസക്ക് അപേക്ഷിക്കുമ്പോൾ സിംഗിൾ എൻട്രി, മൾട്ടി എൻട്രി എന്നിങ്ങിനെ തിരഞ്ഞെടുക്കാൻ അവസരമില്ല. വിസ സ്റ്റാമ്പ് ചെയ്യുന്ന സമയത്ത് സൗദി എംബസിയോ കോൺസുലേറ്റോ ആണ് ഇത് തീരുമാനിക്കുന്നത്. അപേക്ഷിക്കുന്നവരിൽ മിക്കവർക്കും മൂന്ന് മാസം കാലാവധിയുള്ള സിംഗിൾ എൻട്രി വിസകളാണ് ലഭിക്കുന്നത്. ഇവർക്കാണ് സൌദിയിൽ നിന്ന് കൊണ്ട് തന്നെ ഓണ്‍ലൈനായി രണ്ട് തവണ പുതുക്കാൻ അവസരം ലഭിക്കുക. എന്നാൽ ഒരിക്കൽ സൌദിയിൽ നിന്ന് പുറത്ത് പോയാൽ പിന്നീട് സൌദിയിലേക്ക് തിരിച്ച് പ്രവേശിക്കാൻ പുതിയ വിസയിൽ മാത്രമേ സാധിക്കൂ.


