പിതാവിന് പിന്നാലെ മകളും; പത്താം ക്ലാസുകാരിയുടെ തൂങ്ങിമരണത്തിൽ നടുങ്ങി നാട്ടുകാർ, അന്വേഷണം ആരംഭിച്ച് പൊലീസ്
കാസർകോട്: ബന്തടുക്കയിൽ പത്താം ക്ലാസുകാരി വീട്ടിനുള്ളിൽ സാരിയിൽ തൂങ്ങി മരിച്ചതിന്റെ ഞെട്ടലിൽ നാട്ടുകാർ. കുണ്ടംകുഴി ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി ദേവികയെയാണ് (16) ഇന്നു രാവിലെ സാരിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്.
ദേവികയുടെ അച്ഛൻ സതീശൻ 6 വർഷം മുൻപു തൂങ്ങി മരിക്കുകയായിരുന്നു. തുടർന്ന് ദേവികയും അമ്മ സവിതയും സഹോദരൻ കണ്ണനും വല്യമ്മയുടെ ഉന്തത്തടുക്കയിലെ വീട്ടിലായിരുന്നു താമസം. ഇതിനിടെ സവിത കുണ്ടംകുഴി സ്വദേശിയായ മറ്റൊരാളെ വിവാഹം ചെയ്തു. ബന്തടുക്ക ഗ്രാമീണ ബാങ്കിനു സമീപം തട്ടുകട നടത്തുകയാണ് സവിത. ഇന്നു രാവിലെ സഹോദരൻ കണ്ണനാണ് ദേവികയെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് പൊലീസും നാട്ടുകാരും എത്തി മൃതദേഹം പരിയാരം മെഡിക്കൽ കോളജിലേക്കു മാറ്റി.
ദേവിക അപസ്മാരത്തിന് സ്ഥിരമായി മരുന്നു കഴിച്ചിരുന്നു. അസുഖം മൂലം വളരെ ബുദ്ധിമുട്ടിയിരുന്നുവെന്നാണ് വിവരം. ബാലസംഘം ബന്തടുക്ക വില്ലേജ് പ്രസിഡന്റായിരുന്ന ദേവിക സമൂഹമാധ്യമങ്ങളിലും സജീവമായിരുന്നു. അതേസമയം, ദേവികയുടെ ഫോൺ ഉൾപ്പെടെ പരിശോധിക്കാനുള്ള നീക്കത്തിലാണ് പൊലീസ്.


