വഖഫ് ഭേദഗതി നിയമത്തിന് ഭാഗിക സ്റ്റേ

ന്യൂഡല്‍ഹി: വഖഫ് ഭേദഗതി നിയമത്തിൽ ഭാഗിക സ്റ്റേയുമായി സുപ്രിംകോടതി. അഞ്ച് വര്‍ഷമെങ്കിലും വിശ്വാസിയായിരിക്കണം എന്നതിനാണ് സ്റ്റേ. മെയ് മാസത്തില്‍ വാദം പൂര്‍ത്തിയാക്കി വിധിപറയാന്‍ മാറ്റി വച്ചിരുന്ന ഹരജികളിലാണ് തീരുമാനം. ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായ്, ജസ്റ്റിസുമാരായ വിനോദ് ചന്ദ്രന്‍, അതുല്‍ എസ്. ചന്ദൂര്‍കര്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധി പറഞ്ഞത്.

ജില്ലാ കലക്ടറുടെ അധികാരം സുപ്രിംകോടതി സ്റ്റേ ചെയ്തു. അന്തിമ ഉത്തരവ് വരുന്ന വരെ വഖഫ് സ്വത്തുകളുടെ സ്വഭാവം മാറ്റരുതെന്നും കോടതി വ്യക്തമാക്കി. വഖഫ് ബോർഡ് ചീഫ് എക്സിക്യൂട്ടീവിൽ കഴിവതും മുസ്‌ലിം ആയിരിക്കണം. എന്നാൽ മുസ്‍ലിം ഇതര വിശ്വാസിയെയും വഖഫ് ബോര്‍ഡ് സിഇഒ ആക്കാം. നിയമത്തിലെ ചട്ടങ്ങൾ രൂപീകരിക്കുന്നത് വരെയാണ് സ്റ്റേ എന്നും കോടതി അറിയിച്ചു. വകുപ്പ് സ്റ്റേ ചെയ്യാന്‍ സുപ്രിംകോടതി വിസമ്മതിച്ചു.

കഴിഞ്ഞ മെയ് 22നാണ് നിയമത്തിന്റെ ഭരണഘടന സാധ്യത ചോദ്യം ചെയ്തുള്ള ഹരജികളില്‍ സുപ്രിംകോടതി വിധി പറയാന്‍ മാറ്റിയത്. ഉപയോഗത്തിലൂടെയോ രജിസ്‌ട്രേഷനിലെയോ വഖഫ് ആയ ഭൂമികളില്‍ തല്‍സ്ഥിതി തുടരുമോ എന്ന കാതലായ ചോദ്യത്തിനാണ് സുപ്രിംകോടതി ഇന്ന് ഉത്തരം പഞ്ഞത്. നിയമം ഭരണഘടന ലംഘനമെന്നായിരുന്നു ഹരജിക്കാരുടെ വാദം. നിയമത്തില്‍ ഭരണഘടനാ വിരുദ്ധതയില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ വാദിച്ചത്.

അന്തിമ തീരുമാനം എടുക്കുന്നത് വരെ വഖഫ് കൗണ്‌സിലിലേക്കും ബോര്‍ഡുകളിലേക്കും പുതിയ നിയമനം സുപ്രിംകോടതി നേരത്തേ മരവിപ്പിച്ചിരുന്നു. ബോര്‍ഡുകളിലേക്കും കൗണ്‍സിലിലേയ്ക്കും അമുസ്ലിമുകളെ ഉള്‍പ്പെടുത്തണമെന്ന നിയമം കഴിഞ്ഞ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന തടഞ്ഞിരുന്നു. പക്ഷെ ഈ ഉത്തരവ് ഹരജി വീണ്ടും പരിഗണിക്കുന്നത് വരെയായിരുന്നു. ഹരജികള്‍ ചീഫ്ജസ്റ്റിസ് ബി.ആര്‍.ഗവായ് പരിഗണിക്കാന്‍ തുടങ്ങിയപ്പോള്‍ ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ ഉത്തരവ് തുടരുമെന്ന് അറിയിച്ചില്ല. അതിനാല്‍ ഭേദഗതി ചെയ്ത വഖഫ് നിയമം രാജ്യത്ത് പാലിക്കപ്പെടുന്നുണ്ട് എന്നായിരുന്നു ഒരു പക്ഷം പറഞ്ഞിരുന്നത്.

Share
error: Content is protected !!