സൗദിയിൽ തൊഴിലാളികളുടെ വേതനം കൃത്യസമയത്ത് വിതരണം ചെയ്യാത്ത സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി; മുഴുവൻ സ്ഥാപനങ്ങളും രണ്ട് ദിവസത്തിനകം വേതന സംരക്ഷണ പദ്ധതി നടപ്പിലാക്കണമെന്ന് മുന്നറിയിപ്പ്
സൗദിയിൽ തൊഴിലാളികളുടെ വേതനം ബാങ്ക് വഴി വിതരണം ചെയ്യുന്ന വേതന സംരക്ഷണ പദ്ധതി നടപ്പിലാക്കാത്ത സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ്. പദ്ധതി നടപ്പിലാക്കാൻ അനുവദിച്ച സമയപരിധി രണ്ട് ദിവസത്തിനകം അവസാനിക്കുമെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം ഓർമിപ്പിച്ചു. അനുവദിച്ചിട്ടുള്ള സമയപരിധിക്കുള്ളിൽ ഇത് നടപ്പിലാക്കാത്ത സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. മുദാദ് പ്ലാറ്റ്ഫോം വഴി ജീവനക്കാരുടെ ശമ്പളം കൃത്യസമയത്ത് നൽകുന്നുണ്ടെന്ന് ഉറപ്പുവരുത്തുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
സ്ഥാപനങ്ങളുടെ ബാങ്ക് അക്കൗണ്ടുകൾ സോഫ്റ്റ്വെയർ സംവിധാനവുമായി ബന്ധിപ്പിച്ചാണ് മുദാദ് പ്ലാറ്റ്ഫോം പ്രവർത്തിക്കുന്നത്. ഇത് വഴി ശമ്പള കൈമാറ്റവും രേഖപ്പെടുത്തലുകളും സ്വയം അപ്ലോഡ് ചെയ്യപ്പെടും. ജീവനക്കാരുമായി ഒപ്പിട്ട കരാറിലെ സമയവും തുകയും അനുസരിച്ചാണോ ശമ്പളം നൽകുന്നതെന്ന് ഇത് പരിശോധിക്കും. കരാർ പ്രാകരമുള്ള വേതനം നൽകാതിരിക്കുക, വേതനം നൽകുന്നതിൽ കാലതാമസം വരുത്തുക തുടങ്ങിയ വീഴ്ചകൾക്ക് തൊഴിലുടമക്കെതിരെ നടപടിയുണ്ടാകും.
ശമ്പള വിതരണത്തിൽ എന്തെങ്കിലും കാലതാമസമോ മറ്റ് പ്രശ്നങ്ങളോ ഉണ്ടായാൽ, മുദാദ് പ്ലാറ്റ്ഫോം വഴി സ്ഥാപനങ്ങൾക്ക് നേരിട്ട് അറിയിപ്പ് ലഭിക്കും. ഇതിന് സ്ഥാപനങ്ങൾ കൃത്യമായ വിശദീകരണം നൽകണം. ഈ വിശദീകരണങ്ങൾ തൊഴിലാളിക്ക് സ്വീകരിക്കാനോ നിരസിക്കാനോ അനുവാദമുണ്ട്. വിശദീകരണം തൊഴിലാളിക്ക് തൃപ്തികരമല്ലെങ്കിൽ മന്ത്രാലയം സ്ഥാപനത്തിനെതിരിലും തൊഴിലുടമക്കെതിരിലും നടപടി സ്വീകരിക്കും.
ശമ്പള വിതരണത്തിലെ സുതാര്യത വർദ്ധിപ്പിക്കാനും ജീവനക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാനും ലക്ഷ്യം വെച്ചാണ് മന്ത്രാലയം ഈ പദ്ധതി നടപ്പിലാക്കുന്നത്. അനുവദിക്കപ്പെട്ടിരിക്കുന്ന സമയപരിധിക്കുള്ളിൽ പദ്ധതി നടപ്പിലാക്കാത്ത സ്ഥാപനങ്ങൾക്കെതിരെ കർശന നടപടികൾ ഉണ്ടാകുമെന്നാണ് സൂചന.


