‘സെന്‍സര്‍ ബോര്‍ഡിലുള്ളവര്‍ക്ക് നിർമാതാക്കൾ കുപ്പിയും കാശും കൊടുക്കും; മോഹൻലാൽ വരെ സിനിമ തുടങ്ങുമ്പോൾ മദ്യപാനം’ – ജി.സുധാകരൻ

ആലപ്പുഴ: സെൻസർ ബോർഡിനും സിനിമയിലെ മദ്യപാനത്തിനും എതിരെ രൂക്ഷ വിമർശനവുമായി മുൻ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ജി. സുധാകരൻ. സെന്‍സര്‍ ബോര്‍ഡിലുള്ളവര്‍ മദ്യപിച്ചിരുന്നാണ് സെന്‍സറിങ് നടത്തുന്നതെന്നാണ് സുധാകരന്റെ പരാമർശം. സിനിമ നിര്‍മിച്ചവര്‍ സെന്‍സര്‍ ബോര്‍ഡിലുള്ളവര്‍ക്ക് മദ്യവും പണവും നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഹരിപ്പാട് ടെമ്പിള്‍സിറ്റി റസിഡന്റ്സ് അസോസിയേഷന്റെ ഓണാഘോഷ പരിപാടിയിൽ ആയിരുന്നു സുധാകരന്റെ വിവാദ പരാമർശം.
.
‘‘സിനിമയുടെ തുടക്കത്തില്‍ തന്നെ മദ്യപിക്കുന്ന റോളുകളാണ് കാണിക്കുന്നത്. മോഹന്‍ലാല്‍ വരെ സിനിമ തുടങ്ങുമ്പോള്‍ മദ്യപാനമാണ്. നിലവാരമുള്ള നടന്മാര്‍ പോലും സിനിമയുടെ തുടക്കത്തില്‍ മദ്യപിക്കുന്ന റോളില്‍ വരികയാണ്. തുടക്കത്തില്‍ മദ്യപാനം കാണിക്കരുതെന്ന് ഫിലിം സെന്‍സര്‍ ബോര്‍ഡിനു പറയാന്‍ കഴിയുമല്ലോ. അവരും മദ്യപിച്ചാണ് ഇത് കാണുന്നത്. സിനിമ നിര്‍മിച്ചവര്‍ അവര്‍ക്ക് കുപ്പി വാങ്ങിക്കൊടുക്കും. കയ്യില്‍ കാശും കൊടുക്കും. സിനിമ കണ്ടിട്ടില്ലാത്തവരും അധികാരത്തിലുള്ള പാര്‍ട്ടിയുടെ ആളുകളുമായവര്‍ സെന്‍സര്‍ ബോര്‍ഡിലുണ്ട്. ഇത്തരത്തില്‍ ആലപ്പുഴയിലുള്ളവരെ എനിക്കറിയാം.’’ – സുധാകരൻ‌ പറഞ്ഞു.
.
മദ്യപാനത്തിനെതിരെ കേരളത്തിലെ സിനിമകളിൽ സന്ദേശമില്ല. തമിഴ് സിനിമയിലും തെലുങ്ക് സിനിമയിലും ഇപ്പോഴും ഇത് ഉണ്ട്. മദ്യപാനം തെറ്റായ കാര്യങ്ങൾ ആണെന്ന് സ്ഥാപിച്ചുകൊണ്ടാണ് സിനിമ അവസാനിക്കുന്നത് . മലയാളികളുടെ സംസ്കാരം മാറിക്കൊണ്ടിരിക്കുകയാണ്. പുസ്തകം വായിക്കാത്തവർ ഗ്രന്ഥശാല സംഘടനകളുടെ സമ്മേളനങ്ങൾ ഉദ്ഘാടനം ചെയ്യുന്നു. ഗ്രന്ഥശാലകളുടെ സമ്മേളനത്തിൽ ജനപ്രതിനിധികളെ വിളിക്കേണ്ട എന്നല്ല പറയുന്നത്. അതിനല്ല പ്രാധാന്യം, പുസ്തകം വായിക്കാതെ സംസാരിക്കുന്നവർക്കാണ് പ്രാധാന്യം എന്നും സുധാകരൻ പറഞ്ഞു.

Share
error: Content is protected !!