15 ദിവസം പ്രായമായ കുഞ്ഞിനെ ഫ്രിഡ്ജിൽവച്ച് യുവതി; ബാധകൂടിയെന്ന് കരുതി മന്ത്രവാദിയെ കാണിച്ച് ബന്ധുക്കൾ
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ 15 ദിവസം പ്രായമായ കുഞ്ഞിനെ മാതാവ് ഫ്രിഡ്ജില്‍വെച്ച് അടച്ചതായി ആരോപണം. കുഞ്ഞിന്റെ കരച്ചില് കാരണം ഉറങ്ങാന്‍ കഴിയാത്തതിനാലാണ് ഫ്രിഡ്ജില്‍വെച്ചതെന്നാണ് യുവതിയുടെ മൊഴി. ഉത്തര്‍പ്രദേശിലെ മൊറാദാബാദ് നഗരത്തിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. പ്രസവാനന്തരം യുവതി മാനസികാസ്വാസ്ഥ്യങ്ങള്‍ പ്രകടിപ്പിച്ചിരുന്നതായി ബന്ധുക്കള്‍ പറയുന്നു.
റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഫ്രിഡ്ജിനുള്ളില് നിന്ന് നേര്‍ത്ത കരച്ചില് കേട്ടതിനെ തുടര്‍ന്ന് മുത്തശ്ശി നടത്തിയ പരിശോധനയിലാണ് കുഞ്ഞിനെ പുറത്തെടുത്തത്. കുഞ്ഞിനെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു.
.
ഏറെ ശ്രമിച്ചിട്ടും കുഞ്ഞ് കരച്ചില് നിര്‍ത്തുന്നുണ്ടായിരുന്നില്ല, അതുകൊണ്ട് തനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല. അതുകൊണ്ടാണ് കുഞ്ഞിനെ ഫ്രിഡ്ജില്‍ വെച്ചതെന്നാണ് കുടുംബാംഗങ്ങള്‍ ചോദിച്ചപ്പോള്‍ യുവതി പറഞ്ഞതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മൊറാദാബാദിലെ കരുള എന്ന സ്ഥലത്ത് താമസിക്കുന്ന യുവതി രണ്ടാഴ്ച മുന്‍പാണ് ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. പ്രസവത്തിന് പിന്നാലെ യുവതി അസ്വാഭാവികമായി പെരുമാറിയിരുന്നതായി ബന്ധുക്കള്‍ പറയുന്നു. തുടക്കത്തില്‍, സ്ത്രീക്ക് എന്തോ ദുരാത്മാവിന്റെ ഉപദ്രവമാണെന്നാണ് കുടുംബാംഗങ്ങള്‍ കരുതിയത്. അവര്‍ അവളെ ഒരു മന്ത്രവാദിയുടെ അടുത്തേക്ക് കൊണ്ടുപോയെങ്കിലും അവസ്ഥയ്ക്ക് യാതൊരു മാറ്റവും ഉണ്ടായില്ല.
.
പിന്നീട്, ഇവരെ ഒരു മനോരോഗ വിദഗ്ധന്റെ അടുത്തേക്ക് കൊണ്ടുപോയി. പ്രസവാനന്തരം ഉണ്ടാകുന്ന ‘പോസ്റ്റ്പാര്‍ട്ടം സൈക്കോസിസ്’ (പിപിപി) എന്ന ഗുരുതരവും അപൂര്‍വവുമായ ഒരു മാനസിക രോഗമാണ് അവര്‍ക്കെന്ന് ഡോക്ടര്‍ കണ്ടെത്തി. ഇല്ലാത്ത കാര്യങ്ങള്‍ കാണുകയും കേള്‍ക്കുകയും ചെയ്യുക, മിഥ്യാധാരണകള്‍, ആശയക്കുഴപ്പം തുടങ്ങിയ മാനസിക ലക്ഷണങ്ങള്‍ പെട്ടെന്ന് പ്രത്യക്ഷപ്പെടുന്നതാണ് ഈ രോഗത്തിന്റെ പ്രത്യേകതയെന്ന് ഡോക്ടര്‍ പറഞ്ഞു.
ഈ രോഗാവസ്ഥയിലുള്ള രോഗി സ്വയമോ കുഞ്ഞിനെയോ ഉപദ്രവിച്ചേക്കാം, അതിനാല്‍ അവര്‍ക്ക് അടിയന്തര വൈദ്യസഹായം ആവശ്യമാണ്. സ്ത്രീ ഇപ്പോള്‍ മനോരോഗ വിദഗ്ദ്ധന്റെ ചികിത്സയിലാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.


