അമീബിക് മസ്തിഷ്കജ്വരം: വണ്ടൂർ സ്വദേശിനി മരിച്ചു; ഒരു മാസത്തിനിടെ സംസ്ഥാനത്ത് 5 മരണം
കോഴിക്കോട്: ∙ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് ഒരു മരണം കൂടി. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന മലപ്പുറം വണ്ടൂർ തിരുവാലി കോഴിപ്പറമ്പ് ഇളയിടത്തു കുന്ന് എം.ശോഭന(56) ആണ് മരിച്ചത്. ഒരു മാസത്തിനിടെ സംസ്ഥാനത്ത് ഈ രോഗം ബാധിച്ചു മരിച്ചവരുടെ എണ്ണം അഞ്ചായി. മൃതദേഹം ഇന്ന് ഉച്ചയ്ക്ക് സംസ്കരിക്കും. ഭർത്താവ്: വാപ്പാടൻ രാമൻ. മകൾ: അതുല്യ.
.
കഴിഞ്ഞ വ്യാഴാഴ്ചയാണ് ഗുരുതരാവസ്ഥയിൽ ശോഭനയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. അന്നു മുതൽ അബോധാവസ്ഥയിലായിരുന്നു. രോഗലക്ഷണങ്ങൾ പ്രകാരം മൈക്രോബയോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. പ്രദേശത്ത് ആരോഗ്യ ഉദ്യോഗസ്ഥരും പഞ്ചായത്ത് അധികൃതരും പ്രതിരോധ ബോധവൽക്കരണ പ്രവർത്തനങ്ങൾ ഊർജ്ജതമാക്കിയിരുന്നു. രോഗത്തിൻ്റെ ഉറവിടം വ്യക്തമായിരുന്നില്ല. കിണർ വെള്ളത്തിൽ നിന്നാണെന്ന് സംശയത്തെ തുടർന്ന് ക്ലോറിനേഷൻ ഉൾപ്പെടെ നടത്തി.
.


