ഖുര്‍ആൻ ഉയർത്തി സത്യം ചെയ്ത് ജലീല്‍; ‘ബന്ധുനിയമനത്തില്‍ ഒരു തെറ്റും ചെയ്തിട്ടില്ല, ഫിറോസ് ലീഗിൻ്റെ സെയില്‍സ് മാനേജർ, പാര്‍ട്ടി പദ്ധതികളുടെ മറവില്‍ വന്‍ സാമ്പത്തിക തട്ടിപ്പ് നടത്തുന്നു’
മലപ്പുറം: യുഡിഎഫിന്റെ യുവജന നേതാക്കള്‍ രാഷ്ട്രീയരംഗത്ത് പുതിയ മാഫിയ സംസ്‌കാരം കൊണ്ടുവരികയാണെന്ന് കെടി ജലീല്‍ എംഎല്‍എ. അപകടകരമായ രീതിയാണിത്, പണമുണ്ടായാല്‍ എന്തും ചെയ്യാമെന്ന ധിക്കാര മനോഭാവമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഉള്‍പ്പടെയുള്ളവര്‍ കാണിക്കുന്നതെന്നും ജലീല്‍ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് വയനാട്ടില്‍ വീട്വെക്കാന്‍ പണം പിരിച്ചത് വിവാദമായി, യൂത്ത് ലീഗ് പണം പിരിച്ചാല്‍ പിന്നീട് നേതാക്കള്‍ പുതിയ കച്ചവട സ്ഥാപനങ്ങള്‍ തുടങ്ങുന്നതാണ് കാഴ്ച്ചയെന്നും ജലീല്‍ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
മുസ്ലിം ലീഗിന്റെ സെയില്‍സ് മാനേജരാണ് പികെ ഫിറോസ്, പാര്‍ട്ടി പദ്ധതികളുടെ മറവില്‍ വന്‍ സാമ്പത്തിക തിരിമറിയാണ് ഫിറോസ് നടത്തുന്നത്. ദോത്തി ചലഞ്ച് എന്ന പേരില്‍ 200 രൂപ പോലും ഇല്ലാത്ത മുണ്ട് അറുനൂറിലധികം രൂപയ്ക്കാണ് യൂത്ത് ലീഗ് നേതാക്കള്‍ വാങ്ങിയത്, വന്‍തട്ടിപ്പാണ് ഇതിലൂടെ നടന്നത്. യൂത്ത് ലീഗ് നേതാക്കള്‍ തന്നെയാണ് ഈ രേഖകളെല്ലാം തരുന്നത്-ജലീല്‍ പറഞ്ഞു.
ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ പികെ കുഞ്ഞാലിക്കുട്ടിയെ കുറ്റവിമുക്തനാക്കിയ സമയത്ത് ഹൈക്കോടതി ജഡ്ജി ആയിരുന്നു സിറിയക് ജോസഫ്. സിറിയക് ജോസഫിനെ ലീഗ് നേതാക്കള്‍ സ്വാധീനിച്ചാണ് ബന്ധു നിയമനത്തില്‍ എനിക്കെതിരേ നടപടി എടുപ്പിച്ചത്. ലീഗ് നേതാക്കള്‍ സിറിയക് ജോസഫിനെ ഒരുപാട് സഹായിച്ചിട്ടുണ്ടെന്നും ജലീല്‍ ആരോപിച്ചു.
.
കെടി അദീപ് ഇപ്പോള്‍ ബാങ്ക് ഓഫ് ബറോഡയുടെ കൊച്ചിയിലെ ചീഫ് മാനേജരാണെന്നും ജലീല്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തിനിടെ ഖുര്‍ആനും കെടി ജലീലില്‍ ഉയര്‍ത്തിപ്പിടിച്ചു. മന്ത്രിയായ സമയത്ത് ബന്ധുനിയമനത്തില്‍ താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് ഖുര്‍ആന്‍ പിടിച്ച് സത്യം ചെയ്യുന്നതായി കെടി ജലീല്‍ പറഞ്ഞു. ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷന്‍ ജനറല്‍ മാനേജറായി ബന്ധുവായ കെടി അദീപിനെ നിയമിച്ചതാണ് ജലീലിന് മന്ത്രിസ്ഥാനം നഷ്ടപ്പെടാന്‍ കാരണമായത്.
വ്യാജ പ്രചാരണമാണ് ഫിറോസ് നടത്തിയത്. മക്കളുടെ വിവാഹത്തിന് ഭാര്യയുടെ കയ്യില്‍ നിന്നാണ് 11 ലക്ഷം രൂപ കടം വാങ്ങിയത്. മാങ്കൂട്ടത്തില്‍ വിഷയത്തില്‍ കോണ്‍ഗ്രസ് കാണിച്ച മാന്യതയുടെ അരികില്‍ ലീഗ് എത്തണമെങ്കില്‍ ഫിറോസിനെ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റിനിര്‍ത്തമെന്നും ജലീല്‍ പറഞ്ഞു.


