യൂത്ത് കോണ്‍ഗ്രസ് നേതാവിനെ കസ്റ്റഡിയിൽ മര്‍ദിച്ച സംഭവം; പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ
കുന്നംകുളം (തൃശ്ശൂര്‍): യൂത്ത് കോണ്‍ഗ്രസ് നേതാവിനെ കുന്നംകുളം പോലീസ് സ്റ്റേഷനില്‍വെച്ച് പോലീസ് ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ നടപടി പുനഃപരിശോധിക്കാന്‍ നിര്‍ദേശിച്ച് ഡിഐജി റിപ്പോര്‍ട്ട് നല്‍കി. നാലു പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്യാനും ശുപാര്‍ശ ചെയ്തു. ഉത്തരമേഖലാ ഐജിക്കാണ് തൃശ്ശൂര്‍ റേഞ്ച് ഡിഐജി റിപ്പോര്‍ട്ട് നല്‍കിയത്.
2023-ല്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ വ്യാപക പ്രതിഷേങ്ങള്‍കൂടി അരങ്ങേറുന്ന സാഹചര്യത്തിലാണ് ഡിജിപി റിപ്പോര്‍ട്ട് തേടിയത്.
അടിവസ്ത്രംമാത്രം ധരിച്ച് സുജിത്തിനെ പോലീസ് ജീപ്പില്‍നിന്ന് ഇറക്കുന്നതുമുതല്‍ സ്റ്റേഷനുള്ളില്‍ അര്‍ധനഗ്‌നനായി നിര്‍ത്തി പലതവണ ചെവിടത്തടിക്കുന്നതിന്റെയും കുനിച്ചുനിര്‍ത്തി മുതുകത്ത് കൈമുട്ടുകൊണ്ട് കൂട്ടംകൂടി പോലീസ് ഇടിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് പുറത്ത് വന്നത്.
.
മര്‍ദ്ദനത്തെത്തുടര്‍ന്ന് സുജിത്തിന്റെ കേള്‍വിശക്തി ഭാഗികമായി നഷ്ടപ്പെട്ടിരുന്നു. വിവരാവകാശ കമ്മിഷന്‍ അംഗം സോണിച്ചന്‍ ജോസഫിന്റെ ശക്തമായ ഇടപെടലിനെത്തുടര്‍ന്നാണ് ദൃശ്യങ്ങള്‍ കൈമാറിയത്.
പോലീസ് സ്റ്റേഷനിലും അസി. കമ്മിഷണര്‍ ഓഫീസിലും കമ്മിഷണര്‍ ഓഫീസിലും വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ചിട്ടും അനുകൂലമറുപടി ലഭിക്കാഞ്ഞതിനെത്തുടര്‍ന്നാണ് സുജിത്ത് നേരിട്ട് വിവരാവകാശ കമ്മിഷനെ സമീപിച്ചത്.
2023 ഏപ്രില്‍ അഞ്ചിന് രാത്രിയാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് വി.എസ്. സുജിത്തിനെ കുന്നംകുളം എസ്ഐ നുഹ്‌മാന്റെ നേതൃത്വത്തില്‍ സ്റ്റേഷനിലേക്ക് കൊണ്ടുവരുന്നത്. പൊതുസ്ഥലത്ത് മദ്യപിക്കുന്നുവെന്ന പരാതി അന്വേഷിച്ചെത്തിയ പോലീസ് സംഘമാണ് സുജിത്തിനെ കൊണ്ടുപോയി മര്‍ദിച്ചത്.
.
അര്‍ധരാത്രി 12.23-ന് സ്റ്റേഷന്‍ മുറ്റത്തേക്ക് ജീപ്പില്‍നിന്ന് ഇറങ്ങുമ്പോള്‍തന്നെ ഷര്‍ട്ടില്ലാതെ, മുണ്ടഴിഞ്ഞ് അടിവസ്ത്രത്തിലായിരുന്നു സുജിത്തെന്ന് പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളിലൂടെ വ്യക്തമാകുന്നുണ്ട്.സ്റ്റേഷനകത്തേക്ക് കയറുമ്പോള്‍മാത്രമാണ് മുണ്ടുടുത്തത്. അകത്തുകയറി ഉടനെ എസ്‌ഐ ഉള്‍പ്പെടെയുള്ളവര്‍ നോക്കിനില്‍ക്കെ സിപിഒ സന്ദീപ് ചെവിക്ക് ആഞ്ഞടിച്ചു. തൊട്ടുപിന്നാലെ അവിടെവെച്ചുതന്നെ കുനിച്ചുനിര്‍ത്തി കൈമുട്ടുകൊണ്ട് മുതുകത്ത് ഇടിച്ചു. ഇടതുചെവി പൊത്തിപിടിച്ചുനിന്ന സുജിത്തിനെ ബലംപ്രയോഗിച്ച് സ്റ്റേഷനുള്ളിലെ സിസിടിഎന്‍എസ് മുറിയിലേക്ക് എത്തിച്ചു. അവിടെവെച്ച് എസ്ഐ നുഹ്‌മാനും സിപിഒമാരായ സന്ദീപും സജീവനും ചേര്‍ന്ന് മാറിമാറി മര്‍ദിച്ചു. പിന്നീട് സ്റ്റേഷന്റെ മുകളിലെ നിലയിലേക്ക് കൊണ്ടുപോയി. ഇവിടെവെച്ച് ചൂരല്‍ ഉപയോഗിച്ചും അല്ലാതെയും മാരകമായി മര്‍ദിച്ചെന്ന് സുജിത്ത് പറഞ്ഞു.
നിരീക്ഷണ ക്യാമറ ഈ ഭാഗത്ത് ഇല്ലാത്തതിനാല്‍ ദൃശ്യങ്ങള്‍ ലഭിച്ചിട്ടില്ല. പോക്‌സോ കേസുമായി ബന്ധപ്പെട്ട പരാതിക്കാരന്‍ ദൃശ്യത്തിലുള്ളതിനാല്‍ വീഡിയോ തരാന്‍ സാധിക്കില്ലെന്നാണ് ആദ്യം പോലീസ് പറഞ്ഞത്. ദൃശ്യം നഷ്ടപ്പെട്ടെന്ന് പിന്നീട് പറഞ്ഞു. മെമ്മറി കാര്‍ഡിന്റെ ഹാഷ് ടാഗ് വാല്യു പ്രശ്‌നം ഉന്നയിച്ചും പരാതിക്കാരനെ മടക്കിയ പോലീസാണ് ഒടുവില്‍ വ്യക്തമായ നാല് ദൃശ്യങ്ങള്‍ കൈമാറിയത്.


