നാട്ടോണത്തിൻ്റെ സ്മരണകളിൽ പ്രവാസി മലയാളികൾക്കും ഇന്ന് തിരുവോണ ആഘോഷം; അവധിദിനത്തിലെത്തിയ തിരുവോണത്തിന് പൊലിമയേറെ

അബുദാബി: കൂട്ടുകുടുംബത്തിലെ നാട്ടോണത്തിന്റെ സ്മരണകളിൽ പ്രവാസി മലയാളികൾക്കും ഇന്ന് തിരുവോണ ആഘോഷം. പൊന്നോണം പൂത്തുലഞ്ഞ ഓണസ്മൃതികളിൽ വ്യത്യസ്ത കുടുംബങ്ങൾ ഒത്തുചേർന്നാണ് ആഘോഷം. തനിച്ചു താമസിക്കുന്നവരും സുഹൃത്തുക്കളോടൊപ്പം ചേർന്ന് സദ്യയുണ്ടാക്കി ആഘോഷം കേമമാക്കും. വേഷത്തിലും ഭക്ഷണത്തിലുമെല്ലാം പ്രവാസികൾക്ക്  മലയാളിത്തം തുളുമ്പുന്ന ദിനം കൂടിയാണ് ഇന്ന്.

ഗൾഫിൽ നബിദിനം പ്രമാണിച്ചുള്ള പൊതു അവധിയിലെത്തിയ ഓണാഘോഷത്തിന് ഇത്തവണ പൊലിമ ഏറെ. വാരാന്ത്യ അവധിയും തിരുവോണവും ഒന്നിച്ചെത്തിയതിലുള്ള ആവേശത്തിലാണ് സൌദിയിലെ മലയാളികൾ. വിവിധ പ്രവാസി കുടുംബങ്ങൾ ഒരുമിച്ച് വില്ലകളിലും മറ്റും ഒത്തുകൂടിയാണ് പലരും ഇത്തവണ ഓണം ആഘോഷിക്കുന്നത്. വിവിധ മലയാളി കൂട്ടായ്മകളുടെ നേതൃത്വത്തിലും ഓണാഘോഷങ്ങളുണ്ട്.   കുടുംബങ്ങൾ ഒത്തുചേർന്നുള്ള ഓണാഘോഷം ഒരിക്കലെങ്കിലും അനുഭവിച്ചറിഞ്ഞവർ പിന്നീട് തനിച്ച് ആഘോഷിക്കില്ലെന്നാണ് പലും പങ്കുവെക്കുന്നത്.

അമിതമായ വിമാന നിരക്ക് വർധന മൂലം ഇത്തവണ കൂടുതൽ കുടുംബങ്ങൾ വിദേശത്ത് എത്തിയിട്ടില്ല. ഗൾഫിൽ സ്കൂളുകൾ തുറന്നതിനാൽ ഓണാഘോഷത്തിന് നാട്ടിലേക്കു പോകാൻ സാധിക്കാത്തവരും ഏറെ.

ഗൾഫ് രാജ്യങ്ങളിൽ വാരാന്ത്യ അവധികൾ കേന്ദ്രീകരിച്ച് സംഘടനകളുടെയും കൂട്ടായ്മകളുടെയും ഓണാഘോഷം മാസങ്ങളോളം നീണ്ടുനിൽക്കും. കടൽകടന്നെത്തിയ ബഹുവർണ പൂക്കളും തനി നാടൻ പഴങ്ങളും പച്ചക്കറികളും ആഘോഷത്തിനു നിറവേകും.

നാടിന്റെ തനിമ ആഘോഷങ്ങളിൽ നിറയ്ക്കാൻ ഓരോ കുടുംബവും കൂട്ടായ്മകളും മത്സരിക്കുന്ന കാഴ്ച പ്രവാസികൾക്കിടയിൽ മാത്രമേ കാണാനാകൂ.

എല്ലാ മലയാളികൾക്കും മലയാളം ന്യൂസ് ഡെസ്കിൻ്റെ ഓണാശംസകൾ !

 

Share
error: Content is protected !!