പൗരത്വ ഭേദഗതി നിയമം; മുസ്ലീങ്ങൾ അല്ലാത്തവർക്ക് കൂടുതൽ ഇളവുമായി കേന്ദ്രം
ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിൽ മുസ്ലിം ഇതര വിഭാഗങ്ങൾക്ക് കൂടുതൽ ഇളവുമായി കേന്ദ്രം. പുതുക്കിയ വിജ്ഞാപനമനുസരിച്ച് 2024 ഡിസംബർ 31ന് മുമ്പ് ഇന്ത്യയിലെത്തിയ ഹിന്ദുക്കൾ, സിഖുകാർ, ബുദ്ധമതക്കാർ, ജൈനർ, പാർസികൾ, അഫ്ഗാനിസ്താനിൽ നിന്നും പാക്കിസ്താൻ, ബംഗ്ളാദേശ് എന്നിവിടങ്ങളിൽ നിന്നും വന്ന ക്രിസ്ത്യാനികൾ എന്നിവർക്ക് പാസ്പോർട്ട് അടക്കം മതിയായ രേഖകളില്ലെങ്കിലും രാജ്യത്ത് തുടരാം.
കൂടാതെ പൗരത്വ ഭേദഗതി നിയമത്തിൽ സമയ പരിധിയിലും കേന്ദ്ര സര്‍ക്കാര്‍ ഇളവ് അനുവദിച്ചു.
അതേസമയം, സിഎഎ നിയമം ഭേദഗതി ചെയ്തെന്ന് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത് കേന്ദ്രമന്ത്രി സുകന്ത മജൂംദാർ ഡിലീറ്റ് ചെയ്തു. സിഎഎ നിയമത്തിൽ മാറ്റം വരുത്താൻ പാർലമെൻ്റിനെ സാധിക്കൂ എന്ന് തൃണമൂൽ കോൺഗ്രസ്, കേന്ദ്രമന്ത്രി വ്യാജവാർത്ത പ്രചരിപ്പിക്കുകയാണെന്ന് സാകേത് ഗോഖലെ പറഞ്ഞു.
പൗരത്വ ഭേദഗതി നിയമം അനുസരിച്ച്, 2014 ഡിസംബര്‍ 31 നോ അതിന് മുമ്പോ ഇന്ത്യയില്‍ എത്തിയ രേഖകളില്ലാത്ത മുസ്ലീം ഇതര മതന്യൂനപക്ഷങ്ങള്‍ക്ക് മാത്രമാണ് ഇതുവരെ പൗരത്വത്തിന് അപേക്ഷിക്കാന്‍ സാധിച്ചിരുന്നത്. എന്നാല്‍, പുതിയ വിജ്ഞാപനത്തിലൂടെ ഈ കാലാവധി പത്ത് വര്‍ഷം കൂടി നീട്ടിക്കൊണ്ട് 2024 ഡിസംബര്‍ 31 ആക്കി മാറ്റിയിരിക്കുകയാണ്.
പശ്ചിമ ബംഗാളിലും ബിഹാറിലും തെരഞ്ഞെടുപ്പടുക്കവേയാണ് കേന്ദ്രത്തിൻറെ നിർണായക നടപടി. 2025-ൽ നടപ്പിലാക്കിയ ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്സ് നിയമപ്രകാരമാണ് ഉത്തരവ്.
‘അഫ്ഗാനിസ്താൻ, ബംഗ്ലാദേശ്, പാകിസ്താൻ എന്നിവിടങ്ങളിലെ ന്യൂനപക്ഷ സമുദായത്തിൽപ്പെട്ട ഹിന്ദുക്കൾ, സിഖുകാർ, ബുദ്ധമതക്കാർ, ജൈനന്മാർ, പാർസികൾ, ക്രിസ്ത്യാനികൾ എന്നിവർ മതപരമായ വിവേനചമോ മതപീഢനത്തെയോ തുടർന്ന് ഇന്ത്യയിൽ അഭയം പ്രാപിക്കാൻ നിർബന്ധിതരായി. ഇത്തരക്കാരിൽ 2024 ഡിസംബർ 31നോ അതിന് മുമ്പോ പാസ്പോർട്ട് അടക്കം മതിയായ രേഖകളോടെയോ, രേഖകളില്ലാതെയോ, കാലഹരണപ്പെട്ട രേഖകളുമായോ എത്തിയവർക്ക് നിലവിലെ നിയമമനുസരിച്ച് മതിയായ രേഖകൾ കൈവശമുണ്ടാവണമെന്ന ചട്ടത്തിൽ ഇളവ് അനുവദിക്കുന്നു.’- ആഭ്യന്തര മന്ത്രാലയം ഉത്തരവിൽ വ്യക്തമാക്കി.
പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ എന്നീ അയൽ രാജ്യങ്ങളിൽനിന്ന് 2014 ഡിസംബർ 31നുമുമ്പ് ഇന്ത്യയിലേക്ക് കുടിയേറുകയും ചുരുങ്ങിയത് അഞ്ചു വർഷമെങ്കിലും ഇന്ത്യയിൽ താമസിക്കുകയും ചെയ്ത ഹിന്ദു, ജൈന, ബുദ്ധ, പാർസി, ക്രൈസ്തവ, സിഖ് മതക്കാർക്ക് എളുപ്പത്തിൽ ഇന്ത്യൻ പൗരത്വം നൽകുന്നതാണ് പൗരത്വ നിയമ ഭേദഗതി.


