ചെരിപ്പിനുള്ളിൽ നിന്ന് പാമ്പ് കടിയേറ്റ സംഭവം: കടിച്ചത് അണലിക്കുഞ്ഞ്, ഒളിച്ചത് ‘ക്ലോഗ്’ മോഡൽ ചെരിപ്പിൽ; മരണകാരണം എന്ത്? പൊലീസ് അന്വേഷണം തുടങ്ങി

ബെംഗളൂരു: ചെരിപ്പിൽ കയറിയ പാമ്പിന്റെ കടിയേറ്റു ബെംഗളൂരുവിൽ ഐടി ജീവനക്കാരൻ മരിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ബന്നാർഘട്ട പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തു. മരണകാരണം പാമ്പു കടിയേറ്റതു തന്നെയാണോ എന്ന് അന്വേഷിക്കുമെന്ന് ബന്നാർഘട്ട പൊലീസ് പറഞ്ഞു. സംഭവത്തിൽ ബന്ധുക്കളോ മറ്റാരുമോ പരാതി നൽകിയിട്ടില്ല. ഐടി ജീവനക്കാരനായ മഞ്ജുപ്രകാശ് (41) ആണ് കഴിഞ്ഞ ദിവസം മരിച്ചത്.

ഒളിച്ചത് ക്ലോഗ് മോഡൽ ചെരിപ്പിൽ, കടിച്ചത് അണലിക്കുഞ്ഞ്

സിഎസിലെ ജീവനക്കാരനായ മഞ്ജുപ്രകാശ് ക്ലോഗ് മോഡൽ ചെരിപ്പാണ് ഉപയോഗിച്ചിരുന്നത്. ഹാഫ് ഷൂ പോലെയാണ് ക്ലോഡ് മോഡൽ ചെരിപ്പുകളുടെ ആകൃതി. വിരലുകളുടെ ഭാഗവും പാദഭാഗവും കവർ ചെയ്ത് ഇരിക്കും. ഇതിൽ പാമ്പു കയറിയിരുന്നാൽ അറിയില്ല. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.45ഓടെയാണ് ബന്നാർഘട്ട രംഗനാഥ ലേയൗട്ടിലെ വീട്ടിൽ നിന്നു ചെരിപ്പിട്ട് ഇറങ്ങിയതെന്ന് അനുജൻ ഹരീഷ് പറഞ്ഞു. ചെരിപ്പ് വീടിനു പുറത്തു കിടക്കുകയായിരുന്നു. കരിമ്പിൻ ജ്യൂസ് വാങ്ങാനാണ് പുറത്തുണ്ടായിരുന്ന ചെരിപ്പിട്ട് പോയത്. ഈ സമയത്താകും കടിച്ചതെന്നു കരുതുന്നു.

ഏറെ സമയം ചെരിപ്പിട്ടു നടന്നിട്ടും കടിയേറ്റിട്ടും ഇക്കാര്യം മഞ്ജുപ്രകാശ് അറിഞ്ഞിരുന്നില്ല. തിരികെ വീട്ടിലെത്തി കിടന്നുറങ്ങിയതിനു പിന്നാലെയാണ് ദാരുണ മരണം. തിരിച്ചു വന്നപ്പോഴും പ്രത്യേകിച്ചൊന്നും സംഭവിച്ചതായി പറഞ്ഞില്ല. അമ്മയ്ക്കായി വാങ്ങിയ ജ്യൂസ് സഹോദരന്റെ ഭാര്യയെ ഏൽപ്പിച്ച ശേഷം ഉറങ്ങാൻ കിടന്നു. പുറത്ത് അഴിച്ചിട്ടിരിക്കുന്ന ചെരിപ്പിനുള്ളിൽ പാമ്പു ചത്തുകിടക്കുന്നത് ജോലിക്കാരിൽ ഒരാൾ കണ്ടത് ഒരു മണിക്കൂർ കഴിഞ്ഞപ്പോഴാണ്. അണലിക്കുഞ്ഞായിരുന്നു ഉള്ളിലുണ്ടായിരുന്നത്. ഉടൻ വീട്ടുകാരെ അറിയിച്ചു. മഞ്ജുപ്രകാശിന്റെ മുറിയിലെത്തി നോക്കിയപ്പോൾ ബോധംകെട്ടു കിടക്കുന്ന നിലയിലാണു കണ്ടത്. മൂക്കിൽ നിന്നു ചോരയും വായിൽ നിന്ന് നുരയും വരുന്നുണ്ടായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.

2016ൽ ബസ് അപകടത്തിൽ പരുക്കേറ്റതിനെ തുടർന്നു മഞ്ജുപ്രകാശിന്റെ കാലിൽ ശസ്ത്രക്രിയ ചെയ്തിരുന്നു. ഇതിന് ശേഷം ഈ കാലിൽ സ്പർശനശേഷി കുറഞ്ഞു. ഈകാലിലാണ് പാമ്പു കയറിയ ചെരിപ്പു ധരിച്ചതും. ഇതാവാം അണലിയുടെ കടിയേറ്റിട്ടും അറിയാതെ പോയതിനു പിന്നിലെന്നാണു കുടുംബം കരുതുന്നത്. ഭാര്യയും രണ്ടു കുഞ്ഞുങ്ങളുമാണ് ഇദ്ദേഹത്തിനുള്ളത്. അച്ഛനും അമ്മയും സഹോദരന്റെ കുടുംബവും ഇവർക്കൊപ്പമാണ് താമസം.

Share
error: Content is protected !!