ഗര്‍ഭച്ഛിദ്രത്തിന് വിധേയരായത് 2 പേര്‍; രാഹുലിനെതിരെ ക്രൈംബ്രാഞ്ചിന് നിര്‍ണായക വിവരം
പാലക്കാട്: പാലക്കാട് എംഎല്‍എയും മുന്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനുമായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണങ്ങളില്‍ ക്രൈംബ്രാഞ്ചിന് നിര്‍ണായകവിവരങ്ങള്‍ ലഭിച്ചു. രണ്ട് യുവതികള്‍ ഗർഭച്ഛിദ്രത്തിന് വിധേയരായതായാണ് പുറത്തുവരുന്ന വിവരം. ആദ്യ ഗർഭച്ഛിദ്രത്തിന് ഇരയായ യുവതിയും ബന്ധുവും രണ്ടാമത്തെ യുവതിയെ സഹായിച്ചുവെന്നും വിവരമുണ്ട്.
നേരത്തേ രാഹുൽ മാങ്കൂട്ടത്തിലിന്റെ പേരിൽ പരാതിനൽകിയ രാഷ്ട്രീയക്കാർ ഉൾപ്പെടെയുള്ളവരിൽനിന്നും മൊഴിയെടുത്തിരുന്നു. നിർബന്ധിത ഗർഭച്ഛിദ്രം നടത്തിയെന്ന ആരോപണത്തിൽ കേസെടുക്കണമെന്നാവശ്യപ്പെട്ട് പരാതിപ്പെട്ട അഭിഭാഷകനിൽനിന്ന് മൊഴിയെടുത്തു. പരാതിനൽകിയിരുന്ന കേരള കോൺഗ്രസ് നേതാവ് എ.എച്ച്. ഹഫീസിൽനിന്ന് നേരത്തേ മൊഴിയെടുത്തിരുന്നു. ആരോപണമുന്നയിച്ചവർ ആരും ഇതുവരെ നേരിട്ട് പരാതികൾ നൽകിയിട്ടില്ല.
രാഹുൽ മാങ്കൂട്ടത്തിലിനെതിരേ പുറത്തുവന്ന ശബ്ദസന്ദേശം അദ്ദേഹത്തിന്റേതാണെന്ന് കണ്ടെത്താൻ ശാസ്ത്രീയപരിശോധന വേണ്ടിവരും. റെക്കോഡ്ചെയ്യപ്പെട്ട ഇലക്‌ട്രോണിക് മാധ്യമം ആരോപണമുന്നയിച്ച യുവതിയുടെ പക്കലാണെങ്കിൽ അത് പരിശോധനയ്ക്ക് ലഭ്യമാക്കാനാകില്ല. അവർ പരാതിക്കാരിയല്ലാത്തതാണ് കാരണം. അതേസമയം വിവരങ്ങൾ സ്പീക്കറെ ക്രൈംബ്രാഞ്ച് അറിയിച്ചിട്ടുണ്ട്. 15-ന് നിയമസഭാസമ്മേളനം തുടങ്ങാനിരിക്കെയാണിത്.


