‘നിന്നെ കൊന്നിട്ടേ ഞാൻ പോകൂ, ജീവിക്കാൻ വിടില്ല’: ഷാർജയിൽ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ മലയാളി യുവതി ഭർത്താവിൽ നിന്ന് നേരിട്ടത് കൊടുംപീഡനം, ദൃശ്യങ്ങൾ പുറത്ത് – വീഡിയോ
കൊല്ലം: ഷാര്‍ജയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ അതുല്യയെ ഭര്‍ത്താവ് സതീഷ് ശങ്കര്‍ ഉപദ്രവിക്കുന്നതും ചീത്തവിളിക്കുന്നതുമായ പുതിയ ദൃശ്യങ്ങള്‍ പുറത്ത്. കേസിലെ ഒന്നാം പ്രതിയായ സതീഷ് ശങ്കര്‍ അതുല്യയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയാണ്. മദ്യപിച്ചാണ് സതീഷ് സംസാരിക്കുന്നത്. നിന്നെ ഞാന്‍ എവിടെയും വിടില്ല. കുത്തി മലര്‍ത്തി സതീഷ് ജയിലില്‍ പോയി കിടക്കും. ഞാനില്ലാതെ നിനക്ക് ജീവിക്കാനാകില്ല. ജീവിക്കാന്‍ സമ്മതിക്കില്ല. ക്വട്ടേഷന്‍ നല്കിയാണെങ്കിലും നിന്നെ കൊല്ലും. അതിന് എന്റെ ഒരു മാസത്തെ ശമ്പളം പോലും വേണ്ട എന്ന് സതീഷ് പറയുന്നു.
വിവാഹം കഴിഞ്ഞ സമയം മുതല്‍ പ്രശ്നങ്ങളായിരുന്നു. അതുല്യയുടെ പതിനെട്ടാം വയസ്സിലായിരുന്നു വിവാഹം. വഴക്കിന് ശേഷം സതീഷ് പലപ്പോഴും മാപ്പ് പറഞ്ഞ് പ്രശ്നങ്ങള്‍ രമ്യതയിലെത്തിക്കുകയായിരുന്നു പതിവ്. അതുല്യയ്ക്ക് സതീഷിനോട് വലിയ സ്നേഹമായിരുന്നുവെന്നും സുഹൃത്ത് പറയുന്നു. അതുല്യയുടെ വീട്ടുകാര്‍ പലപ്പോഴും ബന്ധമൊഴിയാന്‍ പറഞ്ഞിരുന്നുവെങ്കിലും സതീഷ് മാപ്പ് പറഞ്ഞ് സമീപിക്കുന്നതോടെ അതുല്യ അയാളോടൊപ്പം പോകുകയായിരുന്നുവെന്നും സുഹൃത്ത് കൂട്ടിച്ചേര്‍ത്തു. സതീഷിന് മദ്യപാനം പതിവായിരുന്നു. സതീഷും അതുല്യയും തമ്മില്‍ വലിയ പ്രായവ്യത്യാസം ഉണ്ടായിരുന്നതായും അതും സതീഷിന് പ്രശ്നമായിരുന്നുവെന്നാണ് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നത്. പുതിയ ജോലിയില്‍ പ്രവേശിക്കാനിരിക്കെയാണ് മരണം. സംഭവത്തിന് പിന്നാലെ ഷാര്‍ജയിലെ സ്വകാര്യ കമ്പനിയില്‍ സൈറ്റ് എഞ്ചിനീയറായ ഭര്‍ത്താവ് ശാസ്താംകോട്ട സ്വദേശി സതീഷിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു.
ഷാര്‍ജയിലെ നടപടികള്‍ക്ക് ശേഷം നാട്ടിലേക്ക് തിരിച്ച സതീഷിനെ വിമാനത്താവളത്തില്‍ വച്ച് വലിയതുറ പോലീസ് അറസ്റ്റ് ചെയ്യുകയും ജാമ്യത്തില്‍ വിടുകയും ചെയ്തു.


