നാട്ടിലേക്കുള്ള വിമാനയാത്രയ്ക്ക് മണിക്കൂറുകൾക്ക് മുൻപ് വാഹനാപകടം; മലയാളിയുടെ വിയോഗത്തിൽ തേങ്ങി സൗദിയിലെ പ്രവാസികൾ

ജിസാൻ: നാട്ടിലേക്ക് അവധിക്ക് പോകാനിരുന്നതിന്റെ തലേദിവസം ജിസാനിൽ വാഹനാപകടത്തിൽ മരിച്ച പ്രവാസി മലയാളിക്ക് വൻ ജനാവലിയുടെ സാന്നിധ്യത്തിൽ പ്രവാസ ലോകം വിട ചൊല്ലി. അബുഅരീഷിന് സമീപം വാസലിയിലുണ്ടായ ദാരുണമായ റോഡപകടത്തിലാണ് മലപ്പുറം മഞ്ചേരി ആനക്കയം കോർമത്ത് വീട്ടിൽ റിയാസ് ബാബു (47) മരിച്ചത്. അവധിക്ക് നാട്ടിൽ പോകാനിരുന്ന ദിവസം താമസസ്ഥലത്തിനടുത്ത് വച്ച് വാഹനമിടിച്ച് റിയാസ് അവിചാരിതമായി വിടവാങ്ങിയ സംഭവം ജിസാനിലെ പ്രവാസി സമൂഹത്തിന് നൽകിയത് തീരാവേദനയായിരുന്നു.

അബുഅരീഷ് കിങ് ഫഹദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം വാസലിയിൽ കൊണ്ടുവന്നപ്പോൾ സുഹൃത്തുക്കളും സഹപ്രവർത്തകരും ജിസാനിലെ വിവിധ സാമൂഹിക സംഘടനാ നേതാക്കളും പ്രവർത്തകരും സ്വദേശികളും വിദേശികളുമടക്കം വലിയൊരു ജനാവലി എത്തിയിരുന്നു. റിയാസ് ബാബുവിന്റെ ഭാര്യ സഹോദരി പുത്രൻ ജസീൽ, സഹപ്രവർത്തകനായ അബ്ദു സമീർ കൊടുവള്ളി, ‘ജല’ പ്രവർത്തകരും ഖബറടക്ക ചടങ്ങുകൾക്ക് നേതൃത്വം നൽകി. ഇന്നലെ വൈകുന്നേരം വാസലി അബ്ദുള്ള ബിൻ അൽമുഹൈദബ് മസ്ജിദിൽ നടന്ന മയ്യിത്ത് നമസ്കാരത്തിനു ശേഷം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ വാസലി ഖബർസ്ഥാനിൽ മൃതദേഹം ഖബറടക്കി. മുസ്തഫ സഅദി പ്രാർത്ഥനക്ക് നേതൃത്വം നൽകി.
.
ഈ മാസം 21ന് രാത്രി പതിനൊന്നരയോടെ വാസലിയിലാണ് അപകടമുണ്ടായത്. റോഡിലൂടെ താമസസ്ഥലത്തേക്ക് നടന്നു പോകുകയായിരുന്ന റിയാസിനെ പിന്നിൽ നിന്നുവന്ന കാർ ഇടിച്ച് തലയ്ക്കും ശരീരത്തിനും ഗുരുതരമായി പരുക്കേറ്റു. അബൂഅരീഷ് കിങ് ഫഹദ് സ്പെഷാലിറ്റി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ വെച്ച് ഓഗസ്റ്റ് 22 പുലർച്ചെ മൂന്നിന് മരിച്ചു. പിറ്റേദിവസം ജിസാനിൽ നിന്ന് എയർ അറേബ്യ വിമാനത്തിൽ ഷാർജ വഴി കോഴിക്കോട്ടേക്ക് പോകാനിരിക്കെയാണ് അപകടത്തെ തുടർന്ന് മരിച്ചത്.

കഴിഞ്ഞ 18 വർഷമായി ജിസാനിൽ ജോലി ചെയ്യുന്ന റിയാസ് ബാബു വാസലിയിൽ സൂപ്പർമാർക്കറ്റ് ജീവനക്കാരനായിരുന്നു. എട്ടു മാസം മുമ്പാണ് നാട്ടിൽ പോയിവന്നത്. ‘ജല’യുടെ സജീവ പ്രവർത്തകനായിരുന്ന റിയാസ് കോവിഡ് കാലത്ത് ജിസാൻ ബെയിഷിൽ ശ്രദ്ധേയമായ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. മലയാളികളും സ്വദേശികളും വിദേശികളുമടക്കം വലിയൊരു സുഹൃദ് വലയത്തിനുടമയായിരുന്നു.
മുഹമ്മദ് കോർമത്ത്, സുഹ്‌റ എന്നിവരാണ് മാതാപിതാക്കൾ. ഭാര്യ: പി. ഷാഹിന. മക്കൾ: ഹാനിയ, ഹനാൻ, ഹന (വിദ്യാർഥികൾ).
.
‘ജല’ കേന്ദ്ര കമ്മിറ്റി ഭാരവാഹികളായ സലാം കൂട്ടായി, സണ്ണി ഓതറ, സലിം മൈസൂർ, അന്തുഷ ചെട്ടിപ്പടി യൂണിറ്റ് ഭാരവാഹികളായ അഷറഫ് പാണ്ടിക്കാട്, ബാബു മഞ്ചേരി, സുലൈ കൊട്ടാരം എന്നിവരാണ് മൃതദേഹം ഖബറടക്കുന്നതിനുള്ള എല്ലാ സഹായങ്ങളും ചെയ്തത്. ഇന്ത്യൻ കോൺസുലേറ്റ് സാമൂഹിക ക്ഷേമസമിതി അംഗം താഹ കൊല്ലേത്തിന്റെ നേതൃത്വത്തിലാണ് നിയമനടപടികൾ പൂർത്തിയാക്കിയത്. ‘ജല’ നേതാക്കളായ ഡോ.രമേശ് മൂച്ചിക്കൽ, നൗഷാദ് പുതിയതോപ്പിൽ, വിപിൻ, സഞ്ജീവൻ ചെങ്ങന്നൂർ, ഐ.സി.എഫ് സൗദി ദേശീയ സെക്രട്ടറി സിറാജ് കുറ്റ്യാടി, താഹ കിണാശ്ശേരി, മുഹമ്മദ് സ്വാലിഹ് കാസർകോട്, അനസ് ജൗഹരി, സുഹൈൽ സഖാഫി, തനിമ രക്ഷാധികാരി മുഹമ്മദ് ഇസ്മായിൽ മാനു എന്നിവരടക്കം നിരവധി സാമൂഹിക സംഘടനാ നേതാക്കളും പ്രവർത്തകരും ഖബറടക്കത്തിന് എത്തിയിരുന്നു.

Share
error: Content is protected !!