ഇസ്രയേല്‍ ആക്രമണത്തില്‍ പ്രധാനമന്ത്രിയും മന്ത്രിമാരും കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഹൂതികള്‍
സനാ: യെമെനിലെ ഹൂതി വിമതര്‍ നയിക്കുന്ന സര്‍ക്കാരിലെ പ്രധാനമന്ത്രി അഹമ്മദ് അല്‍ റഹാവി ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. അഹമ്മദ് അല്‍ റഹാവിക്കൊപ്പം മന്ത്രിമാരും കൊല്ലപ്പെട്ടതായി ഹൂതി വിമതര്‍ പ്രസ്താവനയില്‍ അറിയിച്ചു. യെമെന്‍ തലസ്ഥാനമായ സനായില്‍ വ്യാഴാഴ്ച ഇസ്രയേല്‍ നടത്തിയ ആക്രമണത്തിലാണ് ഇറാന്റെ പിന്തുണയുള്ള സായുധസംഘടനയായ ഹൂതികളുടെ നേതൃനിരയിലെ പ്രധാനികള്‍ കൊല്ലപ്പെട്ടതെന്ന് യെമെനി ചാനലായ അല്‍ ജുംഹുറിയ റിപ്പോര്‍ട്ടുചെയ്തിരുന്നു. എന്നാല്‍, ഹൂതി വിമതരുടെ ഭാഗത്തുനിന്നും ഇസ്രയേല്‍ പ്രതിരോധ സേനയുടെ ഭാഗത്തുനിന്നും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിരുന്നില്ല. (ചിത്രത്തിൽ കൊല്ലപ്പെട്ട അഹമ്മദ് അല്‍ റഹാവി)
ഒരാഴ്ചയ്ക്കിടെ, യെമെനിലുണ്ടാകുന്ന രണ്ടാമത്തെ ഇസ്രയേല്‍ ആക്രമണമായിരുന്നു വ്യാഴാഴ്ചത്തേത്. സനായിലെ അപ്പാര്‍ട്ട്മെന്റിനുനേരെയുണ്ടായ ആക്രമണത്തിലാണ് റഹാവിയും അനുയായികളും മരിച്ചത്. ഇവിടെ പത്തോളം ഹൂതി മന്ത്രിമാരും സൈനികനേതാക്കളും യോഗം ചേരുന്നെന്ന രഹസ്യാന്വേഷണവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇസ്രയേല്‍ ആക്രമണം നടത്തിയതെന്നാണ് സൂചന. ഹൂതികളുടെ പരമോന്നതനേതാവ് അബ്ദുള്‍ മാലിക് അല്‍ ഹൂതിയുടെ പ്രസംഗം കേള്‍ക്കാനാണ് ഇവര്‍ ഒത്തുകൂടിയതെന്നും പറയപ്പെടുന്നു. ഉന്നതയോഗം നടക്കുന്നതിനാല്‍ മേഖലയില്‍ ഹൂതികള്‍ കനത്ത വ്യോമപ്രതിരോധസംവിധാനമേര്‍പ്പെടുത്തിയിരുന്നു. ഇതിനെ നിര്‍വീര്യമാക്കിയാണ് രഹസ്യാന്വേഷണവിഭാഗവും ഇസ്രയേല്‍ സൈന്യവും കൃത്യതയാര്‍ന്ന ആക്രമണം നടത്തിയതെന്ന് ഇസ്രയേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.
2014-ല്‍ ആഭ്യന്തരയുദ്ധം തുടങ്ങിയയുടന്‍ തലസ്ഥാനമായ സനാ ഹൂതികള്‍ പിടിച്ചിരുന്നു. നിലവില്‍ സനാ ഉള്‍പ്പെടെയുള്ള വടക്കന്‍ പ്രദേശങ്ങള്‍ ഭരിക്കുന്നത് ഇവരാണ്. അതേസമയം, തെക്ക് ഏഡന്‍ ആസ്ഥാനമാക്കി പ്രവാസത്തില്‍ കഴിയുന്ന പ്രസിഡന്റ് റഷാദ് അല്‍ അലീമിയുടെ സര്‍ക്കാരിനാണ് അന്താരാഷ്ട്രതലത്തില്‍ അംഗീകാരമുള്ളത്.
ഇറാന്റെ റെവലൂഷണറി ഗാര്‍ഡ് കോറുമായും ലെബനനിലെ സായുധസംഘടനയായ ഹിസ്ബുള്ളയുമായും അടുത്ത ബന്ധമുണ്ടായിരുന്നയാളാണ് ഹൂതി പ്രതിരോധമന്ത്രി അത്താഫി. ഇസ്രയേലിനെതിരേയുള്ള ഹൂതി ആക്രമണങ്ങളില്‍ നേരിട്ട് പങ്കാളിയായിരുന്നു. ജൂണില്‍ ഇറാന്‍-ഇസ്രയേല്‍ യുദ്ധം നടക്കവേ, യെമെനിലുണ്ടായ ഇസ്രയേല്‍ ആക്രമണത്തില്‍ ഖമാരിക്ക് സാരമായി പരിക്കേറ്റിരുന്നു.
2023 ഒക്ടോബര്‍ ഏഴിന് ഗാസയില്‍ യുദ്ധം തുടങ്ങിയശേഷം ഹമാസിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച ഹൂതികള്‍ ചെങ്കടലിലൂടെ പോകുന്ന വാണിജ്യകപ്പലുകളെ നിരന്തരം ആക്രമിച്ചുവരുന്നു. 100-ലേറെ കപ്പലുകളെ ഇതുവരെ ആക്രമിച്ചു. ഹൂതികള്‍ വെടിനിര്‍ത്തലിന് സമ്മതിച്ചെന്ന് ഈയിടെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെട്ടിരുന്നു.


