ഓണാവധിക്കായി നാട്ടിലെത്തിയ മലയാളി കുഴഞ്ഞു വീണു മരിച്ചു
കോട്ടയം: ഓണാവധിക്കായി കുടുംബമായി നാട്ടിലെത്തിയ യുകെ മലയാളി കുഴഞ്ഞു വീണു മരിച്ചു. യുകെയിലെ സോമർസെറ്റ് യോവിലിൽ കുടുംബമായി താമസിച്ചിരുന്ന വിശാഖ് മേനോൻ (46) ആണ് വിട പറഞ്ഞത്. ഹൃദയാഘാതത്തെ തുടർന്നാണ് മരണം സംഭവിച്ചത് എന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ചങ്ങനാശ്ശേരി സ്വദേശിയാണ് വിശാഖ് മേനോൻ. യോവിൽ എൻഎച്ച്എസ് ട്രസ്റ്റിലെ നഴ്സായ രശ്മി നായരാണ് ഭാര്യ. മകൻ: അമൻ. പെരുന്ന അമൃതവർഷിണിയിൽ ഗോപാലകൃഷ്ണ മേനോനും ശ്രീകലയുമാണ് മാതാപിതാക്കൾ. കഴിഞ്ഞ ദിവസം രാവിലെ കോട്ടയം പൂവന്തുരുത്തിലെ ഭാര്യ വീട്ടിൽ വച്ചായിരുന്നു അന്ത്യം.
യോവിൽ ഹിന്ദു സമാജം എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം, സോമർസെറ്റ് മലയാളി കൾച്ചറൽ അസ്സോസിയേഷൻ അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു. യുക്മയുടെ മുൻ അസോസിയേഷൻ പ്രതിനിധിയായിരുന്നു. ഏറെ നാളായി യോവിലിൽ താമസിച്ചിരുന്ന വിശാഖ് പുതിയ ജോലി കിട്ടിയതിനെ തുടർന്ന് യുകെയിലെ തന്നെ ഷെഫീൽഡ് എന്ന സ്ഥലത്തേക്ക് മാറുന്നതിനുള്ള ഒരുക്കത്തിലായിരുന്നു. അതിനു മുൻപായി നാട്ടിലെത്തി ബന്ധുക്കളെ സന്ദർശിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി മരിച്ചത്.
സംസ്കാരം ഇന്ന് രാത്രി ഒൻപതിന് കൊല്ലം വള്ളിക്കാവ് അമൃതപുരിയിൽ വച്ച് നടക്കും.


