പൊലീസിനു നേരെ തീപ്പന്തം; ഷാഫി പറമ്പിലിനെ വടകരയിൽ തടഞ്ഞതിൽ പ്രതിഷേധം, യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം – വിഡിയോ

തിരുവനന്തപുരം: ∙ ഷാഫി പറമ്പില്‍ എംപിയെ വടകരയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ്ഹൗസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസിനു നേരെ പ്രവർത്തകർ തീപ്പന്തം എറിഞ്ഞു. പൊലീസ് ജല പീരങ്കിയും ലാത്തിചാര്‍ജും നടത്തി. രണ്ടു തവണ ജലപീരങ്കി പ്രയോഗിച്ചു. പൊലീസിനു നേരെ പ്രവർത്തകർ കല്ലേറും നടത്തി.

ഇന്ന് ഉച്ചയോടെയാണ് വടകരയിൽ ഷാഫി പറമ്പിലിനെ ഡിവൈഎഫ്ഐ പ്രവർത്തകർ തടഞ്ഞത്. ‘രാഹുൽ മാങ്കൂട്ടത്തിലിനു സംരക്ഷണമൊരുക്കിയില്ലേ’ എന്ന മുദ്രാവാക്യവുമായാണ് ഡിവൈഎഫ്ഐ പ്രവർത്തകർ ഷാഫിയുടെ കാർ തടഞ്ഞത്. കാറിൽനിന്നിറങ്ങിയ ഷാഫി രൂക്ഷമായി പ്രതികരിച്ചതോടെ പൊലീസ് ഷാഫിക്കും ഡിവൈഎഫ്ഐ പ്രവർത്തകർക്കുമിടയിൽ നിരന്നു. തെറി പറഞ്ഞാൽ കേട്ടുനിൽക്കില്ലെന്നും ആരെയും പേടിച്ചു പോകില്ലെന്നുമായിരുന്നു എന്ന് കാറിൽ നിന്നിറങ്ങിയ ഷാഫിയുടെ പ്രതികരണം. ‘‘അതിനു വേറെ ആളെ നോക്കണം, നായേ, പട്ടീ എന്നൊക്കെ വിളിച്ചാൽ കേട്ടുനിൽക്കുമെന്നു കരുതേണ്ട. സമരം ചെയ്യാനുള്ള അവകാശം മാനിക്കുന്നു. ധൈര്യമുണ്ടെങ്കിൽ, ആർജവമുണ്ടെങ്കിൽ പിണറായി വിജയനെതിരെ സമരം ചെയ്യ്.’’ എന്നും സമരക്കാരോട് ഷാഫി പറഞ്ഞു. ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധ മുദ്രാവാക്യവുമായി നിലകൊണ്ടതോടെ പൊലീസ് വലയത്തിൽ നിന്നിറങ്ങിയ ഷാഫി, കോൺഗ്രസ് പ്രവർത്തകർക്കൊപ്പം മാധ്യമപ്രവർത്തകരോടു പ്രതികരിച്ച ശേഷമാണ് മടങ്ങിയത്.

Share
error: Content is protected !!