ഒരാഴ്ചക്കിടെ ട്രംപ് വിളിച്ചത് 4 തവണ; കോളുകൾ നിരസിച്ച് നരേന്ദ്ര മോദി, സംസാരിക്കാൻ വിസമ്മതിച്ചതായി റിപ്പോർട്ട്
ന്യൂഡൽഹി: കഴിഞ്ഞ ഒരാഴ്ചക്കിടെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് 4 തവണ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിളിച്ചതായി റിപ്പോർട്ട്. നാല് തവണയും കോളുകൾ നിരസിച്ച മോദി, ട്രംപിനോട് സംസാരിക്കാൻ വിസമ്മതിച്ചു. ജർമ്മൻ പത്രമായ ഫ്രാങ്ക്ഫർട്ടർ ആൽജെമൈൻ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
വ്യാപാര തർക്കം രൂക്ഷമായിരിക്കെയാണ് ട്രംപിന്റെ കോളുകൾ മോദി നിരസിച്ചതെന്ന് ദേശീയ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു. റഷ്യയിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് എണ്ണ വാങ്ങുന്നുവെന്ന് ആരോപിച്ച് ഇന്ത്യയ്ക്ക് മേൽ 50 ശതമാനം താരിഫ് ചുമത്തിയ ഘട്ടത്തിലാണ് ട്രംപ് – മോദി സൗഹൃദം ഉലയുന്നതായ വിവരങ്ങളും പുറത്തുവരുന്നത്. ട്രംപ് പ്രഖ്യാപിച്ച പുതിയ തീരുവ നാളെ രാവിലെ മുതൽ നിലവിൽ വരികയാണ്.
ജൂൺ 17 നാണ് അവസാനമായി മോദിയും ട്രംപും ഫോണിൽ സംസാരിച്ചത്. അതിന് ശേഷം ഇരുനേതാക്കളും തമ്മിൽ യാതൊരു ആശയവിനിമയവും നടന്നിട്ടില്ലെന്നാണ് സൂചന. ട്രംപിന്റെ അഭ്യർഥന മാനിച്ചാണ് മോദി ഫോണിൽ സംസാരിച്ചതെന്ന് അന്ന് തന്നെ വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. ഏകദേശം 35 മിനിറ്റ് നേരം ഇരുവരും ഫോണിൽ സംസാരിച്ചിരുന്നു. പഹൽഗാം ഭീകരാക്രമണത്തിന് ശേഷമുള്ള ആദ്യ സംഭാഷണമായതിനാൽ ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ചാണ് മോദി അന്ന് ട്രംപുമായി സംസാരിച്ചത്.


