ആകാശ എയർ: കോഴിക്കോട്- ജിദ്ദ സർവീസ് ഉടനെയെന്ന് സൂചന, മുംബൈ-കോഴിക്കോട് സർവീസ് ഒക്ടോബറിൽ; പ്രതീക്ഷയിൽ പ്രവാസികൾ

കോഴിക്കോട്: ആകാശ എയർ മാസങ്ങൾക്കുള്ളിൽ തന്നെ കോഴിക്കോട്– ജിദ്ദ സെക്ടറിൽ സർവീസ് ആരംഭിക്കുമെന്ന് സൂചന. ഒക്ടോബർ ഒന്ന് മുതൽ മുംബൈ– കോഴിക്കോട് സർവീസ് നേരത്തേ പ്രഖ്യാപിച്ചിട്ടുണ്ട്. കരിപ്പൂരിൽ നിന്ന് സൗദി സെക്ടറിലേക്കുള്ള യാത്രക്കാരുടെ സാധ്യത കണക്കിലെടുത്താണ് ജിദ്ദ സർവീസ് ആരംഭിക്കാനുള്ള നീക്കം.

189 പേർക്ക് സഞ്ചരിക്കാവുന്ന ബോയിങ് 737 വിമാനമാണ് ആകാശ എയർ മുംബൈ– കോഴിക്കോട് സർവീസിന് ഉപയോഗിക്കുന്നത്. ഇതേ വിമാനങ്ങൾ തന്നെയായിരിക്കും ജിദ്ദ സർവീസിനും ഉപയോഗിക്കു. നിലവിൽ കൊച്ചി, ബെംഗളൂരു, മുംബൈ, അഹമ്മദാബാദ് എന്നിവിടങ്ങളിൽനിന്ന് ആകാശ എയർ ജിദ്ദയിലേക്കു സർവീസ് നടത്തുന്നുണ്ട്.

ശൃംഖലയിലെ 30-ാമത്തെ ലക്ഷ്യസ്ഥാനമായി കോഴിക്കോടിനെ ചേർക്കുന്നതിൽ സന്തോഷമുണ്ടെന്നും ആകാശ എയറിന്റെ വളർച്ചാ കഥയിലെ നാഴികക്കല്ലാണെന്നും കേരളത്തിൽ കണക്റ്റിവിറ്റി വിപുലീകരിക്കുമെന്നും ആകാശ എയർ സഹസ്ഥാപകനും ചീഫ് കൊമേഴ്സ്യൽ ഓഫിസറുമായ പ്രവീൺ അയ്യർ പറഞ്ഞു. ദൈനംദിന മുംബൈ-കോഴിക്കോട് സേവനം ഇന്ത്യയുടെ വാണിജ്യ തലസ്ഥാനവും മലബാര്‍ തീരവും തമ്മിലുള്ള കണക്റ്റിവിറ്റി വർധിപ്പിക്കുക മാത്രമല്ല, വ്യാപാരം, ടൂറിസം, സാമ്പത്തിക അവസരങ്ങൾ എന്നിവയ്ക്ക് ഉത്തേജകമായി പ്രവർത്തിക്കുകയും ചെയ്യും.

പ്രവർത്തനം ആരംഭിച്ച് ഏകദേശം മൂന്ന് വർഷത്തിനുള്ളിൽ ആകാശ എയർ 30 ലക്ഷ്യസ്ഥാനങ്ങളിലേക്ക് ശൃംഖല വിജയകരമായി വികസിപ്പിച്ചു. ആശ്രയിക്കാവുന്നതും താങ്ങാനാവുന്നതുമായ വ്യോമ കണക്റ്റിവിറ്റി ഉപയോഗിച്ച് രാജ്യത്തിന്റെ വൈവിധ്യമാർന്ന ഭൂമിശാസ്ത്രത്തെ ഒരുമിപ്പിക്കുന്നതിനുള്ള എയർലൈനിന്റെ പ്രതിബദ്ധതയെ ഇത് പ്രതിഫലിപ്പിക്കുകയും സിവിൽ ഏവിയേഷൻ ചരിത്രത്തിൽ അതിവേഗം വളരുന്ന എയർലൈൻ എന്ന സ്ഥാനം ശക്തിപ്പെടുത്തുകയും ചെയ്യുന്നതായി അദ്ദേഹം കൂട്ടിചേർത്തു.

Share
error: Content is protected !!