ദർഷിതയെ കൊലപ്പെടുത്തിയത് വായിൽ ഡിറ്റണേറ്റർ തിരുകി പൊട്ടിച്ച്, മുഖം ഇടിച്ചു വികൃതമാക്കി; ദർഷിത ആണ്‍സുഹൃത്തിനൊപ്പം പോയത് കുട്ടിയെ വീട്ടിലാക്കിയ ശേഷം
കണ്ണൂര്‍: കല്യാട്ടെ വീട്ടില്‍നിന്നു സ്വര്‍ണവുമായി കടന്നുകളഞ്ഞെന്ന് സംശയിക്കുന്ന മരുമകള്‍ ദര്‍ഷിതയെ (22) കർണാടകയിൽ ലോഡ്ജ് മുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ദർഷിതയെ അതിക്രൂരമായാണ് ആണ്‍സുഹൃത്തായ സിദ്ധരാജു (22) കൊലപ്പെടുത്തിയത്. ഇന്നലെയാണ് ദർഷിതയെ കർണാടക സാലിഗ്രാമിലെ ലോഡ്ജിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കല്യാട് ചുങ്കസ്ഥാനം സ്വദേശി എ.പി.സുഭാഷിന്റെ ഭാര്യയാണ് കൊല്ലപ്പെട്ട ദർഷിത.
പ്രതി സിദ്ധരാജുവിനെ സാലിഗ്രാം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ലോഡ്ജിൽവച്ച് ദർഷിതയും സിദ്ധരാജുവും തമ്മിൽ തർക്കമുണ്ടായതായി പൊലീസ് പറഞ്ഞു. തുടർന്ന് സിദ്ധരാജു, ദർഷിതയുടെ വായിൽ ബലമായി ഇലക്ട്രിക് ഡിറ്റനേറ്റർ തിരുകി വൈദ്യുതി കടത്തിവിട്ട് പൊട്ടിക്കുകയായിരുന്നു. ദർഷിത കൊല്ലപ്പെട്ടുവെന്ന് ഉറപ്പാക്കിയ സിദ്ധരാജു ഇവരുടെ മുഖം ഇടിച്ച് വികൃതമാക്കി.
കടം വാങ്ങിയ പണം തിരികെ ചോദിച്ചതും ഭർത്താവിന്റെ കൂടെ ഗൾഫിലേക്ക് പോകാൻ തീരുമാനിച്ചതുമാണ് സുഹൃത്ത് സിദ്ധരാജിനെ പ്രകോപിപ്പിച്ചത്. ദർഷിതയുടെ ഭർത്താവിന്റെ വീട്ടിൽ നിന്ന് കാണാതായ 30 പവൻ സ്വർണവും നാല് ലക്ഷം രൂപയും കണ്ടെത്താനായിട്ടില്ല. സുഹൃത്തിന്റെ നിര്‍ദേശപ്രകാരമാണ് സ്വര്‍ണവും പണവും ദര്‍ഷിത എടുത്തത്. പണം വീതം വെക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ തർക്കം നടന്നിട്ടുണ്ടാകാം എന്നാണ് പൊലീസ് കരുതുന്നത്. കസ്റ്റഡിയിലെടുത്ത സിദ്ധരാജിനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. മോഷണശ്രമത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്നതും പൊലീസ് അന്വേഷിച്ച് വരികയാണ്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് കല്യാട്ടെ വീട്ടിൽനിന്ന് 30 പവൻ സ്വർണവും നാലുലക്ഷം രൂപയും കവർച്ച പോയത്. വീട്ടുടമയായ സുമതി മരണാനന്തര ചടങ്ങിലും, ഇളയ മകൻ സൂരജ് ജോലിക്കും, മരുമകൾ ദർഷിത കുട്ടിക്കൊപ്പം കർണാടകയിലെ സ്വന്തം വീട്ടിലേക്കും പോയപ്പോഴായിരുന്നു മോഷണം. ദർഷിത തന്നെയാകാം സ്വർണം കവർന്നതെന്നായിരുന്നു പൊലീസിന്റെ നിഗമനം. കുട്ടിയെ കർണാടകയിലെ സ്വന്തം വീട്ടിലാക്കിയ ശേഷമാണ് ദർഷിത ആൺസുഹൃത്തിനൊപ്പം ലോഡ്ജിലേക്ക് പോയത്.
മോഷണക്കേസിൽ അന്വേഷണം ആരംഭിച്ച പൊലീസിന് വീട്ടിലേക്ക് പുറത്തുനിന്നാരും അതിക്രമിച്ചു കടന്നതിന്റെ ലക്ഷണങ്ങളൊന്നും കണ്ടെത്താൻ സാധിച്ചിരുന്നില്ല. കര്‍ണാടകയിലേക്ക് പോയ ദര്‍ഷിതയെ പൊലീസ് പലതവണ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും സാധിച്ചില്ല. ഇതോടെയാണ് ദര്‍ഷിതയുടെമേല്‍ സംശയം ഉയർന്നത്. ഇതിനു പിന്നാലെയാണ് ദർഷിത കൊല്ലപ്പെട്ട വിവരം കര്‍ണാടക പൊലീസ് ഇരിട്ടി പൊലീസിനെ അറിയിച്ചത്.


