രാഹുല്‍ വിഷയം ഗൗരവതരം, വൈകാതെ പാര്‍ട്ടിയുടെ തീരുമാനം അറിയിക്കുമെന്ന് കെ.സി; ‘പ്രവര്‍ത്തകരോട് ക്ഷമ ചോദിക്കുന്നു’വെന്ന് രാഹുൽ
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുമായി ബന്ധപ്പെട്ട വിഷയം വളരെ ഗൗരവതരമെന്ന് എഐസിസി ജനറല്‍ സെക്രട്ടറിയും ആലപ്പുഴ എംപിയുമായ കെ.സി. വേണുഗോപാല്‍. വിഷയം ഉയര്‍ന്നുവന്ന് 24 മണിക്കൂറിനകം രാഹുല്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ചെന്നും ബാക്കി തീരുമാനം പിന്നീടറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വളരെ ഗൗരവതരമായ വിഷയമാണ്. അത് പാര്‍ട്ടി മനസിലാക്കിയിട്ടുണ്ട്. ഈ വിഷയത്തില്‍ ഏറ്റവും ശക്തമായ നടപടി പാര്‍ട്ടി 24 മണിക്കൂറിനകം എടുത്തിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് അദ്ദേഹം മാറിനില്‍ക്കേണ്ട സാഹചര്യം ഉണ്ടാക്കിയിട്ടുണ്ട്. – കെ.സി. വേണുഗോപാല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
പിന്നീടും ചിലകാര്യങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ടെന്ന് എല്ലാവര്ക്കും അറിയാം. ഇത്തരം കാര്യങ്ങളില്‍ കേരളത്തിലെ പാര്‍ട്ടിയുടെ ഉന്നത നേതാക്കള്‍ ആശയവിനിമയം നടത്തിക്കൊണ്ടിരിക്കുകയാണ്. വൈകാതെ പാര്‍ട്ടിയുടെ തീരുമാനം അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജിവെക്കേണ്ടിവരുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് താന്‍ പറഞ്ഞതില്‍ എല്ലാമുണ്ടെന്നാണ് കെ.സി. മറുപടി നല്‍കിയത്.
ആരോപണങ്ങളില്‍ പ്രതിരോധവുമായി രാഹുല്‍ മാധ്യമപ്രവര്‍ത്തകരെ കണ്ടതിന് പിന്നാലെയാണ് കെ.സി. വേണുഗോപാലിന്റെ പ്രതികരണം. ട്രാന്സ്ജന്ഡര് അവന്തികയുമായി ബന്ധപ്പെട്ട ഫോണ്‍ സംഭാഷണത്തിന്റെ ഓഡിയോ വാർത്താസമ്മേളനത്തിൽ രാഹുല്‍ പുറത്തുവിട്ടിരുന്നു. എംഎല്‍എ സ്ഥാനം രാജി വയ്ക്കണമെന്നുള്ള ആവശ്യം കോണ്‍ഗ്രസില്‍ നിന്ന് ശക്തമായ ഉയരുന്നതിനിടെയാണ് രാഹുല്‍ മാധ്യമങ്ങളെ കണ്ടതെങ്കിലും തന്റെ രാജിക്കാര്യത്തെ കുറിച്ച് അദ്ദേഹം സംസാരിച്ചില്ല. എന്നാല്‍ താന്‍ കാരണം പാര്‍ട്ടി പ്രവര്‍ത്തകര്‍ തല കുനിക്കാന്‍ പാടില്ലെന്നും പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കില്ലെന്നും രാഹുല്‍ വ്യക്തമാക്കിയിരുന്നു.
‘രാഹുല്‍ നല്ല സുഹൃത്താണെന്നും മോശമായിട്ട് പെരുമാറിയിട്ടില്ല’ എന്നും അവന്തിക മാധ്യമ പ്രവര്‍ത്തകനോട് പറയുന്ന ശബ്ദസന്ദേശമാണ് രാഹുല്‍ പുറത്ത് വിട്ടത്. പേര് പറഞ്ഞുകൊണ്ടുള്ള ആരോപണം ഉന്നയിച്ചത് ട്രാന്‍സ്ജെന്‍ഡര്‍ സുഹൃത്ത് അവന്തികയാണെന്ന് പറഞ്ഞുകൊണ്ടാണ് രാഹുല്‍ ശബ്ദ സന്ദേശം പുറത്തുവിട്ടത്. അതേസമയം തനിക്കുനേരെ ഉയര്‍ന്ന മറ്റു ആരോപണങ്ങളെ രാഹുല്‍ നിഷേധിച്ചില്ല.
‘ഒരുപാട് ചോദ്യങ്ങളുണ്ടെന്ന് അറിയാം. അതിന് എനിക്ക് ഉത്തരങ്ങളുണ്ട്. എന്റെ പ്രതികരണങ്ങള്‍ തേടാതെയാണ് പല വാര്‍ത്തകളും വരുന്നത്. ഞാന്‍ കുറ്റം ചെയ്തോ ഇല്ലയോ എന്നതിനപ്പുറം എല്ലാ പ്രതിസന്ധിയിലും പാര്‍ട്ടിക്കുവേണ്ടി ന്യായീകരിക്കാനും പ്രതിരോധിക്കാനും സാമൂഹികമാധ്യമങ്ങളിലും മാധ്യമങ്ങളിലും സമരങ്ങളിലും പ്രവര്‍ത്തിച്ച ആളെന്ന നിലയിലാണ് എനിക്കുനേരെ ഈ ആക്രമണം ഉണ്ടാകുന്നത്. പക്ഷേ ഞാന്‍ കാരണം പാര്‍ട്ടിപ്രവര്‍ത്തകര്‍ക്ക് തലകുനിക്കേണ്ടി വരുന്ന സാഹചര്യം ഉണ്ടാകുന്നത് ഉള്‍ക്കൊള്ളാനാകില്ല’ രാഹുല്‍ പറഞ്ഞു.
ഒരുപാട് കാര്യങ്ങള്‍ ജനങ്ങളോട് പറയാനുണ്ട്. ബാക്കിയുള്ള കാര്യങ്ങള്‍ക്ക് പിന്നീട് മറുപടി പറയും. കോടതിയും നിയമങ്ങളുമാണ് താന്‍ കുറ്റക്കാരനാണെന്ന് പറയേണ്ടതെന്നും രാഹുല്‍ പറഞ്ഞു. എന്തുകൊണ്ട് വിശദീകരണത്തിന് വൈകുന്നുവെന്ന ചോദ്യത്തിന് ‘എല്ലാ മനുഷ്യരെ പോലെയും എനിക്ക് ഫീലിങ്സും ഇമോഷന്‍സും ഉണ്ട്’ രാഹുല്‍ മറുപടി നല്കി.
‘ഞാന്‍ ഈ പാര്‍ട്ടിയെ ഒരുപാട് പ്രതിരോധിച്ചിട്ടുണ്ട്. അത്തരത്തിലുള്ള ഒരാള്‍ക്ക് വേണ്ടി പ്രവര്‍ത്തകര്‍ പ്രതിരോധിക്കേണ്ട വരുന്നതില്‍ വിഷമം തോന്നുന്നുണ്ട്’ രാഹുല്‍ കൂട്ടിച്ചേര്‍ത്തു.


