‘മരിക്കാൻ എനിക്കു പേടിയാണ്…ലക്ഷത്തിന് പതിനായിരം രൂപ പലിശ കൊടുത്തു’: വേദനയായി ആശയുടെ കുറിപ്പ്

കൊച്ചി: ‘മരിക്കാൻ എനിക്ക് പേടിയാണ്, ഞാൻ എന്തു ചെയ്യും ദൈവമേ…’, സ്കൂൾ കുട്ടികൾ എഴുതുന്നതു പോലെ 200 പേജ് ബുക്കിന്റെ വരയിട്ട താളുകളിൽ കോറിയിട്ട ആത്മഹത്യക്കുറിപ്പിലെ വരികൾ. വരാപ്പുഴ കോട്ടുവള്ളി പുഴയിൽ ഇന്നലെ വൈകിട്ട് മരിച്ച നിലയിൽ കണ്ടെത്തിയ കോട്ടുവള്ളി സൗത്ത് റേഷൻ കടയ്ക്കു സമീപം പുളിക്കത്തറ വീട്ടിൽ ആശ ബെന്നി (41) എഴുതിയ ആത്മഹത്യക്കുറിപ്പിലാണ് ഈ  വരികളുള്ളത്. 

വട്ടിപ്പലിശക്കാരുടെ സമ്മർദ്ദം താങ്ങാനാവാതെ താൻ ജീവനൊടുക്കുന്നു എന്ന് എഴുതി വച്ചായിരുന്നു മരണം. ആശയുടെ സംസ്കാരം ഇന്ന് വൈകിട്ട് നടക്കും. ആശയെ വീടുകയറി ഭീഷണിപ്പെടുത്തുകയും നിരന്തരം സമ്മർദ്ദത്തിലാക്കുകയും ചെയ്ത അയൽവാസികളായ റിട്ട. പൊലീസുകാരൻ‌ പ്രദീപ് കുമാറും ഭാര്യ ബിന്ദുവും ഒളിവിലാണ്. ഇരുവർക്കുമെതിരെ ആത്മഹത്യ പ്രേരണയ്ക്ക് കേസെടുത്തിട്ടുണ്ട്. വലിയ കോളിളക്കമുണ്ടാക്കിയ വരാപ്പുഴ കസ്റ്റഡി മരണക്കേസുമായി ബന്ധപ്പെട്ട കൈക്കൂലി കേസിലെ പ്രതിയായിരുന്നു പ്രദീപ്. 

വട്ടിപ്പലിശയ്ക്ക് പണമെടുത്ത് അതിന്റെ നീരാളിപ്പിടുത്തം മുറുക്കിയപ്പോൾ പ്രതിസന്ധി പരിഹരിക്കാൻ സാധാരണക്കാരിയായ ഒരു വീട്ടമ്മ കിണഞ്ഞു പരിശ്രമിക്കുന്നതിന്റെയും, ഭീഷണിയും സമ്മർദ്ദവും താങ്ങാനാവാതെ ജീവനൊടുക്കാൻ തീരുമാനിച്ചതിന്റെയും വിവരണങ്ങളാണ് എട്ടോളം പേജുള്ള ആത്മഹത്യക്കുറിപ്പിലുള്ളത്. വീടിനടുത്തായി മൂന്നു കടമുറികളാണ് ആശയ്ക്കും ഭർത്താവ് ബെന്നിക്കുമുള്ളത്.

ഇതിൽ രണ്ടെണ്ണം വാടകയ്ക്ക് നൽകി ഒരെണ്ണത്തിൽ പലചരക്ക് ഉൾപ്പെടെയുള്ളവ കച്ചവടം നടത്തുകയാണ്. പലചരക്കുകട വിപുലീകരിക്കാനാണ് പ്രദീപിന്റെയും ഭാര്യ ബിന്ദുവിന്റെയും പക്കൽ നിന്ന് പണം പലിശയ്ക്ക് വാങ്ങുന്നത്. പത്തുലക്ഷം രൂപയോളം വാങ്ങിയെന്നാണ് ആശയുടെ ബന്ധുക്കൾ പറയുന്നത്. 

‘ഞാൻ ഒരു ലക്ഷത്തിന് പതിനായിരം രൂപ പലിശ കൊടുത്തിരുന്നു’ –ആശ ആത്മഹത്യക്കുറിപ്പിൽ പറയുന്നു. ഭർത്താവ് ചിട്ടി പിടിച്ച എട്ടര ലക്ഷം രൂപയും സ്വര്‍ണം പണയം വച്ച പൈസയും മറ്റുള്ളവരിൽ നിന്ന് സ്വർണം വാങ്ങി പണയം വച്ചും പ്രദീപിന്റെയും ബിന്ദുവിന്റെയും മുതലും പലിശയുമെല്ലാം നൽകിയതാണെന്ന് ആശയുടെ കുറിപ്പിലുണ്ട്. എന്നാൽ 22 ലക്ഷം രൂപ കൂടി നൽകണമെന്നും അതിന് മുദ്രപ്പത്രത്തിൽ ഒപ്പിട്ടു കൊടുക്കണമെന്നും പ്രദീപും ബിന്ദുവും ആവശ്യപ്പെട്ടെന്നും കുറിപ്പിൽ പറയുന്നു. 

Share
error: Content is protected !!