ഇൻഡിഗോ വിമാനത്തിൽ ശുചിമുറിയുടെ വാതിൽ സഹപൈലറ്റ് ബലമായി തുറന്നു, അകത്തേക്ക് നോക്കി; ആരോപണവുമായി യുവതി

മുംബൈ: ടേക്ക് ഓഫിനു തൊട്ടുമുൻപ് ഇൻഡിഗോയുടെ ഫസ്റ്റ് ഓഫിസർ (സഹ പൈലറ്റ്) അനുവാദമില്ലാതെ ശുചിമുറിയിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചുവെന്ന് യുവതിയുടെ ആരോപണം. സ്വർണ വ്യാപാര സ്ഥാപനമായ സേഫ്ഗോൾഡിന്‍റെ സഹസ്ഥാപകയും ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്‌സ് പൂർവ്വ വിദ്യാർത്ഥിനിയുമായ റിയ ചാറ്റർജിയാണ് തനിക്കു നേരിട്ട ദുരനുഭവം സമൂഹമാധ്യമത്തിൽ കുറിച്ചത്.

ഇൻഡിഗോയുടെ സഹപൈലറ്റ് താൻ ശുചിമുറി ഉപയോഗിക്കുമ്പോൾ അകത്തേക്ക് നോക്കിയെന്നും എന്നാൽ സംഭവം അത്ര കാര്യമായി എടുക്കേണ്ടതില്ലെന്നാണ് എയർലൈൻസിന്റെ നിലപാടെന്നും ആണ് യുവതി വെളിപ്പെടുത്തിയത്. ഓഗസ്റ്റ് എട്ടിന് രാത്രിയാണ് റിയ വിമാനത്തിൽ യാത്ര ചെയ്തത്. വിമാനത്തിലെ മുൻഭാഗത്തെ ശുചിമുറിയാണ് റിയ ഉപയോഗിച്ചത്. വാതിൽ അകത്തു നിന്ന് പൂട്ടിയിരുന്നെങ്കിലും പുറത്തു നിന്ന് ആരോ മുട്ടുന്നത് കേട്ടപ്പോൾ റിയ പ്രതികരിച്ചു. പിന്നീട് വീണ്ടും വാതിലിൽ മുട്ടുന്നതു കേട്ട് ഉറക്കെ പ്രതികരിക്കുന്നതിനു മുൻപു തന്നെ വാതിൽ ബലമായി തുറക്കുകയും പുരുഷ ജീവനക്കാരൻ അകത്തേക്ക് നോക്കുകയും ചെയ്തു. ‘ഓ’ എന്ന് മാത്രം പറഞ്ഞ് അയാൾ വാതിൽ അടച്ചുവെന്നും റിയ പറഞ്ഞു.

അപമാനം കാരണം തലകുനിച്ചു പോയെന്നും 90 മിനിറ്റ് നീണ്ട വിമാനയാത്രയിൽ തനിക്ക് അസ്വസ്ഥത അനുഭവപ്പെട്ടുവെന്നും റിയ പറയുന്നു. തന്‍റെ ദുരനുഭവം വിവരിച്ചപ്പോൾ മറ്റ് ജീവനക്കാർ സംഭവം നിസാരരവൽക്കരിച്ചു. അസൗകര്യം ഉണ്ടായതിൽ ക്ഷമ ചോദിക്കുന്നുവെന്ന് മാത്രം പറഞ്ഞു. അയാൾ ഒന്നും കണ്ടിട്ടില്ലെന്ന് ഉറപ്പുണ്ടെന്നും ജീവനക്കാർ പറഞ്ഞുവെന്നും റിയ ആരോപിച്ചു. വിമാനത്തിന്റെ ക്യാപ്റ്റനെയും ഫസ്റ്റ് ഓഫിസറെയും വിളിപ്പിക്കാൻ ആവശ്യപ്പെട്ടെങ്കിലും അവരെ കോക്ക്പിറ്റിൽ പോയി കാണാനാണ് ജീവനക്കാർ നിർദ്ദേശിച്ചത്. അത് കൂടുതൽ ആശങ്കയുണ്ടാക്കി.

വിമാനം നിലത്തിറങ്ങിയ ശേഷം ഇൻഡിഗോയുടെ നേതൃത്വവുമായി ബന്ധപ്പെട്ടു. എന്നാൽ, സംഭവത്തിൽ ജീവനക്കാരൻ ഖേദം രേഖപ്പെടുത്തിയെന്നു മാത്രമാണ് മറുപടി ലഭിച്ചത്. നഷ്ടപരിഹാരമായി വിമാന ടിക്കറ്റിന്‍റെ പണവും വൗച്ചറുകളും നൽകാമെന്നും അറിയിച്ചു. താൻ നഷ്ടപരിഹാരത്തിനു വേണ്ടിയല്ല പോസ്റ്റ് ഇട്ടത്. യാത്ര ചെയ്യുന്ന ഓരോ സ്ത്രീയും ജാഗ്രത പാലിക്കണമെന്നും റിയ പറഞ്ഞു. റിയയുടെ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയത്. പ്രതിഷേധം ശക്തമായതോടെ ഇൻഡിഗോ എയർലൈൻസ് ക്ഷമാപണവുമായി രംഗത്തെത്തി. ജീവനക്കാരന്‍റെ ഭാഗത്ത് നിന്നുമുണ്ടായ പിഴവിൽ ഖേദിക്കുന്നുവെന്നും എയർലൈൻസ് അറിയിച്ചു.

Share
error: Content is protected !!