റാപ്പർ വേടന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; വേടനുമായി പിരിഞ്ഞതിനു ശേഷം വിഷാദരോഗമെന്ന് പരാതിക്കാരി
കൊച്ചി: മുന്കൂർ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലിരിക്കുമ്പോൾ റാപ്പർ വേടൻ എന്ന ഹിരൺദാസ് മുരളിയെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി. ബലാത്സംഗ പരാതിയിൽ തൃക്കാക്കര പൊലീസ് കേസ് റജിസ്റ്റർ ചെയ്തതിനു പിന്നാലെ വേടൻ ഒളിവിലാണ്. ഈ കേസിൽ വേടൻ സമർപ്പിച്ച മുൻകൂർ ജാമ്യഹർജിയിൽ വാദം കേൾക്കുമ്പോഴാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് താൽക്കാലികമായി അറസ്റ്റ് തടഞ്ഞത്. കേസിൽ നാളെയും വാദം തുടരും.
കേസിലെ പരാതിക്കാരിയെ കഴിഞ്ഞ ദിവസം കോടതി കേസിൽ കക്ഷി ചേർത്തിരുന്നു. വേടനെതിരെ ഒട്ടേറെ പേർ പരാതികൾ ഉന്നയിച്ചിരുന്നു എന്ന് ഇന്ന് വാദത്തിനിടെ പരാതിക്കാരി ചൂണ്ടിക്കാട്ടി. എന്നാൽ മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് വാദമെന്ന് കോടതി പ്രതികരിച്ചു. തുടർന്ന് ‘മീ ടൂ’ ആരോപണവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ വേടൻ മാപ്പു പറഞ്ഞ കാര്യം പരാതിക്കാരി ചൂണ്ടിക്കാട്ടി. വേടനുമായി പിരിഞ്ഞതിനു ശേഷം വിഷാദരോഗത്തിന് അടിപ്പെട്ടെന്നും പരാതിക്കാരി പറഞ്ഞു.
ഇതിനിടെ, ബന്ധം പിരിഞ്ഞ ശേഷം ആ ബന്ധത്തിലുണ്ടായിരുന്ന ശാരീരിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം കോടതി അടക്കം പറഞ്ഞിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. വേടനെതിരെ വേറെയും പരാതികളുണ്ടെന്നും അത്തരത്തിൽ രണ്ടു പേർ പരാതി മുഖ്യമന്ത്രിക്ക് അയച്ചിട്ടുണ്ടെന്നും പരാതിക്കാരി വ്യക്തമാക്കി. എന്നാൽ ക്രിമിനൽ നടപടിക്രമങ്ങളിൽ മുഖ്യമന്ത്രിക്ക് എന്താണ് കാര്യമെന്നും എഫ്ഐആർ എങ്കിലും റജിസ്റ്റർ െചയ്തിട്ടുണ്ടോ എന്നും കോടതി ആരാഞ്ഞു. തുടർന്നാണ് ജാമ്യാപേക്ഷ പരിഗണിക്കുന്ന വേളയിൽ അറസ്റ്റ് ചെയ്യരുതെന്ന് കോടതി വ്യക്തമാക്കിയത്. ഇനി പ്രോസിക്യൂഷന്റേയും വേടന്റെയും വാദങ്ങൾ കൂടി കേട്ട ശേഷമായിരിക്കും കോടതി ജാമ്യാപേക്ഷയിൽ വിധി പറയുക. വേടൻ സ്ഥിരം കുറ്റവാളിയാണെന്ന് കഴിഞ്ഞ ദിവസം പരാതിക്കാരി കോടതിയിൽ ആരോപിച്ചിരുന്നു.


