‘സരിതയെയും സ്വപ്നയെയും പോലെ എന്നെയും വേട്ടയാടുമെന്ന് ഭീഷണി; ഗോവിന്ദൻ മാഷിനെയോ മകനെയോ പരിചയമില്ല’

തിരുവനന്തപുരം: വിവാദത്തിന് പിന്നിൽ കുടുംബവഴക്കാണെന്നും എം.വി. ഗോവിന്ദന്റെ മകനെ പരിചയമില്ലെന്നും ചെന്നൈയിലെ വ്യവസായി ബി. ഷെർഷാദിന്റെ മുൻ ഭാര്യ രത്തീന. പാർട്ടിയിലെ പ്രധാന നേതാക്കൾക്കെതിരെ ഗുരുതര സാമ്പത്തിക ആരോപണങ്ങളുന്നയിച്ച് പിബിക്ക് ഷെർഷാദ് കത്ത് നൽകിയിരുന്നു. ഈ കത്ത് സിപിഎം യുകെ ഘടകം ഭാരവാഹിയും വ്യവസായിയുമായ രാജേഷും എം.വി.ഗോവിന്ദന്റെ മകനുമായ ശ്യാംജിതും ചേർന്ന് ചോര്‍ത്തിയെന്ന് ഷെർഷാദ് ആരോപിച്ചിരുന്നു. കത്ത് ചോർത്തൽ വിവാദത്തിൽ ഷെർഷാദിന്റെ മുൻ ഭാര്യ രത്തീനയ്‌ക്കെതിരെയും ആരോപണം ഉയർന്നിരുന്നു. പിന്നാലെയാണ് രത്തീന സംഭവത്തിൽ മറുപടിയുമായി എത്തിയത്.

‘‘ഈ കാണുന്ന വർത്തകളൊക്കെയും ഞാനും ഈ ‘വ്യവസായിയും’ തമ്മിലുള്ള കുടുംബ വഴക്കും വ്യക്തി വൈരാഗ്യവുമായി ബന്ധപ്പെട്ടു കിടക്കുന്നവയായതുകൊണ്ടും കൂടിയാണ് ഈ പോസ്റ്റ്.  എന്നെ നാറ്റിക്കും സരിതയെയും സ്വപ്നയേയും പോലെ എന്നെയും മാധ്യമങ്ങളെ കൊണ്ട് വേട്ടയാടിക്കും, ചുറ്റുമുള്ള ആളുകളെ അകറ്റും, സിനിമ കിട്ടാത്ത അവസ്ഥയുണ്ടാക്കും, നാട്ടിൽ ഇറങ്ങാൻ പറ്റാത്ത പരുവത്തിലാക്കും എന്നൊക്കെ  ഭീഷണികൾ എനിക്ക് നിരന്തരം കിട്ടാറുണ്ട്. വോയ്‌സ് ‌മെസേജുകൾ അടക്കം ഞാൻ കോടതിയിൽ കൊടുത്തിട്ടുണ്ട്.’’ – രത്തീന ഫേസ്ബുക്കിൽ കുറിച്ചു.

‘‘ഇയാൾ എന്റെ പിതാവിനെ ഗ്യാരന്റർ ആക്കി ഒരു ലോൺ എടുത്തു. അത് അടക്കാതെ അടച്ചെന്നു പറഞ്ഞു കബളിപ്പിച്ചു . പിന്നീട് ഗ്യാരന്റർ എന്റെ പിതാവായതിനാൽ എന്റെ കുടുംബ വീട് ജപ്തി നടപടിയിലേക്കു എത്തി. 2 കോടി 65 ലക്ഷം രൂപ അടക്കണം. ഈ പറയുന്ന വ്യവസായി ഫോൺ ഓഫ് ചെയ്ത് മുങ്ങി. ഏതൊരാളെ പോലെ ഞാനും കരഞ്ഞു അന്ന് മന്ത്രിയായിരുന്ന തോമസ് ഐസക് സാറിനെ  കണ്ടു. ജപ്തി നടപടികൾ തൽക്കാലം നിർത്തി എനിക്ക് കുറച്ചു സമയം സാവകാശം വാങ്ങി തന്നു . പക്ഷെ വ്യവസായി അടച്ചില്ല . സമ്മർദത്തിൽ ആയെന്നു കണ്ടപ്പോൾ  എനിക്കെതിരെ  അവിഹിത ബന്ധം ആരോപിച്ചു. ഞാൻ ലോൺ അടക്കാൻ ഓടി നടക്കുമ്പോൾ അയാൾ ആ സമയം എന്റെ സിനിമ പൊളിക്കാനും അവിഹിത കഥകൾ ഉണ്ടാക്കാനും  നടന്നു. പണമടച്ചു ജപ്തി ഒഴിവാക്കിയപ്പോൾ ആ ബാങ്കിനെതിരെ ഇയാൾ പരാതി കൊടുത്തു.’’ – രത്തീന പറയുന്നു.

‘‘ഇയാൾ സാമ്പത്തികമായി എന്നെ മാത്രമല്ല പറ്റിച്ചിട്ടുള്ളത്. ഇയാൾ സാമ്പത്തികമായി വലിയ തോതിൽ പറ്റിച്ച ആളുകൾ ചെന്നൈയിലും ദുബായിലും പാലക്കാടും മലപ്പുറത്തും കോഴിക്കോടും കൊച്ചിയിലും ഉണ്ട്. പലരും അത് അറിയിച്ചിട്ടുമുണ്ട്. അവരെ പറ്റിച്ച പോലെ ഇനിയും കള്ള കഥകൾ പറഞ്ഞു കൂടുതൽ പേരെ പറ്റിക്കും. എനിക്ക് ഒരു കള്ളപ്പണ ഇടപാടുമില്ല. എന്നെ ആരും തട്ടി കൊണ്ട് പോയിട്ടുമില്ല. എനിക്ക് ഗോവിന്ദൻ മാഷിനെയോ അദ്ദേഹത്തിന്റെ മകനെയോ പരിചയമില്ല.’’ – രത്തീന ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

പാർട്ടിയിലെ പ്രധാന നേതാക്കൾക്ക് മേൽ ഗുരുതര സാമ്പത്തിക ആരോപണങ്ങളുന്നയിച്ച് പിബിക്ക് ലഭിച്ച രഹസ്യകത്ത് പരസ്യമായെന്നായിരുന്നു വിവാദം. സിപിഎം യുകെ ഘടകം ഭാരവാഹിയും വ്യവസായിയുമായ രാജേഷ് കൃഷ്ണയ്ക്കെതിരെ ചെന്നൈയിലെ വ്യവസായി ബി.മുഹമദ് ഷർഷാദ് ആണ് പിബി അംഗം അശോക് ധാവ്ളെയ്ക്ക് കത്ത് നൽകിയത്. രാജേഷിന്റെ സുഹൃത്തും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ മകനുമായ ശ്യാംജിത് ആണ് കത്ത് ചോർത്തിയതെന്ന ഗുരുതര ആരോപണവുമായി ഷർഷാദ് രംഗത്തുവന്നതോടെ സിപിഎം നേതൃത്വം കടുത്ത പ്രതിസന്ധിയിലായിട്ടുണ്ട്. കത്ത് ചോർച്ച അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബിക്കും ഷർഷാദ് പരാതി നൽകിയിരുന്നു.

Share
error: Content is protected !!