‘പ്രിയപ്പെട്ട പ്രസിഡന്റ് പുട്ടിൻ, കുഞ്ഞുങ്ങൾ പുഞ്ചിരിക്കട്ടെ’: ശ്രദ്ധനേടി മെലനിയയുടെ കത്ത്
അലാസ്ക: അലാസ്കയിൽ നടന്ന ഉച്ചകോടിക്കിടെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് റഷ്യൻ പ്രസിഡന്റിനു കൈമാറിയ ഒരു കത്ത് ശ്രദ്ധാകേന്ദ്രമാകുന്നു. ‘പ്രിയപ്പെട്ട പ്രസിഡന്റ് പുട്ടിൻ’ എന്നു തുടങ്ങുന്ന ആ കത്ത് യുഎസ് പ്രഥമവനിത മെലനിയ ട്രംപ് വ്യക്തിപരമായി എഴുതിയതാണ്.
യുദ്ധകാലത്തെ നഷ്ടബാല്യങ്ങളെക്കുറിച്ചാണ് യുക്രെയ്നെന്നോ റഷ്യയെന്നോ പേരെടുത്തു പറയാതെ മെലനിയ കുറിച്ചത്. യുദ്ധം നടക്കുന്നതിനിടെ യുക്രെയ്നിൽനിന്നു കുട്ടികളെ ബലമായി റഷ്യയിലേക്കു കൊണ്ടുപോകുന്നെന്ന ആരോപണങ്ങൾ നിലനിൽക്കെയാണിത്.
വിദൂരഗ്രാമമാകട്ടെ, തിരക്കുള്ള നഗരമാകട്ടെ, എല്ലാ കുട്ടികളും സ്നേഹവും സുരക്ഷിതത്വവും സ്വപ്നം കാണുന്നവരാണെന്ന് കത്തിൽ പുട്ടിനെ ഓർമിപ്പിക്കുന്നുണ്ട്. പുട്ടിൻ വിചാരിച്ചാൽ കുട്ടികളുടെ പുഞ്ചിരി തിരികെ കൊണ്ടുവരാനാകും എന്നും മെലനിയ പറയുന്നു. പുട്ടിനോടുള്ള ട്രംപിന്റെ നിലപാടു രൂപപ്പെടുത്തുന്നതിൽ സ്ലൊവീനിയ വംശജയായ മെലനിയയ്ക്കു പ്രധാന പങ്കുള്ളതായി റിപ്പോർട്ടുകളുണ്ടായിരുന്നു.


