തലേദിവസം വ്യാജ മദ്യദുരന്തത്തെ കുറിച്ച് അമ്മയോട് ഫോണിൽ സംസാരിച്ചു; പിറ്റേന്ന് സച്ചിൻ ‘ഇര’: ഞെട്ടൽ മാറാതെ നാട്ടിലെ ബന്ധുക്കൾ

കണ്ണൂർ: കുവൈത്ത് മദ്യദുരന്തത്തിൽ ഇരിണാവ് സ്വദേശിയായ യുവാവ് മരിച്ചത് വിശ്വസിക്കാനാകാതെ ബന്ധുക്കൾ. പൊങ്കാരൻ സച്ചിനാണ് (31) കഴിഞ്ഞ ദിവസം മരിച്ചത്. ബുധൻ വൈകിട്ട് ഫോൺ വിളിച്ച സച്ചിൻ അര മണിക്കൂറോളം അമ്മയുമായി സംസാരിച്ചുവെന്ന് ബന്ധുവായ നാരായണൻ പറഞ്ഞു. അന്ന് സംസാരിച്ചപ്പോൾ വിഷമദ്യ ദുരന്തമുണ്ടായതിനെക്കുറിച്ചു സച്ചിനുമായി സംസാരിക്കുകയും ചെയ്തതാണ്. പിന്നീട് എന്താണ് സംഭവിച്ചതെന്നറിയില്ലെന്നും നാരായണൻ പറഞ്ഞു.

ഇന്നലെ വൈകിട്ടോടെയാണ് സച്ചിനും വ്യാജ മദ്യദുരന്തത്തിൽ ഇരയായെന്ന ഞെട്ടിക്കുന്ന വിവരം ബന്ധുക്കളെ തേടിയെത്തിയത്. വ്യാജ മദ്യദുരന്തമുണ്ടായി എന്ന വാർത്ത അറിഞ്ഞതിനു ശേഷവും സംസാരിച്ച സച്ചിൻ, എങ്ങനെ ദുരന്തത്തിന് ഇരയായി എന്ന കാര്യത്തിൽ വ്യക്തതയില്ല. നാളെ പുലർച്ചെ കോഴിക്കോട് വിമാനത്താവളത്തിൽ എത്തുന്ന മൃതദേഹം എട്ടു മണിയോടെ വീട്ടിലെത്തിക്കും. 3 വർഷമായി കുവൈത്തിൽ ഹോട്ടലിൽ ജോലി ചെയ്യുന്ന സച്ചിൻ ഏതാനും മാസം മുൻപാണ് നാട്ടിലെത്തി മടങ്ങിയത്. ഇരിണാവ് സിആർസിക്കു സമീപം പൊങ്കാരൻ മോഹനന്റെയും ഗിരിജയുടേയും മകനാണ് സച്ചിൻ. ഭാര്യ: ഷബിന. മകൾ: സിയ

വിഷമദ്യ ദുരന്തത്തിൽ 5 മലയാളികൾ ഉൾപ്പെടെ 10 ഇന്ത്യക്കാർ മരിച്ചതായി സൂചനയുണ്ട്. വ്യാജമദ്യ നിർമാണ കേന്ദ്രം നടത്തിപ്പുകാരായ 2 ഏഷ്യക്കാരെ കുവൈത്ത് പൊലീസ് അറസ്റ്റ് ചെയ്തു. 63 പേർ ചികിത്സ തേടിയതായി ആരോഗ്യമന്ത്രാലയും വ്യക്തമാക്കി. ഇവരിൽ 21 പേർക്ക് കാഴ്ച നഷ്ടപ്പെട്ടു. ചികിത്സയിൽ കഴിയുന്നവരിൽ ചിലരുടെ നില അതീവ ഗുരുതരമാണ്. ജിലീബ് അൽ ഷുയൂഖ് ബ്ലോക്ക് നാലിൽനിന്ന് വാങ്ങിയ മദ്യം കഴിച്ച അഹ്മദിയ, ഫർവാനിയ ഗവർണറേറ്റുകളിലുള്ളവരാണ് ദുരന്തത്തിനിരയായത്. മദ്യനിരോധനമുള്ള കുവൈത്തിൽ വ്യാജമദ്യം നിർമിച്ചു വിതരണം ചെയ്തവരുടെ വിവരം അധികൃതർ ശേഖരിക്കുന്നുണ്ട്.

 

Share

13 thoughts on “തലേദിവസം വ്യാജ മദ്യദുരന്തത്തെ കുറിച്ച് അമ്മയോട് ഫോണിൽ സംസാരിച്ചു; പിറ്റേന്ന് സച്ചിൻ ‘ഇര’: ഞെട്ടൽ മാറാതെ നാട്ടിലെ ബന്ധുക്കൾ

Comments are closed.

error: Content is protected !!