പഹൽഗാമിൽ നിരപരാധികളായ ഇന്ത്യൻ പൗരന്മാർക്ക് നേരെയുണ്ടായ ഭീകരാക്രമണം ഭീരുത്വവും മനുഷ്യത്വരഹിതവുമായിരുന്നു; ദ്രൗപദി മുർമു

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് ഇന്ത്യ നൽകിയ മറുപടി (ഓപ്പറേഷൻ സിന്ദൂർ) ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിന്റെ മികച്ച ഉദാഹരണമായി ഓർമ്മിക്കപ്പെടുമെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച രാഷ്ട്രത്തെ അഭിസംബോധന ചെയ്യുകയായിരുന്നു രാഷ്ട്രപതി.

പഹൽഗാമിൽ നിരപരാധികളായ ഇന്ത്യൻ പൗരന്മാർക്ക് നേരെയുണ്ടായ ഭീകരാക്രമണം ഭീരുത്വവും തികച്ചും മനുഷ്യത്വരഹിതവുമായിരുന്നു. രാഷ്ട്രത്തെ സംരക്ഷിക്കുന്നതിൽ ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ നമ്മുടെ സായുധ സേന തയ്യാറാണെന്ന് ഓപ്പറേഷൻ സിന്ദൂർ തെളിയിച്ചു. ഭീകരതയ്‌ക്കെതിരായ മനുഷ്യരാശിയുടെ പോരാട്ടത്തിലെ മികച്ച ഉദാഹരണമായി ചരിത്രത്തിൽ ഇത് ഇടംനേടും.

പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ ഒറ്റക്കെട്ടായി പ്രതികരിച്ചു. ഇന്ത്യയെ ഭിന്നിപ്പിക്കാൻ ആഗ്രഹിച്ചവർക്ക് ഏറ്റവും അനുയോജ്യമായ മറുപടി അതായിരുന്നു. ഇന്ത്യ ആദ്യം ആക്രമിക്കുകയില്ല, എന്നാൽ നമ്മുടെ പൗരന്മാരുടെ സുരക്ഷയ്ക്കായി തിരിച്ചടിക്കാൻ മടിക്കില്ലെന്ന ഇന്ത്യയുടെ നിലപാട് ലോകം ശ്രദ്ധിച്ചിട്ടുണ്ട്. രാഷ്ട്രപതി പറഞ്ഞു.

സ്വാതന്ത്ര്യലബ്ദിയുടെ സമയത്ത് ഇന്ത്യ കൊടും ദാരിദ്ര്യത്തിലായിരുന്നു. എന്നാൽ അതിനുശേഷമുള്ള 78 വർഷത്തിനിടയിൽ, എല്ലാ മേഖലകളിലും നമ്മൾ അസാധാരണമായ പുരോഗതി കൈവരിച്ചു. ഇന്ത്യ ഒരു സ്വാശ്രയ രാഷ്ട്രമായി മാറാനുള്ള പാതയിലാണ്. ഭൂതകാലത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ, രാജ്യവിഭജനം വരുത്തിവെച്ച വേദന ഒരിക്കലും മറക്കരുത്. വിഭജനം കാരണം ഭയാനകമായ അക്രമങ്ങൾ അരങ്ങേറി. ലക്ഷക്കണക്കിന് ആളുകൾക്ക് പലായനം ചെയ്യേണ്ടി വന്നു. ചരിത്രത്തിലെ തെറ്റുകൾക്ക് ഇരയായവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നു. മുർമു പറഞ്ഞു.

Share

13 thoughts on “പഹൽഗാമിൽ നിരപരാധികളായ ഇന്ത്യൻ പൗരന്മാർക്ക് നേരെയുണ്ടായ ഭീകരാക്രമണം ഭീരുത്വവും മനുഷ്യത്വരഹിതവുമായിരുന്നു; ദ്രൗപദി മുർമു

Comments are closed.

error: Content is protected !!