‘ഗോഡ്‌സെയുടെ പിന്‍ഗാമികളില്‍നിന്ന് ഭീഷണി, കൊലപാതകം ആവർത്തിച്ചേക്കാം’; രാഹുൽ ഗാന്ധി കോടതിയിൽ

ന്യൂഡല്‍ഹി: വോട്ടർ പട്ടിക ക്രമക്കേടുമായി ബന്ധപ്പെട്ട് ഉയർത്തിയ ആരോപണമടക്കം സമീപകാല രാഷ്ട്രീയ പോരാട്ടങ്ങളുടെ പേരില്‍ നാഥുറാം ഗോഡ്‌സെയുടെ പിന്‍ഗാമികളില്‍നിന്ന് ജീവനു ഭീഷണിയുണ്ടെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.

സവര്‍ക്കര്‍ക്കെതിരായ പരാമര്‍ശത്തിന്റെ പേരിലുള്ള മാനനഷ്ടക്കേസില്‍ പുണെ കോടതിയിലാണ് രാഹുല്‍ ഗാന്ധി ഇക്കാര്യം അറിയിച്ചത്. സുരക്ഷയെയും കേസിലെ നടപടികളുടെ നിഷ്പക്ഷതയെയും സംബന്ധിച്ച് തനിക്കുള്ള ആശങ്കകള്‍ ചൂണ്ടിക്കാട്ടി കേസ് പരിഗണിക്കുന്ന പ്രത്യേക കോടതിയില്‍ രാഹുല്‍ അപേക്ഷ നല്‍കി. 

അഭിഭാഷകനായ മിലിന്ദ് ദത്താത്രയ പവാര്‍ മുഖേനയാണ് രാഹുല്‍ ഹര്‍ജി സമര്‍പ്പിച്ചത്. തനിക്കെതിരായ പരാതിക്കാരന്‍ സത്യകി സവര്‍ക്കര്‍ മഹാത്മാഗാന്ധിയുടെ ഘാതകനായ നാഥുറാം ഗോഡ്സെയുടെ നേരിട്ടുള്ള പിന്‍ഗാമിയാണെന്ന് രാഹുൽ ഗാന്ധി അപേക്ഷയിൽ പറയുന്നു. പരാതിക്കാരന്റെ കുടുംബ പരമ്പരയ്ക്ക് അക്രമത്തിന്റെയും ഭരണഘടനാ വിരുദ്ധ പ്രവണതകളുടെയും രേഖപ്പെടുത്തപ്പെട്ട ചരിത്രം ഉണ്ടെന്നും രാഹുൽ ചൂണ്ടിക്കാട്ടുന്നു. 

മഹാത്മാഗാന്ധിയുടെ കൊലപാതകം ഒരു പ്രേരണയുടെ ഫലമായിരുന്നില്ല. മറിച്ച് ഒരു പ്രത്യേക പ്രത്യയശാസ്ത്രത്തില്‍ വേരൂന്നിയ ഗൂഢാലോചനയുടെ ഫലമായിരുന്നു. നിരായുധനായ ഒരു വ്യക്തിക്കെതിരെ ബോധപൂര്‍വമായ അക്രമമാണ് നടന്നതെന്നും രാഹുൽ അപേക്ഷയിൽ‌ പറയുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ ഇത്തരത്തിലുള്ള കൊലപാതകം ഇനിയും ആവർത്തിക്കാൻ ഇടയുണ്ടെന്നും രാഹുൽ ഗാന്ധി കോടതിയിൽ പറ‍ഞ്ഞു.

Share

13 thoughts on “‘ഗോഡ്‌സെയുടെ പിന്‍ഗാമികളില്‍നിന്ന് ഭീഷണി, കൊലപാതകം ആവർത്തിച്ചേക്കാം’; രാഹുൽ ഗാന്ധി കോടതിയിൽ

Comments are closed.

error: Content is protected !!