ആധാര്‍ കാര്‍ഡ് പൗരത്വത്തിന്റെ നിര്‍ണായക തെളിവല്ല; തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം ശരിവെച്ച് സുപ്രീം കോടതി

ന്യൂഡല്‍ഹി: ആധാർ കാർഡ്‌ പൗരത്വത്തിനുള്ള നിര്‍ണായക തെളിവായി കണക്കാക്കാനാകില്ലെന്ന് സുപ്രീം കോടതി. ഇക്കാര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം കോടതി ശരിവെച്ചു. ബിഹാര്‍ വോട്ടര്‍പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട കേസില്‍ വാദം കേള്‍ക്കവേയാണ് സുപ്രീം കോടതിയുടെ നിര്‍ണായക നിരീക്ഷണം.

ആധാറിനെ പൗരത്വം തെളിയിക്കുന്നതിനുള്ള നിര്‍ണായക രേഖയായി കണക്കിലെടുക്കാനാകില്ലെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം ശരിയാണെന്നും എന്നാല്‍ ആധാറില്‍ സ്വതന്ത്രമായ പരിശോധന വേണ്ടിവരുമെന്നും കോടതി വാക്കാല്‍ പറഞ്ഞു. ജസ്റ്റിസ് സൂര്യകാന്തിന്റെ ബെഞ്ചാണ് സുപ്രധാനമായ നിരീക്ഷണം നടത്തിയത്.

വോട്ടര്‍പട്ടിക പരിശോധിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് അധികാരമുണ്ടോയെന്നതാണ് പ്രധാനപ്പെട്ട ചോദ്യം. അവര്‍ക്ക് അധികാരമില്ലെങ്കില്‍ എല്ലാം അവസാനിക്കും. പക്ഷെ, അവര്‍ക്ക് അതിനുള്ള അധികാരമുണ്ടെങ്കില്‍ അതൊരു വിഷയമല്ലെന്നും ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു.

വോട്ടര്‍മാരെ വ്യാപകമായി ഒഴിവാക്കുന്നതിലേക്കാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി വഴിയൊരുക്കുന്നതെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ കപില്‍ സിബല്‍ വാദിച്ചു. 2003-ലെ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ പോലും ഫോമുകള്‍ പൂരിപ്പിച്ച് നല്‍കേണ്ടി വരുമെന്നും താമസസ്ഥലം മാറ്റിയിട്ടില്ലെങ്കില്‍ പോലും ഇതിലൂടെ വോട്ടവകാശം നഷ്ടപ്പെടുന്നതിലേക്ക് നയിക്കുമെന്നും അദ്ദേഹം വാദിച്ചു.

കമ്മീഷന്റെ കണക്കുപ്രകാരം 7.24 കോടിയാളുകളാണ് രേഖകള്‍ സമര്‍പ്പിച്ചത്. അതില്‍ 65 ലക്ഷം പേരെ പട്ടികയില്‍നിന്ന് കാര്യമായ പരിശോധനയോ അന്വേഷണമോ ഇല്ലാതെ ഒഴിവാക്കിയെന്നും കപില്‍ സിബല്‍ ചൂണ്ടിക്കാട്ടി. 65 ലക്ഷം എന്ന കണക്കില്‍ എങ്ങനെയാണ് എത്തിയതെന്നും വസ്തുതകളെ അടിസ്ഥാനമാക്കിയുള്ളതാണോ അതോ അനുമാനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണോ എന്നും കോടതി ചോദിച്ചു.

‘നിങ്ങളുടെ ആശങ്ക സാങ്കല്‍പ്പികമാണോ അതോ യഥാര്‍ത്ഥത്തിലുള്ളതാണോ എന്ന് ഞങ്ങള്‍ക്ക് മനസിലാകണം.’ എന്നുപറഞ്ഞ ബെഞ്ച്, ഫോം സമര്‍പ്പിച്ചവര്‍ ഇതിനകം കരട് പട്ടികയില്‍ ഉണ്ടെന്നും ചൂണ്ടിക്കാട്ടി. തുടര്‍ന്ന്, 2025-ലെ പട്ടികയില്‍ 7.9 കോടി വോട്ടര്‍മാരുണ്ടെന്നും ഇതില്‍ 4.9 കോടി പേര്‍ 2003-ലെ പട്ടികയില്‍ ഉണ്ടായിരുന്നവരാണെന്നും 22 ലക്ഷം പേര്‍ മരിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും സിബല്‍ വാദിച്ചു.

അതേസമയം, ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍, മരണം മൂലമോ താമസം മാറിയതിനാലോ ഒഴിവാക്കപ്പെട്ട വോട്ടര്‍മാരുടെ പട്ടിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതി രേഖകളിലോ വെബ്‌സൈറ്റിലോ വെളിപ്പെടുത്തിയിട്ടില്ലെന്ന് ആരോപിച്ചു. ‘ബൂത്ത് തലത്തിലുള്ള ഏജന്റുമാര്‍ക്ക് ചില വിവരങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് അവര്‍ പറയുന്നു, എന്നാല്‍ മറ്റാര്‍ക്കും അത് നല്‍കാന്‍ തങ്ങള്‍ ബാധ്യസ്ഥരല്ലെന്ന് അവര്‍ അവകാശപ്പെടുന്നു.’ ഭൂഷണ്‍ പറഞ്ഞു.

ഒരു വോട്ടര്‍, ആധാറും റേഷന്‍ കാര്‍ഡും സഹിതം ഫോം സമര്‍പ്പിച്ചാല്‍, അതിലെ വിവരങ്ങള്‍ പരിശോധിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് ബാധ്യതയുണ്ടെന്ന് ബെഞ്ച് നിരീക്ഷിച്ചു. രേഖകള്‍ ലഭ്യമല്ലാത്തതിനെക്കുറിച്ചുള്ള അറിയിപ്പ് ലഭിക്കാന്‍ അര്‍ഹതയുള്ളവരെ ആ വിവരം യഥാര്‍ത്ഥത്തില്‍ അറിയിച്ചിട്ടുണ്ടോ എന്ന കാര്യത്തിലും ബെഞ്ച് വ്യക്തത തേടി.

Share

11 thoughts on “ആധാര്‍ കാര്‍ഡ് പൗരത്വത്തിന്റെ നിര്‍ണായക തെളിവല്ല; തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം ശരിവെച്ച് സുപ്രീം കോടതി

Comments are closed.

error: Content is protected !!