പ്രവാസികൾ ശ്രദ്ധിക്കുക! അനുവദിച്ച വേഗതയില്‍ കുറച്ചാല്‍ പിഴ; വഴി മാറികൊടുത്തില്ലെങ്കിലും പിഴ

ദുബായ് : എമിറേറ്റിൽ അനുവദിക്കപ്പെട്ട വേഗതയിലും കുറച്ച് വാഹനമോടിച്ചാൽ 400 ദിർഹം പിഴ ഈടാക്കുമെന്ന് ദുബായ് പോലീസിലെ ട്രാഫിക് ജനറൽ ഡിപ്പാർട്ട്മെന്റ് ആക്ടിങ് ഡയറക്ടർ ബ്രിഗേഡിയർ ജുമാ സലേം ബിൻ സുവൈദാൻ മുന്നറിയിപ്പ് നൽകി.

പുറകിൽ വേഗത്തിൽവരുന്ന വാഹനങ്ങൾക്ക് വഴികൊടുത്തില്ലെങ്കിലും പിഴ ബാധകമായിരിക്കും. വേഗത കുറച്ചുപോകുന്ന വാഹനങ്ങൾ റോഡിന്റെ വലതുഭാഗവും വേഗതകൂട്ടിപ്പോകുന്നവ റോഡിന്റെ ഇടതുവശവും ഉപയോഗിക്കണം. ഇടതുപാത ഓവർടേക്കിങ്ങിനുമുള്ളതാണ്. അനുവദനീയ വേഗതയിലും കുറച്ചുപോകുന്ന വാഹനങ്ങൾ അപകടങ്ങൾക്ക് കാരണമാകുമെന്നും സലേം ബിൻ സുവൈദാൻ ഓർമ്മിപ്പിച്ചു.

കുറഞ്ഞവേഗതയിൽ വാഹനമോടിക്കുന്നത് കൂടിയവേഗതയിൽ ഓടിക്കുന്നതിനു സമാനമായ ഗതാഗത നിയമലംഘനമാണ്. കാൽനടയാത്രക്കാരെയടക്കം അപകടങ്ങൾക്കിരകളാക്കാനും ഇത്തരം പ്രവണതകൾ കാരണമാകുമെന്നും ദുബായ് പോലീസ് പറഞ്ഞു.

വേഗത കുറച്ചുപോകുന്ന വാഹനങ്ങൾ ഇടതുവശത്തിലൂടെ പോകുന്നതുമാത്രമല്ല വേഗതയിൽ വരുന്ന വാഹനങ്ങൾക്ക് വഴികൊടുക്കാതിരിക്കുകയും ചെയ്യുന്നത് കടുത്ത നിയമലംഘനമാണ്. ഇത്തരം പ്രവണതകൾ കാരണം നിയമംതെറ്റിച്ച് വാഹനങ്ങൾ മറികടക്കാൻ കാരണമാകാറുണ്ടെന്നും സലേം ബിൻ സുവൈദാൻ വ്യക്തമാക്കി.

റോഡ് സുരക്ഷാനിയമം പാലിച്ചുകൊണ്ട് വാഹനമോടിച്ചില്ലെങ്കിൽ ഗുരുതരമായ അപകടങ്ങൾക്ക് കാരണമാകുമെന്നും ദുബായ് പോലീസ് ആവർത്തിച്ചു. സുരക്ഷിതമായി റോഡിന്റെ ലൈൻ മാറുന്നതോടൊപ്പം തൊട്ടടുത്ത വാഹനവുമായി നിശ്ചിത അകലമുണ്ടെന്നും ഉറപ്പാക്കണമെന്നും ബ്രിഗേഡിയർ ജുമാ സലേം ബിൻ സുവൈദാൻ ഓർമ്മിപ്പിച്ചു.

Share

13 thoughts on “പ്രവാസികൾ ശ്രദ്ധിക്കുക! അനുവദിച്ച വേഗതയില്‍ കുറച്ചാല്‍ പിഴ; വഴി മാറികൊടുത്തില്ലെങ്കിലും പിഴ

Comments are closed.

error: Content is protected !!