‘അവർ ജീവിച്ചിരിക്കുന്നു; നിങ്ങളെ ഒഴിവാക്കാൻ മരണ നാടകം’: ഭാര്യയെ കാണാനില്ലെന്ന് ഹർജി തള്ളി, സിനിമയെ വെല്ലും ട്വിസ്റ്റ്

കൊച്ചി: ‘‘അവർ ജീവിച്ചിരിക്കുന്നു. നിങ്ങളെ കല്യാണം കഴിച്ചിട്ടില്ലെന്നും സൗഹൃദം മാത്രമാണുണ്ടായിരുന്നത് എന്നുമാണ് അവർ പറയുന്നത്. അവർക്ക് നിങ്ങൾ പണം നൽകുകയായിരുന്നു എന്നും ഇനി യാതൊരു ബന്ധത്തിനും താൽപര്യമില്ലെന്നും അവർ പറയുന്നു. നിങ്ങൾ പുറകെ നടന്ന് ശല്യപ്പെടുത്തുന്നത് ഒഴിവാക്കാനായി താൻ മരിച്ചു പോയെന്നു വരുത്തി തീർക്കാൻ ഒരു പദ്ധതി തയാറാക്കുകയായിരുന്നു എന്നും അവർ പറഞ്ഞു’’, ഭാര്യയെ കാണാനില്ലെന്ന പരാതിയുമായി ഹേബിയസ് കോർപസ് ഹർജി ഫയൽ ചെയ്ത ചെന്നൈ സ്വദേശിയോട് ഹൈക്കോടതി വ്യക്തമാക്കി. ‘‘ഇപ്പോൾ എനിക്ക് മനസിലായിരിക്കുന്നു, അവർ എന്നെ വഞ്ചിക്കുകയായിരുന്നു’’, ഭാര്യയെ അപായപ്പെടുത്തി പണം തട്ടാൻ ശ്രമം നടക്കുന്നുവെന്ന പരാതി ഉന്നയിച്ചെത്തിയ ചെന്നൈ സ്വദേശി കോടതി മുമ്പാകെ പറഞ്ഞു.

.

വഞ്ചനാ കുറ്റത്തിനോ പണം തിരിച്ചു കിട്ടുന്നതിനോ ആവശ്യമെങ്കിൽ നിയമവ്യവസ്ഥയെ സമീപിക്കാമെന്നു വ്യക്തമാക്കിയ ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രൻ, എം.ബി.സ്നേഹലത എന്നിവരുടെ ബെഞ്ച്, ‘ഭാര്യ’യെ കണ്ടുകിട്ടിയ സാഹചര്യത്തിൽ ഹേബിയസ് കോർപസ് ഹർജി തള്ളുകയാണെന്നും വ്യക്തമാക്കി. സിനിമാ കഥകളെ വെല്ലുന്ന സംഭവവികാസങ്ങള്‍ക്ക് ഒടുവിലാണ് ഇന്ന് കോടതി മുറിയിൽ 63കാരനായ ചെന്നൈ സ്വദേശി ഹാജരായതും ഭാര്യയെന്ന് അദ്ദേഹം അവകാശപ്പെട്ട 44കാരിയായ ശ്രദ്ധ ലെനിൻ തമ്പിയെ പൊലീസ് ഹാജരാക്കിയതും. അതിന് ഇടയാക്കിയതാവട്ടെ കോടതിയുടെ അതിവേഗ ഇടപെടലുകളും. ഒപ്പം 2.39 കോടി രൂപയുടെ തട്ടിപ്പിനു പിന്നിലെ കാര്യങ്ങളും വെളിവായി.

.

2022ലാണ് തമിഴ്നാട് വൈദ്യുതി ബോർഡിൽനിന്ന് ജൂനിയർ എൻജിനീയറായി വിരമിച്ച ചെന്നൈ സ്വദേശിയും ഗ്വാളിയർ സ്വദേശിയായ ശ്രദ്ധയും വിവാഹമോചിതർക്കു വേണ്ടിയുള്ള മാട്രിമോണിയൽ വെബ്സൈറ്റ് വഴി വിവാഹിതരാകുന്നത്. തുടർന്ന് തങ്ങൾ വിവാഹം കഴിച്ച് ദമ്പതികളായി ഒരുമിച്ചു ജീവിച്ചു എന്ന് അദ്ദേഹം പറയുന്നു. എന്നാൽ ഭാര്യക്ക് കേരളത്തിൽ സുഹൃത്തുക്കൾ ഉള്ളതിനാൽ ഇടക്കിടെ അവിടേക്ക് പോവുകയും തൃശൂർ മണ്ണൂത്തി സ്വദേശിയായ ജോസഫ് സ്റ്റീവൻ എന്ന കുടുംബ സുഹൃത്തിനൊപ്പം താമസിക്കാറുണ്ടെന്നും പരാതിയിൽ പറയുന്നു. ഇക്കഴിഞ്ഞ ജനുവരിയിൽ ഇത്തരത്തിൽ കേരളത്തിലേക്ക് പോയ ശ്രദ്ധയെ ചെന്നൈ സ്വദേശി പിന്നീട് കാണുന്നത് ഏപ്രിലിൽ കൊച്ചിയിലെ ഒരു മാളിൽ വച്ചാണ്. മേയ് പകുതി വരെ തങ്ങൾ വാട്‌സാപ് വഴി സംസാരിച്ചിരുന്നുവെന്ന് അദ്ദേഹം പറയുന്നു. പിന്നീട് വിവരമൊന്നും ഇല്ലാതായി.

അങ്ങനെയിരിക്കെ,  ജൂൺ ആദ്യം അഭിഭാഷകനെന്ന് പരിചയപ്പെടുത്തിയ ജി.എം.റാവു എന്നയാൾ ഭാര്യ മരിച്ചെന്ന സന്ദേശവും കല്ലറയുടെ ചിത്രങ്ങളും വാട്സാപ്പിൽ അയച്ചു. ശ്രദ്ധ തന്റെ 2.50 കോടി രൂപയുടെ വീട് വിൽക്കാൻ തന്നെ ഏൽപ്പിച്ചിട്ടുണ്ടെന്നും അതിന്റെ ബാധ്യതാ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി 50 ലക്ഷം രൂപ ആവശ്യപ്പെട്ടതും താൻ നൽകിയെന്ന് ചെന്നൈ സ്വദേശി പറയുന്നു. തുടർന്ന് കന്യാസ്ത്രീയെന്നു പരിചയപ്പെടുത്തി സോഫിയ എന്നൊരു സ്ത്രീയും ഇതേ സന്ദേശം അയച്ചു. 10 ലക്ഷം രൂപയും ആവശ്യപ്പെട്ടു. ഇതോടെ, ഭാര്യയുടെ ബന്ധുക്കളെ കണ്ടെത്താനായി ഭർത്താവ് ഗ്വാളിയാറിലെത്തി. എന്നാൽ അവിടെനിന്ന് ഒരു വിവരവും ലഭിച്ചില്ല.

.

കേരളത്തിലെത്തി പൊലീസിൽ പരാതി നൽകിയെങ്കിലും അന്വേഷണം നീങ്ങാത്തതിനാൽ ഹേബിയസുമായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഭാര്യയെ ജോസഫ് സ്റ്റീവൻ, സോഫി എന്നിവർ ചേർന്ന് തടങ്കലിലാക്കി തന്നിൽനിന്നു പണം അപഹരിക്കാൻ ശ്രമിക്കുന്നു എന്നും ഭാര്യയുടെ ജീവൻ അപായത്തിലാകാതെ രക്ഷിക്കണമെന്നുമായിരുന്നു ചെന്നൈ സ്വദേശിയുടെ ആവശ്യം. വിഷയം ഗൗരവമായെടുത്ത ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഡിവിഷൻ ബെഞ്ച് യുവതിയെ കണ്ടെത്താൻ പൊലീസിന് നിർദേശം നൽകി.

ഇവിടെ വച്ചാണ് അടുത്ത ട്വിസ്റ്റ്. അന്വേഷണം ആരംഭിച്ച പൊലീസ് ഒരു കാര്യം പെട്ടെന്ന് കണ്ടെത്തി. ജോസഫ് സ്റ്റീവനും അഡ്വ. ജി.എം.റാവുവുമെല്ലാം തൃശൂർ സ്വദേശിയായ ലെനിൻ തമ്പി തന്നെ. വിവാഹ സമയത്ത് ഹാജരാക്കിയതെന്നു കാട്ടി ചെന്നൈ സ്വദേശി സമർപ്പിച്ച ശ്രദ്ധയുടെ ആധാർ കാർഡിലെ വിവരം അവർ ലെനിൻ തമ്പിയുടെ ഭാര്യയാണ് എന്നാണ്. വിലാസമാണെങ്കിൽ ഗ്വാളിയാറിലേതും. പൊലീസ് ലെനിൻ തമ്പിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ യുവതിയെ കുറിച്ചുള്ള വിവരങ്ങളും ലഭിച്ചു. പനമ്പിള്ളി നഗറിൽ ഫാഷൻ സ്റ്റോറും വൈറ്റിലയിൽ ഫ്ലാറ്റും ഉണ്ടെന്ന വിവരവും പൊലീസിന് കിട്ടി. വൈകാതെ രണ്ട് യുവാക്കൾക്കൊപ്പം ശ്രദ്ധയെ പൊലീസ് കണ്ടെത്തി. തുടർന്നായിരുന്നു ഇന്ന് കോടതിയിൽ ഹാജരാക്കിയത്. പിന്നീടാണ് കോടതി മുമ്പാകെ തനിക്ക് ചെന്നൈ സ്വദേശിയുമായി ബന്ധമൊന്നുമില്ലെന്നു യുവതി പറയുന്നത്. ഭാര്യയെ കണ്ടെത്താൻ എത്തി 2.39 കോടി രൂപ വഞ്ചിക്കപ്പെടുകയായിരുന്നു എന്ന് മനസിലാക്കിയ ചെന്നൈ സ്വദേശി നിയമനടപടിയുമായി മുന്നോട്ടു പോകുമോ എന്നതാണ് ഈ സംഭവത്തിലെ അടുത്ത ഭാഗം.

Share
error: Content is protected !!