എഴുത്തുകാരനും ചിന്തകനും സാഹിത്യവിമര്‍ശകനുമായ പ്രൊഫ. എം.കെ സാനു അന്തരിച്ചു

കൊച്ചി: എഴുത്തുകാരനും ചിന്തകനും സാഹിത്യവിമര്‍ശകനും അധ്യാപകനുമായ പ്രൊഫ. എം.കെ സാനു (98) അന്തരിച്ചു. എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് അന്ത്യം.

മലയാളഭാഷയിലെ മികച്ച ജീവചരിത്രകൃതികളെല്ലാം പ്രൊഫ എം.കെ സാനുവിന്റെ നിരീക്ഷണത്തില്‍ നിന്നും സംഭാവന ചെയ്യപ്പെട്ടതാണ്. മലയാളസാഹിത്യനിരൂപണ മേഖലമാത്രമല്ല, ഒരു കാലഘട്ടമൊന്നാകെ ഗുരുനാഥനായി ഏറ്റെടുത്ത പ്രതിഭാസം തന്നെയായിരുന്നു അദ്ദേഹം. മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും സാംസ്‌കാരിക കേരളത്തിന്റെയും ശബ്ദമായി മാറാന്‍ കഴിഞ്ഞ അപൂര്‍വം പ്രതിഭകളില്‍ ഒരാളായിരുന്നു അദ്ദേഹം.

തന്റെ എഴുത്തുകാലമത്രയും, ഗൗരവപൂര്‍ണമായ പുസ്തകങ്ങള്‍ രചിച്ചുകൊണ്ട്, പകരം വെക്കാന്‍ ഭാഷയ്ക്ക് മറ്റൊരു പേരില്ലാത്തവിധം അടയാളപ്പെടുത്തപ്പെട്ടു അദ്ദേഹം. ആശയപരമായി ഇടതുപക്ഷത്ത് നിലയുറപ്പിച്ചപ്പോഴും അദ്ദേഹം സര്‍വകക്ഷി സമ്മതനായി മാറി.

ആലപ്പുഴ ജില്ലയിലെ തുമ്പോളിയിൽ 1928 ഒക്ടോബർ 27 ന് എം.സി. കേശവന്റെയും കെ.പി. ഭവാനിയുടെയും മകനായി ജനിച്ച സാനു കുട്ടിക്കാലം മുതൽ തന്നെ തനിക്കു ചുറ്റുമുള്ള ജാതി വിവേചനങ്ങൾ കണ്ടാണ് വളർന്നത്. അതുകൊണ്ടു കൂടിയായിരിക്കാം അദ്ദേഹത്തിന്റെ ജീവിത വീക്ഷണത്തിൽ നാരായണ ഗുരുവും ഗുരുദർശനങ്ങളും നിർണായകമായ സ്വാധീനത ചെലുത്തിയത്.

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ നിന്ന് ഒന്നാം റാങ്കോടെ മലയാളത്തില്‍ എം.എ.ബിരുദം നേടിയ എം.കെ.സാനു കൊല്ലം ശ്രീനാരായണ കോളേജ്, എറണാകുളം മഹാരാജാസ് കോളേജ് എന്നിവിടങ്ങളില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1958-ല്‍ അഞ്ചു ശാസ്ത്ര നായകന്മാര്‍ എന്ന ആദ്യഗ്രന്ഥം പ്രസിദ്ധീകരിച്ചു. 1960ല്‍ വിമര്‍ശനഗ്രന്ഥമായ കാറ്റും വെളിച്ചവും പുറത്തിറങ്ങി. 1983-ല്‍ അധ്യാപനത്തില്‍ നിന്ന് വിരമിച്ചു.1986-ല്‍ പുരോഗമന സാഹിത്യസംഘം പ്രസിഡണ്ടായി. കോണ്‍ഗ്രസ് നേതാവ് എ എല്‍ ജേക്കബിനെ പരാജയപ്പെടുത്തി 1987-ല്‍ എറണാകുളം നിയമസഭാ മണ്ഡലത്തില്‍ നിന്നും ഇടതുപക്ഷ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ചു.

Share

One thought on “എഴുത്തുകാരനും ചിന്തകനും സാഹിത്യവിമര്‍ശകനുമായ പ്രൊഫ. എം.കെ സാനു അന്തരിച്ചു

Comments are closed.

error: Content is protected !!