‘ആഡംബര ഹോട്ടലിൽ താമസവും ഭക്ഷണവും; യൂറോപ്പ് വഴി കുറഞ്ഞ നിരക്കിൽ നാട്ടിലെത്താം’: ടൂർ തട്ടിപ്പിൽ കുടുങ്ങിയ പ്രവാസി മലയാളികൾക്ക് നഷ്ടപ്പെട്ടത് ലക്ഷങ്ങൾ
വിദേശ രാജ്യങ്ങളിലേക്ക് ടൂർ പാക്കേജുകൾ വാഗ്ദാനം ചെയ്തുള്ള തട്ടിപ്പ് ബഹ്റൈനിലും വ്യാപകം. കഴിഞ്ഞ ദിവസം യുഎഇയിലെ ഇത്തരം തട്ടിപ്പിനെക്കുറിച്ച് മനോരമ ഓൺലൈനിൽ വാർത്ത പ്രസിദ്ധീകരിച്ചതിനെ തുടർന്ന് ബഹ്റൈനിൽ നിന്നും മറ്റും ഒട്ടേറെ പേരാണ് അവരും തട്ടിപ്പിൽപ്പെട്ട് പണം നഷടപ്പെട്ട വിവരം കൈമാറാൻ മുന്നോട്ടുവന്നത്.
.
പ്രമുഖ തീർഥാടന കേന്ദ്രങ്ങളിലേക്കും വിദേശ രാജ്യങ്ങളിലേക്കും ടൂർ പാക്കേജും ബഹ്റൈനിലെ പ്രമുഖ വിനോദകേന്ദ്രങ്ങൾ, ആഡംബര ഹോട്ടലുകൾ എന്നിവിടങ്ങളിൽ വൻ നിരക്കിളവോടെ താമസവും വാഗ്ദാനം നൽകി വഞ്ചിക്കുന്ന സംഘങ്ങൾ ഏറെ കാലമായി ഒട്ടേറെ പേരിൽ നിന്ന് വൻ തുകകൾ തട്ടിയെടുത്തതായി മലയാളി സാമൂഹിക പ്രവർത്തകർ പറഞ്ഞു.
.
അവധി ദിവസങ്ങളിലും മറ്റും പ്രവാസികൾ വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാനാണ് ഇപ്പോൾ കൂടുതൽ ഇഷ്ടപ്പെടുന്നത് എന്ന സാഹചര്യം മുന്നിൽക്കണ്ടാണ് ഇവർ ഇപ്പോൾ കൂടുതൽ സജീവമായിരിക്കുന്നത്. ഇവരുടെ വഞ്ചനയിൽപ്പെട്ട് വൻതുകകളും സമയവും നഷ്ടപ്പെട്ടവർ ഒട്ടേറെ. വിദേശയാത്രയ്ക്ക് ഏറ്റവും മുന്നിൽ നിൽക്കുന്നവരാണെന്നതിനാൽ മലയാളികളാണ് വഞ്ചിക്കപ്പെട്ടവരിൽ കൂടുതൽ.
.
.
അഡ്വാൻസ് പണം നൽകിയതിനുള്ള റസീപ്റ്റ്.
പെട്ടെന്ന് കെണിയിൽ വീഴുന്നത് സ്ത്രീകൾ
മാളുകൾക്കും സൂപ്പർ-ഹൈപ്പർ മാർക്കറ്റുകൾക്കും മുന്നിൽ ജീവനക്കാരെ നിർത്തിയാണ് കുടുംബവുമായി സാധനങ്ങൾ വാങ്ങാൻ എത്തുന്നവരെ ഇവർ വലവീശുന്നത്. മിക്കയിടങ്ങളിലും മലയാളികളടക്കമുള്ള സന്ദർശക വീസയിലെത്തുന്ന ഇന്ത്യൻ, പാക്കിസ്ഥാനി യുവാക്കളാണ് ക്യാൻവാസിങ് നടത്തുന്നത്.
ചിലയിടങ്ങളിൽ പെൺകുട്ടികളെയും യുവതികളെയും മുന്നിൽ നിർത്തുന്നു. സ്ത്രീകളെയും വീട്ടമ്മമാരെയുമാണ് ഇവർ എളുപ്പത്തിൽ കെണിയിൽ വീഴ്ത്തുന്നത്. ആദ്യം ഒരു കൂപ്പണാണ് നൽകുക. ഇത് പൂരിപ്പിച്ചിട്ടാൽ ഭാഗ്യ നറുക്കെടുപ്പിലൂടെ കുറഞ്ഞ നിരക്കിൽ ഹോട്ടൽ താമസം, ടൂർ തുടങ്ങിയ ആകർഷകമായ സമ്മാനങ്ങളാണ് വാഗ്ദാനം. കൂപ്പൺ പൂരിപ്പിച്ച് നിക്ഷേപിക്കുന്ന എല്ലാവർക്കും നറുക്കെടുപ്പ് തീയതി കഴിഞ്ഞയുടൻ ഫോൺ വിളിയെത്തുന്നു.
താങ്കൾക്ക് സമ്മാനം ലഭിച്ചിരിക്കുന്നുവെന്നും അതു സ്വീകരിക്കാൻ കുടുംബ സമേതമായിരിക്കണം പ്രമുഖ ഹോട്ടലിൽ എത്തേണ്ടത് എന്നുമാണ് ആവശ്യപ്പെടുക. ഇതുകണ്ട് ആവേശം മൂത്ത് കുടുംബം ഹോട്ടലിലെത്തുന്നവർക്ക് അവിടെയൊരുക്കിയ പ്രത്യേക പരിപാടിയിലേക്ക് മികച്ച സ്വീകരണമാണ് ലഭിക്കുന്നത്. തുടർന്ന് ചുരുങ്ങിയത് ഒരു മണിക്കൂറോളം കമ്പനിയുടെ ടൂർ പാക്കേജിനെക്കുറിച്ച് ക്ലാസെടുക്കും. ഒട്ടേറെ കുടുംബങ്ങൾ ഇതിനായി എത്തിച്ചേരാറുമുണ്ട്.
.
2 മുതൽ 5 വരെ വർഷങ്ങളിൽ ഉപയോഗിക്കാവുന്ന രാജ്യാന്തര ടൂർ പാക്കേജാണ് ഇവർ വിഡിയോ ദൃശ്യങ്ങൾ സഹിതം വിവരിക്കുക. ഇന്ത്യയിലടക്കം വിവിധ ലോക രാജ്യങ്ങളിൽ പ്രമുഖ വിനോദ കേന്ദ്രങ്ങളുടെ സന്ദർശനം, ആഡംബര ഹോട്ടലുകളിൽ താമസം, ഭക്ഷണം തുടങ്ങിയവയൊക്കെയാണ് കുറഞ്ഞ നിരക്കിൽ വാഗ്ദാനം ചെയ്യുക. ഇന്ത്യയിൽ കശ്മീർ സന്ദർശനം മുതൽ ആലപ്പുഴയിലെ ബോട്ടുയാത്ര കൂടിയുണ്ട്. ബഹ്റൈൻ പാക്കേജിൽ 10 കേന്ദ്രങ്ങൾ തിരഞ്ഞെടുക്കാം.
.
.
അഡ്വാൻസായി പാക്കേജിന്റെ പകുതി തുക ഇരകൾക്ക് ആലോചിക്കാൻ സമയം നൽകാതെ അവിടെ വച്ചുതന്നെ കൈക്കലാക്കും. തുടർന്ന് പൂർണ തുക നൽകിയാൽ പോകേണ്ട സ്ഥലങ്ങളിലെ പ്രമുഖ ഹോട്ടലുകളുടെ വ്യാജ വൗച്ചറുകളും നൽകും. എന്നാൽ ഇവരെ വിശ്വസിച്ച് വൻ തുക കൊടുത്ത് വിമാന ടിക്കറ്റെടുത്ത് വിദേശങ്ങളിൽ ചെല്ലുമ്പോഴാണ് ഇത്തരത്തിലൊരു കമ്പനിയുമായി തങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്നും മുറി ബുക്ക് ചെയ്തിട്ടില്ലെന്നും മനസ്സിലാവുക. 100 മുതൽ 800 ബഹ്റൈൻ ദിനാർ വരെയാണ് പലർക്കും നഷ്ടമായിരിക്കുന്നത്.
നാട്ടിലേക്കുള്ള വിമാന ടിക്കറ്റിന് പൊള്ളുന്ന നിരക്ക്, കുറഞ്ഞ നിരക്കിൽ യൂറോപ്പിലേക്കായാലോ ഇന്ത്യയിലേക്ക് അടക്കമുള്ള ഏഷ്യൻ രാജ്യങ്ങളിലേക്ക് പൊതു അവധിക്കാലത്ത് ടിക്കറ്റ് നിരക്കിന് പൊള്ളുന്ന വിലയാണ് ഈടാക്കുന്നത്. അതുകൊണ്ട് തന്നെ കുറഞ്ഞ നിരക്കിൽ യൂറോപ്പിലും ഇന്ത്യയിലും ചുറ്റിക്കറങ്ങി നാട്ടിലേക്ക് പോയാലോ. ഈ ചതിയിലാണ് താനും കുടുംബവും പെട്ടുപോയതെന്ന് യൂറോപ്പ് യാത്രയ്ക്കായി ഒന്നര ലക്ഷം രൂപ(478 ബിഡി) നൽകി ചതിക്കപ്പെട്ട കൊല്ലം സ്വദേശി അനിൽ പറഞ്ഞു.
.
നഗരത്തിലെ ഒരു പ്രമുഖ മാളിൽ നിന്ന് ഈ വർഷം ഫെബ്രുവരി അവസാനത്തിലായിരുന്നു ഇദ്ദേഹത്തിന്റെ ഭാര്യ കൂപ്പൺ പൂരിപ്പിച്ച് നൽകിയത്. വൈകാതെ, വിജയിയായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ പേരിൽ മനാമയിലെ പ്രമുഖ ഹോട്ടലിൽ വിളിച്ച് ടൂറ് പാക്കേജുകൾ വിവരിച്ച ശേഷം 475 ബിഡിയുടെ ഇന്ത്യാ യാത്രാ പദ്ധതിയിൽ പങ്കാളിയാകാൻ നിർബന്ധിച്ചു. അനിൽ അപ്പോൾ തന്നെ 200 ബിഡി അടയ്ക്കുകയും ചെയ്തു. തിരിച്ചുപോകാനുള്ള ടിക്കറ്റ് ഉൾപ്പെടെയുള്ള വാഗ്ദാനങ്ങളെത്തുടർന്നാണ് യാത്രയ്ക്ക് തയാറായതെന്നും ഇദ്ദേഹം അധികൃതർക്ക് നൽകിയ പരാതിയിൽ പറഞ്ഞു.
.
.ടൂർ കമ്പനി നൽകിയ ഗിഫ്റ്റ് വൗച്ചർ.
.
സ്കൂൾ അവധിക്കാലം മുൻകൂട്ടി പദ്ധതിയിട്ടതിനാൽ ഇപ്പോൾ വലിയ സാമ്പത്തിക നഷ്ടമാണ് അനുഭവപ്പെടുന്നത്. ഈ മാസം 16-നാണ് യാത്രാ തീയതി എന്നതിന്റെ അടിസ്ഥാനത്തിൽ, 10-ന് ടിക്കറ്റ്, ആക്ടിവിറ്റി പാസുകൾ എന്നിവയൊക്കെ നൽകുമെന്ന് കമ്പനി ഏപ്രിൽ 22 ന് ഇമെയിൽ വഴി ഉറപ്പ് നൽകിയിരുന്നു. എന്നാൽ, അതിനുശേഷം കമ്പനി നൽകിയ എല്ലാ ഫോൺ നമ്പറുകളും ഇ-മെയിൽ വിലാസങ്ങളും ബന്ധപ്പെട്ടിട്ടും പ്രതികരണം ലഭിച്ചില്ലെന്ന് അനിൽ പറയുന്നു.
.
തട്ടിപ്പു സംഘത്തിൽ മലയാളികളും
കഴിഞ്ഞ റമസാന് മാളിലെ ഹൈപ്പർ മാർക്കറ്റിൽ കുടുംസമേതം ഷോപ്പിങ്ങിന് പോയതായിരുന്നു മലപ്പുറം സ്വദേശിയായ യുവാവ്. പ്രവേശന കവാടത്തിനരികെ ദാ, നിൽക്കുന്ന കൂപ്പണുമായി രണ്ട് യുവാക്കൾ. നറുക്കെടുപ്പിലൂടെ ഒട്ടേറെ ആകർഷകമായ സമ്മാനങ്ങൾ നൽകുന്ന സമ്മാനപദ്ധതിയുടെ കൂപ്പൺ. ഒരു സൗജന്യ കൂപ്പണല്ലേ, പൂരിപ്പിച്ചിട്ടേക്കാം എന്ന് കരുതി. നോമ്പ് അവസാനത്തോടടുത്തപ്പോൾ ആ സന്തോഷവാർത്തയുമായി ഫോൺ കോളെത്തി-കുടുംബസമേതം നഗരത്തിലെ ഒരു ഹോട്ടലിലെത്താനായിരുന്നു നിർദേശം.
എന്താണ് സമ്മാനമെന്നോ മറ്റോ അവർ ആദ്യം വെളിപ്പെടുത്തിയിട്ടില്ല. വന്ന് കാണുമ്പോൾ അതൊരു സർപ്രൈസായിക്കോട്ടെ എന്നായിരുന്നു മറുപടി. യുവാവ് അതിലങ്ങ് വീണു. ഭാര്യയോടും രണ്ട് കുട്ടികളോടുമൊപ്പം ഹോട്ടലിൽ ചെന്നപ്പോൾ നിറഞ്ഞ പുഞ്ചിരിയോടെ സ്വീകരണം. വെൽക്കം ഡ്രിങ്ക്, സ്നാക്സ്, കോട്ടും സ്യൂട്ടുമിട്ട ജീവനക്കാർ, മികച്ച സെറ്റപ്പ്… ഒരു ഫോമിൽ പേരും കുടുംബ വിവരങ്ങളും മേൽവിലാസവും ഫോൺ നമ്പരുമൊക്കെ എഴുതി വാങ്ങി. തുടർന്ന് അകത്തെ മുറിയിലേക്ക് ആനയിച്ചു. അവിടെയുണ്ടായിരുന്നത് മലപ്പുറം സ്വദേശിയായ കമ്പനിയുടെ മേലധികാരി. അയാൾ വിവിധ തരം പാക്കേജുകളെക്കുറിച്ച് വിശദീകരിച്ചു.
.
ഒടുവിൽ മലപ്പുറംകാരനല്ലേ, മലയാളിയല്ലേ, പറ്റിക്കുകയൊന്നുമില്ല എന്നൊക്കെ കരുതി അസർബൈജൈനിലേയ്ക്ക് കുടുംബസമേതം പോകാനുള്ള പാക്കേജ് തിരഞ്ഞെടുത്തു. അഞ്ച് പകലും ആറ് രാത്രിയും അടങ്ങുന്നതായിരുന്നു പാക്കേജ്. 375 ബിഡി പറഞ്ഞെങ്കിലും 350ന് ഉറപ്പിച്ചു. അഡ്വാൻസായി 175 ദിർഹം നൽകുകയും ചെയ്തു. ഇത്രയും ചെറിയ തുകയ്ക്ക് കുടുംബസമേതം വിദേശയാത്ര യാഥാർഥ്യമാകാൻ പോകുന്നതിന്റെ സന്തോഷത്തോടെ മടങ്ങുമ്പോൾ ഇരട്ടിമധുരമായി ഡിന്നർ സെറ്റും സമ്മാനമായി നൽകി.
.
ഇനിയാണ് വിദേശയാത്രാ പദ്ധതിയുടെ ആന്റി ക്ലൈമാക്സ്- ഡിസംബറിലായിരുന്നു പോകേണ്ടത്. പക്ഷേ, ഇപ്പോൾ അന്ന് നൽകിയ ഫോൺ നമ്പരുകളിൽ വിളിച്ചപ്പോൾ എല്ലാം സ്വിച്ഡ് ഓഫ്. ഇ-മെയിലിന് മറുപടിയുമില്ല. അപ്പോൾ മനസ്സിലായി, തട്ടിപ്പായിരുന്നു, പണം പോയി എന്ന്. അന്വേഷിച്ചപ്പോൾ തന്നെപ്പോലെ നൂറുകണക്കിന് പേർക്കും ഇതേ അനുഭവം. മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയുടെ പാസ്പോർട്ട് കോപ്പി നിർബന്ധിച്ച് വാങ്ങിയത് തന്റെ കൈയിലുണ്ടെന്നും പണം തിരിച്ചുകിട്ടാൻ വേണ്ട കാര്യങ്ങൾ ചെയ്യുന്നുവെന്നും ഇദ്ദേഹം പറഞ്ഞു.
.
ഇരകളുടെ പരാതിയിന്മേൽ നടപടി
ഇത്തരത്തിൽ തട്ടിപ്പിൽ വീണ ഒട്ടേറെ പേർ ഇതിനകം പൊലീസ്, ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റി, ഉപഭോക്തൃസംരക്ഷണ വിഭാഗം എന്നിവർക്കും ബന്ധപ്പെട്ട മറ്റു അധികാരികൾക്കും പരാതി നൽകിയിട്ടുണ്ട്. ഇതിൽ യാത്രാ പ്രേമികളായ സാധാരണക്കാർ പോലുമുണ്ട്. തട്ടിപ്പുകാർക്കെതിരെ അന്വേഷണം നടത്തി നിയമ നടപടിയുണ്ടാകുമെന്ന് അധികൃതർ ഇവർക്കെല്ലാം ഉറപ്പുനൽകിയിട്ടുണ്ട്.
.
.
എന്നാൽ ഇതേ അനുഭവമുള്ള സ്ത്രീകളടക്കമുള്ള ഒട്ടേറെ പേർ മാനക്കേടോർത്ത് ഇതുവരെ മുന്നോട്ടുവന്നിട്ടുമില്ല. ഇവരും പരാതി നൽകുകയും കഴിയുന്നത്ര കള്ളത്തരം വെളിച്ചത്തുകൊണ്ട് വന്ന് ഇനിയും ആളുകളിൽ നിന്ന് പണം തട്ടിയെടുക്കാതിരിക്കാൻ ശ്രമിക്കണമെന്നും ബഹ്റൈനിലെ സാമൂഹിക പ്രവർത്തകർ പറയുന്നു.
.
ജാഗ്രത നിർദേശങ്ങൾ:
∙ പാക്കേജ് വാങ്ങുന്നതിന് മുൻപ് കമ്പനിയുമായി ബന്ധപ്പെട്ട അവലോകനങ്ങൾ പരിശോധിക്കുക.
∙ കമ്പനിയുടെ റജിസ്ട്രേഷൻ വിവരങ്ങൾ പരിശോധിക്കുക.
∙ പണമടയ്ക്കുന്നതിന് മുൻപ് എല്ലാ വിവരങ്ങളും വ്യക്തമായി ശേഖരിക്കുക.
∙ തട്ടിപ്പ് സംശയമുള്ള സാഹചര്യങ്ങളിൽ ബന്ധപ്പെട്ട ഉപഭോക്തൃ സംരക്ഷണ അതോറിറ്റികളുമായി ബന്ധപ്പെടുക.
∙ ഇത്തരം തട്ടിപ്പുകളിൽ നിന്ന് രക്ഷപ്പെടാൻ ജാഗ്രതയും പരിശോധനയും വിശ്വാസയോഗ്യമായ സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ ശേഖരിക്കലും അത്യന്താപേക്ഷിതമാണ്.
കടപ്പാട്: സാദിഖ് കാവിൽ, മനോരമ ഓണ്ലൈൻ
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.