ഇന്ത്യാ-പാക് സംഘർഷത്തിൽ ആശങ്ക പ്രകടിപ്പിച്ച് സൗദി അറേബ്യ; പ്രശ്നപരിഹാരത്തിന് സമാധാനപരമായ മാർഗ്ഗങ്ങൾ സ്വീകരിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം
റിയാദ്: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം വർധിക്കുന്നതിൽ സൗദി അറേബ്യ ആശങ്ക പ്രകടിപ്പിച്ചു. അതിർത്തി പ്രദേശങ്ങളിൽ തുടർച്ചയായി വെടിവയ്പ്പുണ്ടാകുന്നതിനെ സൗദി ആശങ്കയോടെയാണ് കാണുന്നത്. സംഘർഷം ലഘൂകരിക്കാനും സ്ഥിതി വഷളാകാതെ ശ്രദ്ധിക്കാനും നയതന്ത്രപരമായ ചർച്ചകളിലൂടെ തർക്കങ്ങൾക്ക് പരിഹാരം കാണാനും ഇരു രാജ്യങ്ങളും ശ്രമിക്കണമെന്ന് സൗദി വിദേശകാര്യ മന്ത്രാലയം ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
.
ഇരു രാജ്യങ്ങളും നല്ല അയൽപക്ക ബന്ധങ്ങൾ പുലർത്തണം. ഇരു രാജ്യങ്ങളിലെയും മേഖലയിലെയും ജനങ്ങളുടെ താൽപ്പര്യങ്ങൾക്കായി സ്ഥിരതയും സമാധാനവും കൈവരിക്കാൻ പ്രവർത്തിക്കാനും സൗദി അറേബ്യ ഇരു രാജ്യങ്ങളോടും ആഹ്വാനം ചെയ്തു.
.
26 പേരുടെ ജീവനെടുത്ത പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങൾ വഷളായത്. ഈ ആക്രമണത്തിന് പിന്നിൽ പാകിസ്ഥാനാണെന്നാണ് ഇന്ത്യയുടെ ആരോപണം. തുടർന്ന് പാകിസ്ഥാനിൽ നിന്നുള്ളവരെ ഇന്ത്യയിൽ നിന്ന് പുറത്താക്കുകയും ജല, സുരക്ഷാ കരാറുകൾ താൽക്കാലികമായി മരവിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടർന്ന് പാക്കിസ്ഥാനും സമാനായ നടപടികൾ കൈകൊണ്ടു. കൂടാതെ ചൈനയിൽ നിന്നും തുർക്കിയിൽ നിന്നും ആയുധങ്ങളും പാക്കിസ്ഥാനിലെത്തി. ഇരു രാജ്യങ്ങളും ശക്തമായ കൂടിയാലോചനകളാണ് നടത്തി വരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ദ്വിദിന സന്ദർശനത്തിനായി ജിദ്ദയിൽ എത്തി മണിക്കൂറുകൾ പിന്നിട്ടപ്പോഴാണ് കശ്മീരിലെ പഹല്‍ഗാമിൽ ഭീകരാക്രമണമുണ്ടായത്. തുടർന്ന് സന്ദർശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി അന്ന് തന്നെ മടങ്ങുകകയായിരുന്നു.
.
ഈ സാഹചര്യത്തിലാണ് സൗദി വിദേശകാര്യ മന്ത്രാലയം ആശങ്ക പ്രകടിപ്പിച്ചത്. ഇരു രാജ്യങ്ങളും സംയമനം പാലിക്കണമെന്നും, പ്രശ്നപരിഹാരത്തിന് സമാധാനപരമായ മാർഗ്ഗങ്ങൾ സ്വീകരിക്കണമെന്നും സൗദി അറേബ്യ ആവർത്തിച്ചു. മേഖലയിലെ സ്ഥിരതയും സമാധാനവും കാത്തുസൂക്ഷിക്കേണ്ടത് അത്യാവശ്യമാണെന്നും സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക