മംഗളൂരുവിൽ മലയാളിയെ തല്ലിക്കൊന്ന 20 സംഘ്പരിവാർ പ്രവർത്തകർ അറസ്റ്റിൽ; ജപ്തി ചെയ്ത വീടിന് സമീപം ആംബുലൻസിൽ പൊതുദർശനം, അഷ്റഫിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി
കോട്ടക്കൽ: മംഗളൂരുവിൽ സംഘ്പരിവാർ പ്രവർത്തകർ തല്ലിക്കൊന്ന വയനാട് പുൽപ്പള്ളി സ്വദേശി അഷ്റഫിന് ജന്മനാടായ മലപ്പുറം കോട്ടക്കലിൽ ആയിരങ്ങൾ കണ്ണീരോടെ യാത്രാമൊഴി നൽകി. അഷ്റഫും കുടുംബവും മുൻപ് താമസിച്ചിരുന്ന പറപ്പൂർ ചോലക്കുണ്ടിലെ വീടിന് സമീപം പൊതുദർശനത്തിന് വെച്ച മൃതദേഹം കാണാൻ വൻ ജനാവലിയാണ് ഒഴുകിയെത്തിയത്. വീട് നേരത്തെ ബാങ്ക് ജപ്തി ചെയ്തതിനെ തുടർന്ന് റോഡരികിൽ ആംബുലൻസിനുള്ളിലാണ് പൊതുദർശനത്തിന് വെച്ചത്. കൊല്ലപ്പെട്ട അഷ്റഫിൻ്റെ മാതാവ് ഉൾപ്പെടെയുളളവർ ആംബുലൻസിനടുത്ത് എത്തിയാണ് മൃതദേഹം അവസാനമായി കണ്ടത്. കണ്ടുനിന്നവർക്ക് ഇത് ഹൃദയം പൊട്ടുന്ന കാഴ്ചയായിരുന്നു. തുടർന്ന് ചോലക്കുണ്ട് പള്ളി ഖബർസ്ഥാനിൽ അഷ്റഫിനെ ഖബറടക്കി.
.
അതിനിടെ, അഷ്റഫിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇതുവരെ 20 പേരെ പോലീസ് അറസ്റ്റ് ചെയ്തു. പിടിയിലായവരെല്ലാം ആർ.എസ്.എസ്, ബജ്റംഗദൾ പ്രവർത്തകരാണെന്ന് പോലീസ് അറിയിച്ചു. കൊലപാതകത്തിന് തുടക്കമിട്ടത് കുഡുപ്പു സ്വദേശി സച്ചിൻ ആണെന്നും, അക്രമത്തിൽ 25 ഓളം പേർ പങ്കാളികളാണെന്നും മംഗളൂരു സിറ്റി പോലീസ് കമ്മീഷണർ അനുപം അഗർവാൾ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
.
കുൽശേഖർ സ്വദേശിയായ ദീപക് കുമാർ (33) നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. മംഗളൂരു കടുപ്പിലും പരിസരത്തും താമസിക്കുന്ന സച്ചിൻ ടി (26), ദേവദാസ് (50), മഞ്ജുനാഥ് (32), സായിദീപ് (29), നിതീഷ് കുമാർ എന്ന സന്തോഷ് (33), ദീക്ഷിത് കുമാർ (32), സന്ദീപ് (23), വിവിയൻ അൽവാറസ് (41), ശ്രീദത്ത (32), രാഹുൽ (23), പ്രദീപ് കുമാർ (35), മനീഷ് ധേതന്തി (35), (27), കിഷോർ കുമാർ (37) എന്നിവരാണ് അറസ്റ്റിലായ പ്രധാന പ്രതികൾ.
.
.
ഞായറാഴ്ച മൂന്നുമണിയോടെ മംഗളൂരു ബത്ര കല്ലൂർത്തി ക്ഷേത്രത്തിന് സമീപമാണ് അഷ്റഫ് ദാരുണമായി കൊല്ലപ്പെട്ടത്. പ്രാദേശിക ക്രിക്കറ്റ് മത്സരം നടക്കുന്ന സ്ഥലത്തുവെച്ചായിരുന്നു അരുംകൊല. ഇത് ആൾക്കൂട്ട ആക്രമണമാണെന്ന് കർണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വര സ്ഥിരീകരിച്ചു. ഇത്തരം സംഭവങ്ങൾ സംസ്ഥാനത്തെ സാമുദായിക സൗഹാർദ്ദം തകർക്കുമെന്നും പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ദക്ഷിണ കന്നട ജില്ലയുടെ ചുമതലയുള്ള മന്ത്രി ദിനേശ് ഗുണ്ടു റാവു അറിയിച്ചു. സാമൂഹിക സൗഹാർദ്ദം നിലനിർത്തണമെന്നും ഊഹാപോഹങ്ങളിൽ വിശ്വസിക്കരുതെന്നും അദ്ദേഹം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
.
കൈകൾ കൊണ്ട് ഇടിക്കുകയും, ചവിട്ടിയും, വടി ഉപയോഗിച്ചുമാണ് അഷ്റഫിനെ അക്രമികൾ മർദ്ദിച്ചത്. നാട്ടുകാരിൽ ചിലർ ഇടപെടാൻ ശ്രമിച്ചെങ്കിലും അക്രമികൾ മർദ്ദനം തുടർന്നു. തലക്കും ശരീരത്തിനും ഏറ്റ ഗുരുതരമായ മുറിവുകളാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. മാനസിക വെല്ലുവിളി നേരിടുന്ന അഷ്റഫിന് സ്വന്തം നാടുമായും വീടുമായും കാര്യമായ അടുപ്പമുണ്ടായിരുന്നില്ല. എങ്കിലും, ജപ്തി കാരണം ചോലക്കുണ്ടിലെ വീട് നഷ്ടപ്പെട്ടതോടെ അഷ്റഫ് വയനാട്ടിലെ പുൽപ്പള്ളിയിലുള്ള മാതൃവീട്ടിലേക്ക് താമസം മാറിയിരുന്നു.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക