അമ്മയേയും സഹോദരിയേയും കുറിച്ച് മോശമായി സംസാരിച്ചു, ഉറ്റസുഹൃത്തിനെ കുത്തിക്കൊന്നു; പ്രവാസിക്ക് ജീവപര്യന്തം തടവ്
മനാമ: ബഹ്റൈനിൽ താമസയിടത്ത് ഉറ്റ സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിൽ പ്രവാസിക്ക് ജീവപര്യന്തം തടവ്. സുപ്രീം ക്രിമിനൽ അപ്പീൽ കോടതിയാണ് ശിക്ഷ വിധിച്ചുകൊണ്ടുള്ള ഹൈ ക്രമിനൽ കോടതിയുടെ ഉത്തരവ് ശരിവെച്ചത്. 43കാരനായ പാകിസ്ഥാനിയാണ് അടുത്ത സുഹൃത്തായ മുദാസിർ സരീഫ് മുഹമ്മദ് എന്നയാളെ കൊലപ്പെടുത്തിയത്. ഇരുവരും ചേർന്ന് മദ്യപിക്കുകയും തുടർന്ന് നടന്ന വാക്കേറ്റത്തിൽ പ്രതി സുഹൃത്തിനെ കത്തി കൊണ്ട് കുത്തുകയുമായിരുന്നു.
.
തന്റെ കുടുംബത്തെ അപമാനിച്ചതിനെ തുടർന്നാണ് ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടായതെന്നും കൊലപ്പെടുത്തണമെന്ന് ഉദ്ദേശിച്ചിരുന്നില്ലെന്നും വിചാരണയ്ക്കിടെ പ്രതി കോടതിയിൽ പറഞ്ഞു. പോലീസ് റിപ്പോർട്ടുകൾ പ്രകാരം, കൊല്ലപ്പെട്ടയാൾ പ്രതിയുടെ മൂത്ത സഹോദരനെ മർദിച്ചതായി മദ്യപാനത്തിനിടെ വെളിപ്പെടുത്തി. കൂടാതെ പ്രതിയുടെ അമ്മയെയും സഹോദരിയെയും കുറിച്ച് മോശമായി സംസാരിക്കുകയും ചെയ്തു.
.
ഇതിൽ പ്രകോപിതനായ പ്രതി അടുക്കളയിൽ എത്തുകയും കത്തി തന്റെ പോക്കറ്റിൽ ഒളിപ്പിച്ച് വെക്കുകയും ചെയ്തു. തുടർന്ന് ഈ കത്തി ഉപയോഗിച്ച് സുഹൃത്തിനെ പലതവണ കുത്തുകയായിരുന്നു. കൃത്യം നടത്തിയ ശേഷം താമസസ്ഥലത്തുനിന്നും ഓടി രക്ഷപ്പെടുകയായിരുന്നെന്നും പോലീസ് റിപ്പോർട്ടിൽ പറയുന്നു. സംഭവം നടന്ന വിവരം ലഭിച്ച് മണിക്കൂറുകൾക്കുള്ളിൽ പ്രതി പിടിയിലാവുകയും ചെയ്തു. പ്രതിയും കൊല്ലപ്പെട്ട ഇയാളുടെ സൃഹൃത്തും തമ്മിൽ പത്തുവർഷത്തെ സൗഹൃദമാണ്. ബഹ്റൈനിൽ ജോലിക്കായെത്തുന്നതിന് മുൻപ് പലയിടങ്ങളിലും ഒരുമിച്ച് ജോലി ചെയ്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
.
നാലു മാസം മുൻപ് ഈ കേസിൽ ഹൈ ക്രമിനൽ കോടതിയിൽ വിചാരണ നടക്കുകയും ജീവപര്യന്തം തടവിന് കോടതി വിധിക്കുകയും ചെയ്തിരുന്നു. തടവിന് ശേഷം പ്രതിയെ നാടുകടത്താനും കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ പിന്നീട് പ്രതി ജീവപര്യന്തം തടവിനെതിരെ അപ്പീൽ കൊടുത്തു. ഇതിലാണ് സുപ്രീം ക്രിമിനൽ അപ്പീൽ കോടതിയും ശിക്ഷ ശരിവെച്ചുകൊണ്ടുള്ള വിധി പുറപ്പെടുവിച്ചിരിക്കുന്നത്.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക