സൗദിയിലെ ഇന്ത്യൻ പാസ്‌പോർട്ട്, വിസ സേവനങ്ങൾക്ക് പുതിയ ഏജൻസി; വി.എഫ്.എസിൽനിന്നുള്ള സേവനങ്ങൾ ജൂൺ 30 വരെ മാത്രം
ജിദ്ദ: സൗദി അറേബ്യയിലെ ഇന്ത്യൻ എംബസിയും കോൺസുലേറ്റും നൽകിവരുന്ന പാസ്‌പോർട്ട്, വിസ, കോൺസുലർ സേവനങ്ങളുടെ ഔട്ട്‌സോഴ്‌സിംഗ് കരാർ ഇനി ‘അലങ്കിത് അസൈൻമെന്റ്‌സ്’ ന്. റിയാദിലെ ഇന്ത്യൻ എംബസിയിൽ ഇന്നലെ നടന്ന തുറന്ന ടെൻഡറിൽ ഏറ്റവും കുറഞ്ഞ തുക ക്വോട്ട് ചെയ്ത അലങ്കിത് അസൈൻമെന്റ്‌സ് ലിമിറ്റഡിനാണ് പുതിയ കരാർ ലഭിച്ചത്.
.
കഴിഞ്ഞ 11 വർഷമായി സൗദിയിൽ ഇന്ത്യൻ പാസ്‌പോർട്ട്, വിവിധ രാജ്യങ്ങളിലേക്കുള്ള വിസ സേവനങ്ങൾ എന്നിവയുടെ ഔട്ട്‌സോഴ്‌സിംഗ് നടത്തിയിരുന്ന വി.എഫ്.എസ് ഗ്ലോബലിൻ്റെ പ്രവർത്തനം ഇതോടെ അവസാനിക്കും. ഈ സേവനങ്ങൾ ഇനി അലങ്കിത് അസൈൻമെന്റ്‌സ് ഏറ്റെടുക്കും. ജൂൺ 30 വരെ വി.എഫ്.എസ് സേവനങ്ങൾ ലഭ്യമാകും. അതിനുശേഷം കാര്യങ്ങൾ പുതിയ ഏജൻസിക്ക് കൈമാറും.
.
2014 മുതൽ ഇന്ത്യൻ മാനേജ്‌മെൻ്റിന് കീഴിലുള്ള വി.എഫ്.എസ് (വിസ ഫെസിലിറ്റേഷൻ സർവീസ്) ആണ് സൗദിയിൽ ഈ സേവനങ്ങൾ നടത്തിയിരുന്നത്. ജിദ്ദയിലെ ഹായിൽ സ്ട്രീറ്റിലും മുഹമ്മദിയ്യയിലും വി.എഫ്.എസ് ഗ്ലോബലിന് കേന്ദ്രങ്ങളുണ്ട്. കൂടാതെ റിയാദ് ദമ്മാം അൽ ഖോബാർ അബഹ, ഖമിസ് മുഷൈത്, ബുറൈദ, ഹായിൽ, ജാസാൻ, ജുബൈൽ, മദീന, മക്ക, നജ്‌റാൻ, സകാക്ക, തബൂക്ക് എന്നിവിടങ്ങളിലും വിഎഫ്എസ് കേന്ദ്രങ്ങളുണ്ട്.
.
ഈ കേന്ദ്രങ്ങളിൽ നിന്ന് യുഎസ്, യുകെ, ചൈന തുടങ്ങിയ രാജ്യങ്ങൾ ഒഴികെയുള്ള വിവിധ രാജ്യങ്ങളിലേക്കുള്ള വിസ സേവനങ്ങളും തുടർന്നും ലഭ്യമാകും. ഇവിടെ ഫ്രഞ്ച് വിസ സേവനങ്ങളാണ് കൂടുതലായി നടക്കുന്നത്. ദിവസവും ശരാശരി 500 ഫ്രഞ്ച് വിസകൾ വി.എഫ്.എസ് ഗ്ലോബൽ വഴി വിതരണം ചെയ്യുന്നുണ്ടെന്നാണ് കണക്ക്. എന്നാൽ ഹായിൽ സ്ട്രീറ്റിലെ വി.എഫ്.എസ് കേന്ദ്രത്തിൽ ഇന്ത്യക്കാരുടെ പാസ്‌പോർട്ട്, വിസ സംബന്ധമായ സേവനങ്ങളാണ് പ്രധാനമായും നടക്കുന്നത്. ഏകദേശം ഇരുനൂറോളം പാസ്പോർട്ട് അപേക്ഷകൾ ദിവസവും ഇവിടെ കൈകാര്യം ചെയ്യപ്പെടുന്നു.
.
പുതിയ കരാറിനായുള്ള ലേലത്തിൽ നാല് ഔട്ട്‌സോഴ്‌സിംഗ് ഏജൻസികളാണ് പങ്കെടുത്തത്. ബി.എൽ.എസ് ഇൻ്റർനാഷണൽ, യൂസുഫ് ബിൻ അഹമ്മദ് കാനു കമ്പനി, വി.എഫ് വേൾഡ് വൈഡ് ഹോൾഡിംഗ്‌സ്, അലങ്കിത് അസൈൻമെന്റ്‌സ് എന്നിവയായിരുന്നു ഈ കമ്പനികൾ. മറ്റ് മൂന്ന് സ്ഥാപനങ്ങളെക്കാളും കുറഞ്ഞ തുകയ്ക്ക് ടെൻഡർ നേടിയ അലങ്കിത് അസൈൻമെന്റ്‌സിനെ എംബസി പുതിയ ഔട്ട്‌സോഴ്‌സിംഗ് ഏജൻസിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചു.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.