സൗദിയിൽ തൊഴിൽ കരാറില്ലാതെ 60 ദിവസത്തിലധികം തങ്ങിയാൽ ‘ഹുറൂബ്’ആയി പരിഗണിക്കും; തൊഴിൽ നഷ്ടപ്പെടുന്നവർ ഇക്കാര്യങ്ങൾ ശ്രദ്ദിക്കുക
റിയാദ്: തൊഴിൽ കരാറില്ലാതെ അറുപത് ദിവസത്തിലധികം സൗദിയിൽ തങ്ങിയാൽ ‘ഹുറൂബ്’ അഥവാ ഒളിച്ചോടിയതായി പരിഗണിക്കുമെന്ന് ലേബർ ഓഫീസ്. കിഴക്കൻ പ്രവിശ്യയിലെ ജുബൈൽ ബ്രാഞ്ച് ഇൻഫോർമേഷൻ ഡെസ്കിൽനിന്ന് വെളിപ്പെടുത്തിയതാണ് ഇക്കാര്യം. തൊഴിലുടമയുടെ കീഴിൽ നിന്ന് ഒളിച്ചോടിയെന്ന് രേഖപ്പെടുത്തി കേസെടുക്കുന്ന നടപടിക്രമത്തെയാണ് ‘ഹുറൂബ്’ എന്ന് പറയുന്നത്.
.
തൊഴിൽ ദാതാവ് (സ്പോണ്സർ) ജോലിയിൽ നിന്നും ഒഴിവാക്കുകയോ മറ്റെന്തെങ്കിലും കാരണത്താൽ തൊഴിൽ നഷ്ടപ്പെടുകയോ ചെയ്ത ശേഷം ‘ഖിവ’ പോർട്ടലിൽ കരാർ റദ്ദു ചെയ്ത് മറ്റൊരു തൊഴിൽ കണ്ടെത്താനുള്ള പരമാവധി കാലാവധി 60 ദിവസമാണ്. ഈ 60 ദിവസത്തിനുള്ളിൽ തൊഴിലാളി മറ്റൊരു തൊഴിൽ ദാതാവിനെ കണ്ടെത്തുകയും ഖിവ പോർട്ടലിൽ പുതിയ തൊഴിൽ കരാർ രജിസ്റ്റർ ചെയ്തു സ്‌പോൺസർഷിപ് മാറുകയും ചെയ്യണം. അല്ലാത്ത പക്ഷം നിലവിലെ സ്പോൺസറോ തൊഴിലാളിയോ അറിയാതെ സ്വയമേവ സിസ്റ്റത്തിൽ സ്റ്റാറ്റസ് ‘ഹുറൂബി’ൽ ആകും..
.
പിന്നീട് നാടുകടത്തൽ കേന്ദ്രം വഴി സൗദിയിൽനിന്നും നാട് കടത്തപ്പെടുകയും ചെയ്യും. നിലവിൽ നാല് കേസുകൾ ഇതുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇവരെല്ലാം രണ്ടു മാസമായി പുതിയ തൊഴിൽ അന്വേഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. പുതിയ അറിയിപ്പ് വന്നതോടെ നിരവധി പേരാണ് പുതിയ തൊഴിൽ കണ്ടെത്താൻ നെട്ടോട്ടമോടുന്നത്.
.
തൊഴിൽ നഷ്ടപ്പെടുന്നവർ എന്ത് ചെയ്യണം?
തൊഴിൽ നഷ്ടപ്പെടുന്നവർ സുരക്ഷിത നിലയിലേക്ക് മാറുകയാണ് ഏറ്റവും പ്രധാനമായി ചെയ്യേണ്ട കാര്യം. അതിനായി 60 ദിവസമാണ് അനുവദിക്കുക. അതിനുള്ളിൽ പുതിയ തൊഴിൽ കണ്ടെത്തുകയും പുതിയ തൊഴിലുടമക്ക് കീഴിൽ ഖിവ പോർട്ടൽ വഴി ഓണ്ലൈൻ തൊഴിൽ കരാർ അംഗീകരിക്കുകയും വേണം. ഇതോടെ അയാൾ സുരക്ഷിതനായി. എന്നാൽ ഉദ്ദേശിച്ച രീതിയിലുള്ള മികച്ച വേതനം ലഭിക്കുന്ന ജോലി കണ്ടെത്താനായില്ലെങ്കിൽ, അനുവദിച്ചിരിക്കുന്ന 60 ദിവസത്തിനുള്ളിൽ തൽക്കാലം കിട്ടുന്ന ജോലിയിലേക്ക് മാറി സുരക്ഷിതരാകുക. ഒരോ വർഷവും പുതുക്കുന്ന രീതിയിലുള്ള തൊഴിൽ കരാർ മാത്രം അംഗീകരിക്കുക. അടുത്ത വർഷം തൊഴിൽ കരാർ പുതുക്കുന്നതിന് മുമ്പ് മറ്റൊരു മെച്ചപ്പെട്ട തൊഴിൽ കണ്ടെത്താൻ ശ്രിക്കുകയും ചെയ്യുക. അപ്രകാരം മെച്ചപ്പെട്ട ജോലി കണ്ടെത്തിയാൽ, നിലവിലെ തൊഴിൽ കരാർ കാലാവധിക്ക് ശേഷം പുതിയ തൊഴിലുടമയിലേക്ക് സ്പോണ്സർഷിപ്പ് മാറാം. ഇങ്ങിനെ തൊഴിൽ കരാർ കാലാവധിക്ക് ശേഷം പുതിയ തൊഴിലുടമയിലേക്ക് സ്പോണ്സർഷിപ്പ് മാറാൻ മുൻകാലങ്ങളിലെ പോലെ പഴയ സ്പോണ്സറുടെ അനുമതി ആവശ്യമില്ല. ഇതിനിടയിലും മെച്ചപ്പെട്ട ജോലി കണ്ടെത്താനായില്ലെങ്കിൽ ഒരു വർഷം കൂടി കിട്ടിയ ജോലിയിൽ തുടരുക. ഇതിനും സാധിക്കാത്തവർ സ്വയം ഹുറൂബ് ആകുന്നതിന് മുമ്പ് ഫൈനൽ എക്സിറ്റ് നേടി നാട്ടിലേക്ക് പോകുകയാണ് അഭികാമ്യം.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.