വ്യോമാതിർത്തി അടച്ച് പാകിസ്താൻ; റൂട്ട് മാറ്റി എയർ ഇന്ത്യയും ഇൻഡി​ഗോയും; ഗൾഫ് യാത്രക്കാർ ശ്രദ്ധിക്കുക!

ന്യൂഡൽഹി: ഇന്ത്യൻ വിമാനങ്ങൾക്ക് അനുമതി നിഷേധിച്ച് വ്യോമാതിർത്തി അടയ്ക്കുന്നതിനുള്ള പാകിസ്താൻ ഭരണകൂടത്തിന്റെ തീരുമാനത്തിന് പിന്നാലെ റൂട്ട് മാറ്റം പ്രഖ്യാപിച്ച് എയർ ഇന്ത്യയും ഇൻഡി​ഗോയും. അമേരിക്ക, യൂറോപ്പ്, യുകെ, മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലേക്കുള്ള വിമാനങ്ങൾ വഴിതിരിച്ചുവിടും. പുതിയ ഫ്ലൈറ്റ് പാതകൾ ദൈർഘ്യമേറിയതായതിനാൽ ചില അന്താരാഷ്ട്ര വിമാനങ്ങളുടെ സമയക്രമത്തെ ഇത് ബാധിച്ചേക്കാമെന്ന് ഇരു കമ്പനികളും എക്സിലൂടെ അറിയിച്ചു.
.
പുതിയ നടപടി ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകളെയുൾപ്പെടെ ബാധിക്കും. മിഡില്‍ ഈസ്റ്റ്, ഉത്തര അമേരിക്ക, ബ്രിട്ടന്‍, യൂറോപ്പ് എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള അന്താരാഷ്ട്ര വിമാന സർവീസുകൾക്ക് കാലതാമസമുണ്ടാക്കുമെന്ന് വിമാന കമ്പനികൾ അറിയിച്ചു. യാത്രികർക്ക് ഉണ്ടാകാനിടയുള്ള അസൗകര്യത്തിൽ ഖേദം പ്രകടിപ്പിച്ച ഇരു വിമാനക്കമ്പനികളും, വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാർ വിമാന സമയങ്ങളും ഷെഡ്യൂളുകളും രണ്ടുതവണ പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും അഭ്യർത്ഥിച്ചു.
.
ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം ഉൾപ്പെടെ വടക്കൻ മേഖലയിൽ നിന്നുള്ള വിമാനങ്ങളെയാണ് ഇത് സാരമായി ബാധിക്കുക. പാക് വ്യോമ പാത ഒഴിവാക്കി യാത്ര ചെയ്യുമ്പോൾ പടിഞ്ഞാറൻ ഭാഗത്തേക്കുള്ള അന്താരാഷ്ട്ര വിമാന സർവീസുകൾക്ക് കൂടുതൽ യാത്ര ദൈർഘ്യവും അത് വഴി ഉയർന്ന ഇന്ധന ഉപഭോഗവും വേണ്ടി വരും. അമൃത്സർ, ലഖ്‌നൗ തുടങ്ങിയ വടക്കേ ഇന്ത്യയിലെ മറ്റ് വിമാനത്താവളങ്ങളിൽ നിന്ന് പടിഞ്ഞാറോട്ട് പോകുന്ന അന്താരാഷ്ട്ര വിമാന സർവീസുകളെയും ഇത് ബാധിക്കും.
.
അതേസമയം കേരളത്തിൽ നിന്നുള്ള ഗൾഫ് വിമാന സർവീസുകളെ ഇപ്പോൾ ഇത് ബാധിക്കില്ല. കാരണം കേരളത്തിൽ നിന്നുള്ള വിമാന സർവീസുകൾക്ക് പാക് വ്യോമ പാത ഉപയോഗിക്കുന്നില്ല. ഇന്ത്യൻ വ്യോമ പാതയും ഗൾഫിലെ വിവിധ രാജ്യങ്ങളുടെ വ്യോമ പാതകളും ആണ് കേരള-ഗൾഫ് സെക്ടറുകളിൽ വിമാന സർവീസിന് ഉപയോഗിക്കുന്നത്. അതിനാൽ തന്നെ നിലവിൽ കേരളത്തിൽ നിന്ന് ഗൾഫിലെ വിവിധ രാജ്യങ്ങളിലെക്ക് പോകുന്ന വിമാന സർവ്വീസുകളെ ഇത് നേരിട്ട് ബാധിക്കാൻ ഇടയില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
.
പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് പാകിസ്താനെതിരെ ഇന്ത്യ കർശന നടപടികളിലേക്ക് നീങ്ങിയതിന് പിന്നാലെയാണ് പാക് വ്യോമാതിർത്തി അടയ്ക്കുന്നതിനും ഇന്ത്യൻ വിമാനങ്ങൾക്ക് അനുമതി നിഷേധിക്കുന്നതിനും പാകിസ്താൻ ഭരണകൂടം തീരുമാനമെടുത്തത്. 2019 ൽ പുൽവാമ ആക്രമണത്തിന് ശേഷവും പാകിസ്താൻ സമാന നിരോധനം ഏർപ്പെടുത്തിയിരുന്നു. ഇതിന് പുറമെ ഇന്ത്യയും പാകിസ്താനും തമ്മിൽ ഒപ്പുവെച്ചിട്ടുള്ള ഷിംല കരാറിൽ നിന്ന് പിന്മാറാനും പാകിസ്താൻ തീരുമാനിച്ചു.

.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

Share
error: Content is protected !!