പഹല്‍ഗാമിൽ കൂട്ടക്കുരുതി നടത്തിയ 4 ഭീകരരുടെ ചിത്രം പുറത്ത്, ലഷ്‌കർ ബന്ധം; പാകിസ്താൻ ഹൈകമീഷണറെ വിളിച്ചുവരുത്തും, നയതന്ത്ര ബന്ധം വിച്ഛേദിക്കാൻ സാധ്യത
ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തില്‍ പങ്കാളികളായ നാല് ഭീകരരുടെ ചിത്രങ്ങള്‍ സുരക്ഷാ ഏജന്‍സികള്‍ പുറത്തുവിട്ടു. ഭീകരസംഘടനയായ ലഷ്‌കറെ തൊയിബയുമായി ബന്ധമുള്ളവരാണ് ഇവര്‍. ആസിഫ് ഫൗജി, സുലേമാന്‍ ഷാ, അബു തല്‍ഹ എന്നിങ്ങനെയാണ് ഇതില്‍ മൂന്നാളുകളുടെ പേരുകളെന്നും ഔദ്യോഗികവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നാലാമൻ ആരാണെന്ന് സേന വ്യക്തമാക്കിയിട്ടില്ല. ആറുപേരാണ് പഹൽഗാമിലെ ബൈസാരൻ പുൽമേട്ടിൽ ആക്രമണം നടത്തിയ സംഘത്തിലുണ്ടായിരുന്നത്. ഇതിൽ രണ്ടുപേരെങ്കിലും വിദേശികളാണെന്ന് കരുതുന്നതായി സുരക്ഷാ സേന അറിയിച്ചു.
.
നാല് ഭീകരരും ആയുധങ്ങളുമേന്തി നില്‍ക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പല്‍ഹാം ഭീകരാക്രമണത്തില്‍ ഇവര്‍ നാലുപേര്‍ക്കും നേരിട്ട് പങ്കുള്ളതായാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
‘ദി റെസിസ്റ്റന്‍സ് ഫ്രണ്ട്’ എന്ന ഭീകരസംഘടനയാണ് പഹല്‍ഗാം ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നത്. ഇത് പാക് ഭീകരസംഘടനയായ ലഷ്‌കറെ തൊയിബയുടെ പിന്തുണയുള്ള ഭീകരസംഘടനയാണ്.
.
ആക്രമണത്തിന്‍റെ സൂത്രധാരൻ ലഷ്കറെ ത്വയ്യിബ കമാൻഡർ സെയ്ഫുല്ല കസൂരി എന്ന ഖാലിദ് ആണെന്നും പാക് അധീന കശ്മീരിൽ നിന്നാണ് ഇയാൾ ഇതിനുള്ള പദ്ധതിയൊരുക്കിയതെന്നും രഹസ്യാന്വേഷണ ഏജൻസികൾ വ്യക്തമാക്കുന്നു. ആക്രമണത്തിന്‍റെ ഭാഗമായ ഭീകരരിൽ പലരും സമീപകാലത്ത് പാകിസ്താനിൽനിന്ന് അതിർത്തി കടന്ന് രാജ്യത്ത് നുഴഞ്ഞുകയറിയവരാണെന്നും ലഷ്കർ ഭീകരൻ ഹാഫിസ് സയീദുമായി അടുത്ത ബന്ധമുള്ളയാളാണ് ആക്രമണം ആസൂത്രണം ചെയ്ത സെയ്ഫുല്ല കസൂരിയെന്നും അധികൃതർ വിശദീകരിച്ചു.
.
ഭീകരാക്രമണത്തിൽ പാകിസ്താൻ ഹൈകമീഷണറെ വിളിച്ചുവരുത്തി ശക്തമായ നിലപാട് അറിയിക്കാനുളള തയ്യാറെടുപ്പിലാണ് ഇന്ത്യ. ആക്രമണത്തിൽ പാകിസ്താന്റെ പങ്കിനെക്കുറിച്ചുള്ള സൂചനകൾ കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് ലഭിച്ചതിനെ തുടർന്നാണ് ഇന്ത്യയുടെ നീക്കം. ഭീകരാക്രമണത്തിൽ സർവകക്ഷി യോഗം വിളിക്കാനും തീരുമാനമായി. അതിനിടെ, നയതന്ത്ര ബന്ധം വിച്ഛേദിക്കാനിടയുണ്ടെന്ന റിപ്പോർട്ടും പുറത്തു വരുന്നുണ്ട്. സിന്ധു നദീതട കരാർ റദ്ദാക്കിയേക്കും. ഇസ്‍ലാമാബാദിലെ നയതന്ത്ര ഓഫിസ് അടച്ചുപുട്ടും.
.
കേന്ദ്ര മന്ത്രിസഭാ യോഗം ബുധനാഴ്ച വൈകീട്ട് ആറ് മണിക്ക് ദില്ലിയിൽ ചേരും. യോഗത്തിനു ശേഷമാണ് നയതന്ത്ര ബന്ധത്തിൽ അടക്കമുള്ള നിർണായക തീരുമാനം ഇന്ത്യ സ്വീകരിക്കുക. സുരക്ഷാ സാഹചര്യങ്ങളെക്കുറിച്ചും മറ്റും കേന്ദ്രസർക്കാർ പ്രതിപക്ഷ നേതാക്കളോട് വിശദീകരിക്കും.അതേസമയം, പഹൽഗാം ഭീകരാക്രമണത്തിൽ വിശദീകരണവുമായി പാകിസ്താൻ രംഗത്തെത്തിയിട്ടുണ്ട്. തങ്ങൾക്ക് പങ്കില്ലെന്നും എല്ലാ ഭീകരതയെയും തങ്ങൾ എതിർക്കുമെന്നുമാണ് പാകിസ്താൻ പറഞ്ഞത്.
.
ഇന്ത്യ തിരിച്ചടിക്കുമെന്ന് വ്യക്തമാക്കിയതോടെ പാകിസ്താനിൽ അതിർത്തി ഗ്രാമത്തിലുള്ളവർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഭീകരാക്രമണവുമായി പാകിസ്താന് ബന്ധമില്ലെന്ന് ആ രാജ്യത്തെ സർക്കാർ വ്യക്തമാക്കിയെങ്കിലും ഇന്ത്യ ഈ വിശദീകരണം തള്ളി. വിനോദ സഞ്ചാരികൾക്കു നേരെ നടന്ന ഭീകരാക്രമണത്തെ അപലപിച്ച് ലോകരാജ്യങ്ങൾ രംഗത്തെത്തിയിരുന്നു. ഭീകരതക്കെതിരെ പോരാടാൻ യു.എസ്, ബ്രിട്ടൻ, ഇറ്റലി, സൗദി അറേബ്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഇന്ത്യക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
.
അതിനിടെ, പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് പിന്നാലെ കശ്മീരില്‍ സൈന്യം തിരച്ചില്‍ ശക്തമാക്കി. ബാരാമുള്ളയില്‍ നിയന്ത്രണരേഖയില്‍ നുഴഞ്ഞുകയറ്റത്തിന് ശ്രമിച്ച രണ്ട് ഭീകരരെ സൈന്യം വധിച്ചു. ‘ഓപ്പറേഷന്‍ ടിക്ക’ എന്ന പേരിലാണ് ബാരാമുള്ളയില്‍ സൈന്യത്തിന്റെ ഓപ്പറേഷന്‍ നടക്കുന്നത്. മേഖലയില്‍ ഓപ്പറേഷന്‍ പുരോഗമിക്കുകയാണെന്നും സൈനികവൃത്തങ്ങള്‍ അറിയിച്ചു. ബുധനാഴ്ച രാവിലെയാണ് ബാരാമുള്ളയില്‍ നിയന്ത്രണരേഖയില്‍ ഭീകരരുടെ നുഴഞ്ഞുകയറ്റശ്രമമുണ്ടായത്. ഇത് തടയുകയും തുടര്‍ന്നുണ്ടായ വെടിവെപ്പില്‍ രണ്ട് ഭീകരരെ സൈന്യം വധിക്കുകയും ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്.
.
ചൊവ്വാഴ്ചയാണ് കശ്മീരിലെ പഹല്‍ഗാമില്‍ രാജ്യത്തെ നടുക്കിയ ഭീകരാക്രമണമുണ്ടായത്. പഹല്‍ഗാമിലെത്തിയ വിനോദസഞ്ചാരികള്‍ക്ക് നേരേയാണ് ഭീകരവാദികള്‍ വെടിയുതിര്‍ത്തത്. ഭീകരാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടതായാണ് ഔദ്യോഗികവിവരം. എന്നാല്‍, മരണസംഖ്യ 29 ആണെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുമുണ്ട്.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.