മാർപാപ്പയുടെ വിയോഗത്തിന് ശേഷം ഇനിയെന്ത്? സഭയുടെ നടപടിക്രമങ്ങൾ അറിയാം
ആഗോള കത്തോലിക്കാ സഭയുടെ പരമാധികാരിയും റോമാ രൂപതയുടെ മെത്രാനും വത്തിക്കാന്‍ എന്ന സ്വതന്ത്ര പരമാധികാര രാജ്യത്തിന്റെ ഭരണാധികാരിയുമാണ് മാര്‍പാപ്പ. സഭയുടെ നേതൃത്വം അപ്പസ്തോലനായ പത്രോസിനെയാണ് യേശുക്രിസ്തു ഏല്‍പ്പിച്ചതെന്നും ഈ അപ്പസ്തോലനായ പത്രോസില്‍നിന്ന് സഭാനേതൃത്വാവകാശം പിന്തുടരുന്നവരാണ് പാപ്പമാര്‍ എന്നും കത്തോലിക്കര്‍ വിശ്വസിക്കുന്നു. പാപ്പമാര്‍ പത്രോസിന്റെ പിന്‍ഗാമികളാണെന്ന ഈ വിശ്വാസമാണ് പാപ്പയുടെ അധികാരത്തിന്റെ മേലുള്ള വിശ്വാസത്തിന് ആധാരം.
.
മാര്‍പാപ്പയെ തിരഞ്ഞെടുക്കുന്നത് സിസ്റ്റൈന്‍ ചാപ്പലിനുള്ളില്‍വെച്ച് നടക്കുന്ന കോണ്‍ക്ലേവ് എന്ന സമ്മേളനത്തില്‍വെച്ചാണ്. ആദ്യകാലത്ത് റോമിനടുത്തുള്ള മുതിര്‍ന്ന വൈദികര്‍ക്കായിരുന്നു മാര്‍പാപ്പയെ തിരഞ്ഞെടുക്കാനുള്ള അധികാരം. 1059-ല്‍ സമ്മതിദാനാവകാശം റോമാസഭയിലെ കര്‍ദ്ദിനാളന്മാര്‍ക്കായി നിജപ്പെടുത്തി. 1179-ല്‍ എല്ലാ കര്‍ദ്ദിനാളന്മാരുടെയും വോട്ടിന്റെ മൂല്യം തുല്യമാക്കി. നിലവിലുള്ള കാനോന്‍ നിയമപ്രകാരം 80 വയസ്സില്‍ത്താഴെ പ്രായമുള്ള കര്‍ദ്ദിനാളന്മാര്‍ക്കാണ് പാപ്പയെ തിരഞ്ഞെടുക്കാന്‍ അവകാശം.
.
മൂന്ന് കര്‍ദ്ദിനാളന്മാരെ ആരോഗ്യപ്രശ്നങ്ങള്‍ കാരണം ഹാജരാകാന്‍ കഴിയാതിരുന്ന കര്‍ദ്ദിനാളന്മാരുടെ വോട്ട് ശേഖരിക്കാനും മൂന്ന് കര്‍ദ്ദിനാളന്മാരെ വോട്ടെണ്ണാനും മൂന്നു കര്‍ദ്ദിനാളന്മാരെ വോട്ടുകളുടെ എണ്ണം പരിശോധിക്കാനും ചുമതലപ്പെടുത്തും. അതിനുശേഷം ബാലറ്റുകള്‍ വിതരണംചെയ്യുകയും കര്‍ദ്ദിനാളായ ഓരോ സമ്മതിദായകനും മാര്‍പ്പാപ്പയാവുന്നതിന് തങ്ങള്‍ പ്രഥമഗണന നല്‍കിയ കര്‍ദ്ദിനാളിന്റെ പേര് അതിലെഴുതുകയുംചെയ്യുന്നു. ദൈവത്തിനു കീഴില്‍ തിരഞ്ഞെടുക്കപ്പെടേണ്ടവനെന്ന് വിചാരിക്കുന്നയാള്‍ക്ക് വോട്ടു ചെയ്യുന്നു എന്ന് ഉച്ചത്തില്‍ പ്രതിജ്ഞ ചെയ്തുകൊണ്ട് ബാലറ്റ് മടക്കി ഒരു പ്രത്യേകപാത്രത്തില്‍ നിക്ഷേപിക്കും.
.
ബാലറ്റിലെ വോട്ടു പരിശോധിക്കുന്നതിനുമുമ്പ് ബാലറ്റുകളുടെ എണ്ണം പരിശോധിക്കും. എണ്ണം മൊത്തം സമ്മതിദായകരുടെ എണ്ണത്തില്‍നിന്നു വ്യത്യസ്തമായാല്‍ ബാലറ്റുകളൊന്നും തുറക്കാതെ എല്ലാ ബാലറ്റുകളും കത്തിച്ചുകളയുകയും പുതിയ തിരഞ്ഞെടുപ്പു നടത്തുകയുംചെയ്യും. എണ്ണം തുല്യമായാല്‍, ഓരോ ബാലറ്റും തുറക്കുകയും ഉച്ചത്തില്‍ വായിക്കുകയും ചെയ്യും. വായിച്ചശേഷം, സത്യസന്ധതയും കൃത്യതയും ഉറപ്പുവരുത്താനായി ഓരോ ബാലറ്റും സൂചികൊണ്ടു തുളച്ച്, ഒരുമിച്ചു തുന്നിക്കെട്ടുന്നു. മൂന്നില്‍രണ്ടു ഭൂരിപക്ഷത്തോടെ ഒരു പാപ്പ തിരഞ്ഞെടുക്കപ്പെടുന്നതുവരെ, പലവട്ടം ഈ തിരഞ്ഞെടുപ്പുപ്രക്രിയ ആവര്‍ത്തിക്കുന്നു.
.
മാര്‍പ്പാപ്പയെ തിരഞ്ഞെടുത്തോ ഇല്ലയോയെന്നറിയിക്കുന്ന രീതി ഏറെ പ്രശസ്തമാണ്. ബാലറ്റുകള്‍ എണ്ണിത്തിട്ടപ്പെടുത്തിയശേഷം, അവ സിസ്റ്റൈന്‍ചാപ്പലിലെ ഒരു പ്രത്യേക അടുപ്പില്‍ ചില പ്രത്യേക രാസവസ്തുക്കള്‍ കൂട്ടിക്കലര്‍ത്തി കത്തിക്കും. ഈ അടുപ്പില്‍നിന്നുള്ള പുക സെന്റ് പീറ്റേഴ്സ് സ്‌ക്വയറില്‍നിന്ന് കാണാവുന്ന ഒരു ചിമ്മിനിയില്‍ക്കൂടെ പുറത്തുവരുന്നു. തിരഞ്ഞെടുപ്പില്‍ തീരുമാനമായില്ലെങ്കില്‍ ബാലറ്റുകള്‍ കത്തിക്കുമ്പോള്‍ അതില്‍ച്ചേര്‍ക്കുന്ന രാസവസ്തുക്കളുടെ പ്രവര്‍ത്തനഫലമായി കറുത്തപുകയും തീരുമാനമായ തിരഞ്ഞെടുപ്പിനുശേഷം വെളുത്തപുകയുമാകും ചിമ്മിനിയില്‍ക്കൂടെ പുറത്തുവരിക. ചിലസമയം പുകയുടെ നിറം കറുത്തതോ വെളുത്തതോ എന്നു പെട്ടെന്ന് മനസ്സിലാക്കുക പ്രയാസമാണ്. അതിനാല്‍ പുതിയൊരു കീഴ്വഴക്കമെന്നനിലയില്‍ ബെനഡിക്ട് പതിനാറാമന്‍ പാപ്പയുടെ തിരഞ്ഞെടുപ്പു സൂചിപ്പിക്കാന്‍ സിസ്റ്റീന്‍ ചാപ്പലിലെ മണികളും മുഴക്കുകയുണ്ടായി.
.
കര്‍ദ്ദിനാള്‍ തിരുസംഘത്തിന്റെ ഡീന്‍, പുതുതായി തിരഞ്ഞെടുക്കപ്പെട്ട പാപ്പയോട് ‘താങ്കള്‍ ഈ തിരഞ്ഞെടുപ്പ് സ്വീകരിക്കുന്നുവോ?’ എന്ന് ചോദിക്കും. അതെയെന്നാണ് ഉത്തരമെങ്കില്‍, അപ്പോള്‍മുതല്‍ പാപ്പായുടെ ഭരണമാരംഭിച്ചതായി കണക്കാക്കും. പിന്നീട് പുതിയ പാപ്പയെ ‘കണ്ണീരിന്റെ വാതിലി’ലൂടെ വസ്ത്രം ധരിക്കുന്ന മുറിയിലേക്ക് ആനയിക്കും. ഔദ്യോഗികവസ്ത്രങ്ങളണിഞ്ഞ ശേഷം മാര്‍പാപ്പയുടെ സ്ഥാനികമോതിരമായ ‘വലിയ മുക്കുവന്റെ’ മോതിരം അണിയിക്കും.
.
തിരഞ്ഞെടുക്കപ്പെട്ട പാപ്പ സ്ഥാനമൊഴിയുക മരണത്തിലൂടെയോ അല്ലെങ്കില്‍ സ്വയം രാജിവയ്ക്കുന്നതിലൂടെയോ മാത്രമാണ്. മാര്‍പ്പാപ്പയുടെ അഭാവത്തില്‍, ചേംബര്‍ലെയിന്‍ എന്നറിയപ്പെടുന്ന കര്‍ദിനാളിന്റെ നേതൃത്വത്തിലുള്ള കര്‍ദ്ദിനാള്‍ സംഘം സഭയുടെ ദൈനംദിനഭരണകാര്യങ്ങള്‍ നിര്‍വ്വഹിക്കും.
പാപ്പയുടെ മരണം സ്ഥിരീകരിക്കുന്നത്, ചേംബര്‍ലെയിന്‍ മാര്‍പാപ്പയുടെ തലയില്‍ വെള്ളിച്ചുറ്റികകൊണ്ട് മൂന്നുവട്ടം മെല്ലെ കൊട്ടി അദ്ദേഹത്തിന്റെ ജന്മപ്പേര് വിളിച്ചുനോക്കിയാണെന്ന് ഏറെക്കാലമായി കരുതപ്പെടുന്നു. പ്രസ്തുത ആചാരം നിലവിലുണ്ടോയെന്നത് വത്തിക്കാന്‍ സമ്മതിക്കുകയോ നിരാകരിക്കുകയോ ചെയ്തിട്ടില്ല. ശേഷം പാപ്പയുടെ വിരലില്‍നിന്ന് മോതിരം ഊരിയെടുക്കുന്നു. അതിനുശേഷം ചേംബര്‍ലെയിന്‍ കര്‍ദ്ദിനാളന്മാരുടെ മുമ്പില്‍വച്ച് ഈ മോതിരം രണ്ടായി പൊട്ടിക്കും. ദുരുപയോഗം ചെയ്യപ്പെടാതെയിരിക്കാന്‍ കാലം ചെയ്ത പാപ്പയുടെ പേരിലുള്ള മുദ്രകള്‍ നശിപ്പിക്കുകയും പാപ്പയുടെ സ്വകാര്യ അപ്പാര്‍ട്ട്മെന്റ് മുദ്രവയ്ക്കുകയുംചെയ്യും. മാര്‍പ്പാപ്പയുടെ ഭൗതികശരീരം പോസ്റ്റുമാര്‍ട്ടംചെയ്യുന്ന പതിവ് പരമ്പരാഗതമായി നിലവിലില്ല.
.
ഭരണസംവിധാനം
വത്തിക്കാന്‍ സിറ്റി സംസ്ഥാനത്തിന്റെ ഭരണഘടനാ തലവനും നിയമപരമായ പരമാധികാരിയും മാര്‍പാപ്പയാണ്. അദ്ദേഹം നിയമിക്കുന്ന പൊന്തിഫിക്കല്‍ കമ്മീഷന്‍ പ്രസിഡന്റാണ് വത്തിക്കാന്റെയും ഭരണത്തലവന്‍. അഞ്ചു വര്‍ഷ കാലാവധിയില്‍ പാപ്പ നിയോഗിക്കുന്ന പ്രസിഡന്റിനെ തിരുസഭയ്‌ക്കോ മാര്‍പാപ്പയ്‌ക്കോ എപ്പോള്‍ വേണമെങ്കിലും നീക്കം ചെയ്യാനുമാവും. മാര്‍പാപ്പയുടെ ഉപദേശക സമിതിയായ സെക്രട്ടേറിയറ്റ് ഓഫ് സ്റ്റേറ്റിന് എല്ലാ പ്രധാന വിഷയങ്ങളിലും റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള ചുമതലയും പ്രസിഡന്റില്‍ നിക്ഷിപ്തമാണ്.
.
നിയമനിര്‍മാണ സഭ
നയരൂപവത്കരണം, നിയമ നിര്‍മാണം എന്നീ ചുമതലകള്‍ പാപ്പ നിയോഗിച്ച പൊന്തിഫിക്കല്‍ കമ്മീഷന്‍ ഫോര്‍ വത്തിക്കാന്‍ സിറ്റി എന്ന സംവിധാനത്തില്‍ നിക്ഷിപ്തമാണ്. സെക്രട്ടേറിയറ്റ് ഓഫ് സ്റ്റേറ്റ് വഴി സുപ്രീം പൊന്തിഫിക്കിന്റെ അംഗീകാരവും നേടിയ ശേഷമേ ഈ നിയമങ്ങള്‍ പ്രാബല്യത്തിലാവുകയുള്ളൂ. വത്തിക്കാന്‍ ഭരണസംവിധാനത്തിന്റെ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ആക്ട് അപ്പസ്‌തോലിക്ക സെഡീസില്‍ ഇറ്റാലിയന്‍ ഭാഷയില്‍ ഇവ പ്രസിദ്ധീകരിക്കുകയും വേണം. നിയമനിര്‍മാണത്തിന് മുമ്പ് കൗണ്‍സിലേഴ്സ് ഓഫ് സ്റ്റേറ്റ് സിന്റെ ഉപദേശവും തേടണമെന്ന് വ്യവസ്ഥയുണ്ട്.
.
കോടതിയും ശിക്ഷയും
ഇറ്റാലിയന്‍ സര്‍ക്കാറില്‍നിന്ന് വ്യത്യസ്തമാണ് വത്തിക്കാന്റെ കോടതിയും ശിക്ഷാരീതികളും. ക്രിമിനല്‍ കുറ്റങ്ങള്‍ക്ക് ഇറ്റലിയുടെ കോടതികളാണ് ശിക്ഷ നല്‍കുന്നത്. സുപ്രീം ട്രൈബ്യൂണല്‍ ഓഫ് അപ്പസ്‌തോലിക് സിഗ്‌നേച്യുറ എന്ന സംവിധാനമാണ് മാര്‍പാപ്പയുടെ നീതിന്യായ വ്യവസ്ഥ കൈകാര്യം ചെയ്യുന്നത്. ഉന്നത നീതിപീഠമായി കരുതപ്പെടുന്ന മാര്‍പാപ്പയെ സഹായിക്കാന്‍ വത്തിക്കാന്‍ സിറ്റി കോടതിയുടെ പ്രസിഡന്റ്, റോമന്‍ റോട്ട ഡീന്‍ എന്നിവരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. എന്നിരുന്നാലും ഭൂരിഭാഗം കുറ്റങ്ങളും ഇറ്റാലിയന്‍ കോടതികളാണ് കൈകാര്യം ചെയ്യുന്നത്. ഇറ്റലി സര്‍ക്കാറുമായി വത്തിക്കാന് ഇതിനുള്ള കരാറുണ്ട്. ചുരുങ്ങിയ കാലത്തെ തടവിനുള്ള പ്രത്യേക സെല്ലുകളൊഴിച്ച് വത്തിക്കാനില്‍ ജയില്‍ സംവിധാനമില്ല. ഗുരുതരമായ കുറ്റങ്ങള്‍ക്കുള്ള ശിക്ഷ വിധിക്കുന്നതും തടവില്‍ പാര്‍പ്പിക്കുന്നതും ഇറ്റലിയിലാണ്. ഇറ്റലിയിലെ കോടതികളിലും ജയിലുകളിലും ഇതിനുള്ള സംവിധാനങ്ങൾ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നടപടികള്‍ക്കുള്ള ചെലവ് വത്തിക്കാന്‍ വഹിക്കും.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.