‘അവനെ വിശ്വസിക്കരുത്, ഇനി ഒരു പെൺകുട്ടിയും എന്നെപ്പോലെ ചതിക്കപ്പെടരുത്’; വിവാഹ വാഗ്ദാനം നൽകി ലൈംഗികചൂഷണം, മലയാളി യുവാവിനെതിരെ പരാതി
ഷാർജ: പ്രവാസിയും മലയാളിയുമായ ആൺ സുഹൃത്ത് വിവാഹം കഴിക്കാമെന്ന് പറഞ്ഞ് ലൈംഗികചൂഷണം ചെയ്ത് വഞ്ചിച്ച പരാതിയുമായി ഷാർജയിൽ താമസിക്കുന്ന തെലങ്കാന യുവതി. ഷാർജയിൽ റിയൽ എസ്റ്റേറ്റ് മേഖലയിൽ ജോലി ചെയ്തിരുന്ന കാസർകോട് കാഞ്ഞങ്ങാട് അതിഞ്ഞാൽ സ്വദേശിയായ യുവാവിനെതിരെയാണ് തെലുങ്കാന കരീം നഗർ സ്വദേശിനിയായ 28 വയസുകാരി നിയമ പോരാട്ടത്തിനൊരുങ്ങുന്നത്.
.
യുവാവിനെതിരെ ഹൊസ്ദുർഗ് പൊലീസിൽ പരാതി നൽകിയ യുവതി ആ രേഖകൾ വച്ച് വഞ്ചനയ്ക്കെതിരെ ഷാർജ പൊലീസിൽ പരാതി നൽകാനുള്ള തയാറെടുപ്പിലാണ്. ഷാർജയിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ മാർക്കറ്റിങ് വിഭാഗത്തിൽ ഒന്നിച്ച് ജോലി ചെയ്യുമ്പോൾ പ്രണയത്തിലായ ഇരുവരും ഏഴ് വർഷത്തോളം വളരെ അടുപ്പത്തിലായിരുന്നു കഴിഞ്ഞിരുന്നത്. വിവാഹ വാഗ്ദാനം നൽകിയായിരുന്നു യുവതിയെ കൂടെ കൊണ്ടു നടന്നിരുന്നത്.
.
എന്നാൽ പിന്നീട് വിവാഹത്തിൽ നിന്ന് പിന്മാറിയ 30 വയസ്സുകാരൻ നാട്ടിൽ മറ്റൊരു വിവാഹത്തിന് ഒരുക്കം കൂട്ടുന്നതറിഞ്ഞ യുവതി കാഞ്ഞങ്ങാട് ചെന്ന് കുടുംബത്തെ കാര്യങ്ങളിയിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ല. തുടർന്നാണ് ഹൊസ്ദുർഗ് പൊലീസിൽ പരാതി നൽകിയത്. എന്നാൽ അപ്പോഴേയ്ക്കും യുവാവ് വീണ്ടും യുഎഇയിലേയ്ക്ക് മുങ്ങിക്കഴിഞ്ഞിരുന്നു. ഇപ്പോൾ ഷാർജയിൽ തൊഴിലൊന്നുമില്ലാതെ കഴിയുകയാണ് ഇയാളെന്ന് യുവതി മനോരമ ഓൺലൈനിനോട് പറഞ്ഞു.
.
.
പ്രണയം അതിർവരമ്പുകൾ ലംഘിച്ചു
യുവതിയുടെ കുടുംബം 35 വർഷം മുൻപാണ് തെലുങ്കാനയിൽ നിന്ന് യുഎഇയിലെത്തിയത്. ബിസിനസുകാരനായിരുന്ന പിതാവ്, ഭാര്യ, യുവതിയടക്കം മൂന്ന് മക്കൾ എന്നിവരടങ്ങുന്ന കുടുംബം സന്തോഷത്തോടെ ഷാർജയിൽ താമസിച്ചുവരികയായിരുന്നു. യുവതി ഇവിടെ തന്നെയാണ് ജനിച്ചതും വിദ്യാഭ്യാസം പൂർത്തിയാക്കിയതും. പ്ലസ് ടുവിന് ശേഷം ഇന്റർനാഷൻൽ എയർ ട്രാൻസ്പോർട് അസോസിയേഷനിൽ (അയാട്ട) നിന്ന് ആറ് മാസത്തെ ഫെയേർസ് ആൻഡ് ടിക്കറ്റിങ് കോഴ്സ് പൂർത്തിയാക്കി.
.
.
ഇപ്പോൾ ജോലിയോടൊപ്പം ഡിസ്റ്റൻസായി ബികോമിന് പഠിക്കുകയും ചെയ്യുന്നു. തയ്യൽ ജോലിയിൽ വിദഗ്ധയായ ഇവർ നല്ലൊരു ചിത്രകാരിയും പാചകക്കാരിയുമാണ്. തുടർന്നാണ് 2018ൽ ഷാർജയിലെ വിദ്യാഭ്യാസ സ്ഥാപനത്തിൽ മാർക്കറ്റിങ് വിഭാഗത്തിൽ ജോലിയിൽ പ്രവേശിക്കുന്നതും കൂടെ ജോലി ചെയ്യുന്ന യുവാവുമായി പ്രണയത്തിലാകുന്നതും. ഒരു വർഷത്തിന് ശേഷം ഷാർജ രാജ്യാന്തര വിമാനത്താവളത്തിൽ ജോലി ലഭിച്ചതോടെ ഈ ജോലി ഉപേക്ഷിച്ചു. എന്നാൽ കോവിഡ്19 വ്യാപിച്ചതോടെ എയർപോർട്ടിലെ ജോലി നഷ്ടപ്പെടുകയും ചെയ്തു.
അപ്പോഴും ഇരുവരുടെയും ബന്ധം ശക്തമായി തുടർന്നു. ഇതിനകം യുവാവിനെ വിവാഹത്തിനായി യുവതി നിർബന്ധിച്ചുകൊണ്ടിരുന്നു. ഷാർജയിൽ തന്നെ താമസിക്കുന്ന തന്റെ കുടുംബം അന്യ സംസ്ഥാനക്കാരിയെ മരുമകളായി സ്വീകരിക്കാൻ വൈമനസ്യം കാണിക്കുന്നുവെന്നും അവരെ പറഞ്ഞ് സമ്മതിപ്പിക്കാൻ കുറച്ച് സമയം വേണമെന്നുമായിരുന്നു യുവാവിന്റെ ആവശ്യം. ആദ്യമൊക്കെ ഇത് വിശ്വസിച്ച യുവതി കുറച്ചുനാൾകൂടി കാത്തിരിക്കാൻ തയ്യാറായി. എന്നാൽ, എയർപോർട്ടിലെ ജോലി നഷ്ടപ്പെട്ട യുവതിയെ യുവാവ് അവഗണിക്കാനും അകറ്റാനും ശ്രമിച്ചു.
.
ഇതോടെ മാനസികമായി തകർന്ന യുവതിയെ കാണാൻ പോലും ഇയാൾ കൂട്ടാക്കിയില്ല. മാത്രമല്ല, യുവതിയുടെ പിതാവ് 2023ൽ ഷാർജയിൽ ഹൃദയാഘാതം മൂലം മരിച്ചതോടെ ഇവരുടെ കുടുംബം പ്രയാസത്തിലാവുകയും ചെയ്തു. പിന്നീട്, കഴിഞ്ഞവർഷം നാട്ടിലേക്ക് മടങ്ങിയ യുവാവ് അവിടെ മറ്റൊരു പെൺകുട്ടിയുമായി വിവാഹത്തിന് തയാറെടുപ്പുകൾ നടത്തുന്നത് അറിഞ്ഞ് യുവതി കാഞ്ഞങ്ങാട് ചെന്ന് വീട്ടുകാരെ സമീപിച്ച് കാര്യങ്ങൾ ബോധിപ്പിച്ചെങ്കിലും തങ്ങളുടെ ബന്ധം അറിയാമായിരുന്നിട്ടും അവരുടെ ഭാഗത്ത് നിന്ന് അനുകൂലമായ ഒരു വാക്കു പോലും ലഭിച്ചില്ലെന്ന് പറയുന്നു.
പിന്നീട് ഷാർജയിലേയ്ക്ക് തിരിച്ചുവന്ന യുവതി യുവാവിന്റെ മനസ്സ് മാറുമെന്ന് കരുതി കാത്തിരുന്നെങ്കിലും ഫലമുണ്ടായില്ല. വീണ്ടും 2024 ഓഗസ്റ്റിൽ കാഞ്ഞങ്ങാട്ട് ചെന്ന് ഹൊസ്ദുർഗ് പൊലീസിൽ പരാതി നൽകുകയായിരുന്നു. എന്നാൽ നിയമനടപടി ആരംഭിച്ചപ്പോഴേയ്ക്കും യുവാവ് തിരിച്ച് ഷാർജയിലേയ്ക്ക് മുങ്ങുകയും ചെയ്തു.
പിന്നീട് യുവതി ഷാർജ ഇന്ത്യൻ അസോസിയേഷനിൽ പരാതിയുമായി ചെല്ലുകയും പ്രസിഡന്റ് നിസാർ തളങ്കരയുടെ മധ്യസ്ഥതയിൽ പ്രശ്നപരിഹാരത്തിന് ശ്രമിക്കുകയും ഇരുവരെയും വിളിച്ച് സംസാരിക്കുകയുമുണ്ടായി. പക്ഷേ, യുവതിയെ സ്വീകരിക്കാൻ യുവാവ് തയാറായില്ല. ഇതേ തുടർന്ന് ഷാർജ പൊലീസിൽ പരാതി നകാനുള്ള ഒരുക്കത്തിലാണ് യുവതി.
.
.
യുഎഇയിലും കേസ് റജിസ്റ്റർ ചെയ്യാം
വഞ്ചനയ്ക്കെതിരെ യുവാവിന്റെ പേരിൽ യുഎഇയിൽ കേസ് ഫയൽ ചെയ്യാമെന്ന് പ്രമുഖ അഭിഭാഷക പ്രീതാ ശ്രീറാം മാധവ് പറഞ്ഞു. ഒരു സ്ത്രീയെ വിവാഹം കഴിക്കുമെന്ന് വാഗ്ദാനം ചെയ്ത് അത് നിറവേറ്റാനുള്ള ഉദ്ദേശ്യമില്ലാതെ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ ഇന്ത്യൻ ക്രിമനിൽ നിയമം സെക്‌ഷൻ 69 പ്രകാരം ഇന്ത്യയിൽ പ്രത്യേക കുറ്റകൃത്യമായി കണക്കാക്കും. കുറ്റം തെളിഞ്ഞാൽ പിഴയും 10 വർഷം വരെ തടവും ശിക്ഷ ലഭിക്കും.
.
എന്നാൽ, ഇന്ത്യയിൽ നൽകിയ പരാതിയുടെ കോപ്പി വച്ച് യുഎഇയിലും വഞ്ചനയ്ക്കെതിരെ കേസ് കൊടുക്കാം. ഇന്ത്യയും യുഎഇയിലും തമ്മിലുള്ള ഉഭയകക്ഷി ബന്ധപ്രകാരമാണ് ഈ ചട്ടം. ഇതിന് മുൻപ് യുഎഇയിലെ ഇന്ത്യൻ എംബസിയിലോ കോൺസുലേറ്റിലോ വിവരം ധരിപ്പിക്കണം. വഞ്ചന തെളിഞ്ഞാൽ കുറ്റക്കാരൻ ശിക്ഷിക്കപ്പെടും.
.
ഇനി ഒരു പെൺകുട്ടിയും ചതിക്കപ്പെടരുത്, ശക്തമായി പോരാടും
ഒരിക്കൽ വളരെ ആത്മാർഥമായി സ്നേഹിച്ചിരുന്നവരാണ് തങ്ങളെന്നും നല്ല മനസ്സോടെ യുവാവ് തിരിച്ചുവരികയാണെങ്കിൽ ഇപ്പോഴും താൻ സ്വീകരിക്കാൻ തയാറാണെന്നും യുവതി പറയുന്നു. യുവാവ് തന്നെ മാത്രമല്ല, മുൻപ് വേറെയും പെൺകുട്ടികളെയും വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചിട്ടുള്ളതിന് തെളിവുകളുണ്ട്. ഇനിയൊരു പക്ഷേ, ഇതെല്ലാം അറിഞ്ഞിട്ടും അവനെ സ്വീകരിക്കാൻ മുന്നോട്ടുവരുന്ന പെൺകുട്ടികളോട് എനിക്കൊന്നേ പറയാനുള്ളൂ-അവനെ വിശ്വസിക്കരുത്. നാളെ വേറൊരു പെൺകുട്ടിയെ കാണുമ്പോൾ അവനങ്ങോട്ട് ചാടുമെന്ന് ഉറപ്പാണ്.
എനിക്കെതിരെ ഒട്ടേറെ വ്യാജ ആരോപണങ്ങൾ യുവാവും കുടുംബവും പറഞ്ഞുണ്ടാക്കുന്നു. പണം തട്ടിയെടുക്കാനുള്ള സൂത്രമാണെന്ന് പറയുക പോലും ചെയ്യുന്നു. അവരുടെ ബന്ധുക്കൾക്കിടയിലും നാട്ടുകാർക്കിടയിലും മാനം രക്ഷിക്കാനുള്ള അടവുകളാണ് അതൊക്കെ. സാമ്പത്തികമായി ഞാനവനെ സഹായിച്ചിട്ടേയുള്ളൂ.
എനിക്കാരുടെയും പണം ആവശ്യമില്ല. സാമ്പത്തിക ഭദ്രതയുള്ള കുടുംബമാണ് എന്റേത്. എനിക്ക് ഷാർജ റിയൽ എസ്റ്റേറ്റ് കമ്പനിയിൽ നല്ലൊരു ജോലിയുമുണ്ട്. ഇനിയും ഒരു പെൺകുട്ടിക്കും ഇതുപോലെ ചതി പറ്റരുത്. ആരുടെയും ജീവിതം തകരരുത്. അതു മാത്രമാണെന്റെ വാശി. ആ നിലപാടിൽ ഉറച്ചുനിന്ന് നിയമ പോരാട്ടം തുടരും. (കടപ്പാട്: സാദിഖ് കാവിൽ, മനോരമ ഓണ്ലൈൻ)
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.