ഉംറ കഴിഞ്ഞ് മടങ്ങും വഴി വാഹനപകടം: ഇടിയുടെ ആഘാതത്തിൽ വാഹനം വട്ടം കറങ്ങി മരുഭുമിയിൽ തലകുത്തി മറിഞ്ഞു പൂർണ്ണമായും തകർന്നു, പക്ഷേ…’; മരണത്തെ മുഖാമുഖം കണ്ട് മലയാളി കുടുംബം

മദീന: സൗദി അറേബ്യയിൽ വാഹനാപകടത്തിൽ തകർന്ന വാഹനത്തിൽ മരണത്തെ മുഖാമുഖം കണ്ടെങ്കിലും അത്ഭുതകരമായി രക്ഷപെട്ട് മലയാളി കുടുംബം. ഉംറ നിർവഹിച്ചു മടങ്ങും വഴിയാണ് മലപ്പുറം, മഞ്ചേരി, പയ്യനാട് സ്വദേശിയും 6 അംഗ കുടുംബം അൽ ഉലയ്ക്ക സമീപം അപകടത്തിൽപ്പെട്ടത്. കാൽനൂറ്റാണ്ടിലേറെ സൗദിയിലെ അറാറിൽ മുൻ പ്രവാസിയായ ഉമ്മർ മഞ്ചേരി(55), ഭാര്യ റംലത്ത് (42), മക്കളായ മുഹമ്മദ് ഷിബിലി(25), ഷഹല ഷറിൻ റമീസ്(23), മുഹമ്മദ് ഷബിൽ(14), മരുമകളായ ഫാത്തിമ ഫിദ(19) എന്നിവരടങ്ങുന്ന സംഘമാണ് അപകടത്തിൽ പെട്ടത്. (ചിത്രത്തിൽ വാഹനാപകടത്തിൽ നിന്നും രക്ഷപെട്ട് നാട്ടിലേക്ക് മടങ്ങുന്ന ഉമ്മറും മകളും മദീനയിലെ ജീവകാരുണ്യ പ്രവർത്തകർക്കൊപ്പം.)
.
അപകടത്തിൽ പൂർണ്ണമായും തകർന്ന വാഹനത്തിൽ നിന്നും രക്ഷപ്പെട്ടതിന്റെ വിശദാംശങ്ങൾ പങ്കുവയ്ക്കുകയാണ് കുടുംബം. മാർച്ച് 15ന് കുടുംബം ഉംറ വീസയിൽ മക്കയിലെത്തി ഉംറ നിർവ്വഹിച്ചതിനു ശേഷം മദീന സന്ദർശിച്ചു. പിന്നീട് അൽ ഉല സന്ദർശിച്ചതിനു ശേഷം അറാർ പോകും വഴി മദീനയിൽ നിന്നും 120 കിലോമീറ്റർ അകലെയുള്ള സ്ഥലത്തുവെച്ചാണ് അപകടത്തിൽപെട്ടത്.
.

ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിനു പിന്നിൽ സ്വദേശി ഓടിച്ചിരുന്ന വാഹനം അമിത വേഗത്തിലെത്തി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ടയർപൊട്ടി നിയന്ത്രണം വിട്ട് വട്ടം കറങ്ങിയ വാഹനം മരുഭുമിയിൽ തലകുത്തി മറിഞ്ഞു പൂർണ്ണമായും തകർന്നു.  ഉമ്മറിന്റെ ഭാര്യയുടെ തോളെല്ലിനും രണ്ടു കാൽമുട്ടുകൾക്കും ഗുരുതര പരുക്കു പറ്റി. കാര്യമായി ക്ഷതം സംഭവിച്ച ഉമറും രണ്ട് ആൺമക്കളും മകളും മരുമകളും സാരമായ പരുക്കുകളോടെ രക്ഷപ്പെട്ടു.

ഉമ്മറിനേയും മൂത്ത മകൻ ഷിബിൽ, ഭാര്യ ഫാത്തിമ ഫിദ, മകൾ ഷഹല എന്നിവരെ മദീന കിങ് ഫഹദ് ആശുപത്രിയിലും റംലത്തിനെയും ഇളയ മകൻ ഷബിലിനെയും യാമ്പു ജനറൽ ആശുപത്രിയിലും റെഡ്ക്രസന്റ് വിഭാഗം എത്തിച്ചു. അപകടമറിഞ്ഞു പാഞ്ഞെത്തിയ സൗദി റെഡ്ക്രെസന്റ് വിഭാഗം അപകടത്തിന്റെ ഗൗരവം കണക്കിലെടുത്ത് എയർ ആംബുലൻസ് എത്തിച്ചാണ് സംഭവസ്ഥലത്തു നിന്നും ഇവരെ രക്ഷപ്പെടുത്തി അതിവേഗം ആശുപത്രികളിൽ എത്തിച്ചത്.
.
അപകടമുണ്ടായപ്പോൾ മുതൽ 22 ദിവസത്തോളം നീണ്ട ആശുപത്രി വാസത്തിനിടെ ആവശ്യമായ താങ്ങും തണലുമായി മദീനയിലെ ആശുപത്രിയിൽ മദീന കെഎംസിസി വെൽഫെയർ വിങ് ഭാരവാഹി ഷഫീഖ് മൂവാറ്റുപുഴ, അബ്ദുൾ മജീദ് അരിമ്പ്രയും സജീവമായി  ഒപ്പമുണ്ടായിരുന്നു.യാമ്പുവിൽ ചികിത്സയിലായിരുന്ന  ഉമ്മറിന്റെ ഭാര്യയ്ക്കും ഇളയ മകനും ആശുപത്രിയിൽ എത്തിച്ചതു മുതൽ ഡിസ്ചാർജ് ചെയ്ത് നാട്ടിലേക്ക് മടങ്ങുന്നതു വരെയും സഹായ സൌകര്യങ്ങളുമായി കെഎംസിസി നേതാക്കളായ നാസർ, സിറാജ്, അയൂബ്, അബ്ദുറസാഖ് തുടങ്ങിയവരുണ്ടായിരുന്നു.

മദീനയിലും യാമ്പുവിലുമായി നിയമനടപടികളിൽ സഹായവുമായി ജീവകാരുണ്യ പ്രവർത്തകനായ മുഹമ്മദ് ഷഫീഖ് മൂവാറ്റുപുഴ ഒപ്പമുണ്ടായിരുന്നു. ഒടിവ് ചതവുകൾക്ക് വേണ്ടിവന്ന നാലോളം ശസ്ത്രക്രിയകൾക്കു ശേഷം ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടതോടെ യാമ്പുവിൽ ചികിത്സയിലായിരുന്ന റംലത്തും ഇളയമകനും നാട്ടിലേക്ക് മടങ്ങി. തുടർന്ന് മദീനയിൽ ചികിത്സയിലുണ്ടായിരുന്ന മകനും ഭാര്യയും നാട്ടിലേക്ക് മടങ്ങി.
.
കഴിഞ്ഞ 12ന്  ഉമ്മറും മകളും നാട്ടിലേക്ക് മടങ്ങി. നട്ടെല്ലിന് പരുക്കേറ്റ മകൾക്ക് മദീന ആശുപത്രിയിൽ ശസ്ത്രക്രിയ വേണ്ടി വന്നിരുന്നു. അപകടത്തിന്റെ ഭാഗമായുണ്ടായ പരുക്കുകളുടേയും ശസ്ത്രക്രിയയുടേയും മറ്റും തുടർ ചികിത്സ തുടരുകയാണ് നാട്ടിൽ  ഉമ്മറും കുടുംബവും. മാർച്ച് 22ന് നടന്ന അപകടത്തെ തുടർന്ന് ആശുപത്രികളിൽ ചികിത്സയിലായിരുന്ന കുടുബം നാട്ടിലേക്ക് മടങ്ങുമ്പോഴാണ് വിവരങ്ങൾ അറിയിച്ചത്.

തങ്ങൾ സഞ്ചരിച്ച അൽ ഉല റോഡ് ഏറെ അപകടം പിടിച്ചതാണെന്ന് പിന്നീടാണ് അറിയുന്നതെന്ന് ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ലഭിച്ച ഉമർ പറഞ്ഞു. അതുവഴി യാത്ര ചെയ്ത മലയാളി പ്രവാസി യുവതിയും പ്രതിശ്രുത വരനും ഉൾപ്പെടെ 5 പേർ വാഹന അപകടത്തിൽ തീപിടിച്ചു മരിച്ച വിവരം അറിഞ്ഞപ്പോഴാണ് തങ്ങൾക്കും അപകടം ഉണ്ടായ പ്രദേശത്താണ് സംഭവം നടന്നതതെന്നു മനസിലാക്കുന്നതെന്നും ഉമ്മർ പറഞ്ഞു.
.
സൗദി റെഡ്ക്രസന്റിന്റെ ദ്രുതഗതിയിലുള്ള രക്ഷാപ്രവർത്തനവും ദൈവകാരുണ്യവും കൊണ്ടാണ് തങ്ങളുടെ എല്ലാവരുടേയും ജീവൻ രക്ഷപ്പെട്ടതെന്നും അദ്ദേഹം പറയുന്നു. അപകടത്തിൽപെട്ട് പൂർണ്ണമായും തകർന്ന തങ്ങളുടെ വാഹനം കണ്ടാൽ ഒരു പക്ഷേ ആരും രക്ഷപ്പെടുമെന്ന് കരുതില്ല. ഏറെ ജാഗ്രതയോടെ വാഹനം ഓടിച്ചിരുന്നിട്ടും അപകടത്തിനു കാരണമായത് പിറകിൽ നിന്നു വന്ന് ഇടിച്ചവരായിരുന്നുവെന്ന് ട്രാഫിക് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി.
.

ദൂരയാത്രയിൽ ജാഗ്രതയോടെ വാഹനമോടിക്കുക

ഇരുവശത്തു നിന്നും വാഹനങ്ങൾ കടന്നുപോകുന്ന ഡിവൈഡറുകളില്ലാത്ത ഇത്തരം ദീർഘദൂര സിംഗിൾ ലൈൻ അതിവേഗ റോഡുകളിലൂടെയൊക്കെ പോകുമ്പോൾ ഏറെ ജാഗ്രത വേണമെന്നാണ് ഇത്തരം അപകടത്തിൽപ്പെട്ട് എത്തിയ നിരവധി പേരെ ആശുപത്രിയിൽ എത്തിക്കുന്നതിനും ചികിത്സാ സൌകര്യമൊരുക്കുന്നിതിനുമൊക്കെ പ്രവർത്തിക്കുന്ന ജീവകാരുണ്യ പ്രവർത്തകനും മദീന കെഎംസിസി വെൽഫെയർ വിങ് ഭാരവാഹിയുമായ ഷെഫീഖ് മൂവാറ്റുപുഴ പറയുന്നത്.
.
റോഡ് നിയമങ്ങൾ പാലിച്ച് പോകുമ്പോഴും ഒരുപക്ഷേ എതിർവശത്തു നിന്നും പിറകിൽ നിന്നും വരുന്ന വാഹനമോടിക്കുന്നവരുടെയും അമിതവേഗവും അശ്രദ്ധയുമാണ് ഇത്തരം അപകടങ്ങളിലൂടെ മിക്ക ജീവനുകളും പൊലിയുന്നതിന് കാരണമാകുന്നത്. ഏപ്രിൽ മാസത്തിന്റെ തുടക്കത്തിലാണ് മദീനയിൽ ജോലി ചെയ്തിരുന്ന വയനാട് സ്വദേശിയായ മലയാളി നഴ്സ് ടീനയും പ്രതിശ്രുത വരനായ അഖിൽ അലക്സും കൂടാതെ 3 സൗദി സ്വദേശികളും സമാന രീതിയിൽ നടന്ന അപകടത്തിൽ വാഹനത്തിന് തീപിടിച്ച് വെന്ത് മരിച്ചത്. ഇവർ സഞ്ചരിച്ച വാഹനത്തിൽ സ്വദേശികൾ ഓടിച്ചിരുന്ന എതിർദിശയിൽ നിന്നെത്തിയ വാഹനം പാഞ്ഞു കയറുകയായിരുന്നു.

.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

Share
error: Content is protected !!