വഖഫ് നിയമ ഭേദഗതി: കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് മുസ്ലിം ലീഗ്; ജനങ്ങളുടെ വിശ്വാസം സംരക്ഷിക്കേണ്ട കാവൽക്കാർ കൈയേറ്റക്കാരാവുന്നുവെന്ന് സാദിഖലി തങ്ങൾ

കോഴിക്കോട്: വഖഫ് ഭേദഗതി നിയമത്തിനെതിരെ മുസ്ലീം ലീഗ് കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച മഹാറാലിയിൽ ബി.ജെ.പി സർക്കാരിനെതിരെ സംസ്ഥാന അധ്യക്ഷൻ സാദിഖലി തങ്ങൾ ശക്തമായ വിമർശനം ഉന്നയിച്ചു. പൗരന്മാരുടെ വിശ്വാസം സംരക്ഷിക്കേണ്ട ഭരണകൂടം തന്നെ അവരുടെ സ്വത്തുക്കളുടെ കൈയേറ്റക്കാരാവുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

വഖഫ് സ്വത്തുക്കൾ സംരക്ഷിക്കേണ്ടത് സർക്കാരിന്റെ ബാധ്യതയാണ്. ഇത് ഒരു പ്രത്യേക വിഭാഗത്തെ മാത്രം ബാധിക്കുന്ന വിഷയമല്ല. രാജ്യത്തിന്റെ ഭരണഘടനയെത്തന്നെ ചോദ്യം ചെയ്യുന്ന ഈ നിയമം ജനാധിപത്യ സംവിധാനത്തെ അട്ടിമറിക്കുന്നതിന് തുല്യമാണെന്നും സാദിഖലി തങ്ങൾ അഭിപ്രായപ്പെട്ടു. ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും കാവൽ സ്ഥാനമായിരുന്ന പാർലമെന്റിനെ ജനങ്ങൾക്കിടയിൽ ഭിന്നതയുണ്ടാക്കി തമ്മിലടിപ്പിക്കാൻ മോദി സർക്കാർ ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു.

രാജ്യത്തുടനീളം വഖഫ് ഭേദഗതി നിയമത്തിനെതിരെ ഉയരുന്ന പ്രതിഷേധങ്ങളെ അവഗണിച്ച് മുന്നോട്ട് പോകാനാണ് ഉദ്ദേശമെങ്കിൽ അതിനെ ജനാധിപത്യപരമായി ചെറുക്കും. സുപ്രീംകോടതി ബുധനാഴ്ച വാദികളുടെ അഭിപ്രായങ്ങൾക്ക് ചെവികൊടുത്തത് പ്രതീക്ഷ നൽകുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് മുസ്ലീങ്ങൾക്കെതിരെയാണ് സർക്കാർ നീക്കമെങ്കിൽ നാളെ ഇത് ആർക്കെതിരെയും വരാവുന്ന കരിനിയമമായി മാറും.
.

മുനമ്പം വിഷയത്തിൽ സാമുദായിക ധ്രുവീകരണം ഉണ്ടാകരുത്. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടി ഈ വിഷയം ദുരുപയോഗം ചെയ്യുകയാണ്. ലീഗ് മുനമ്പത്തെ ജനങ്ങൾക്കൊപ്പമാണ്. അവിടെ സാമുദായിക സൗഹൃദത്തിനാണ് പ്രാധാന്യം നൽകുന്നത്. ഈ വിഷയത്തിൽ ക്രൈസ്തവ മത മേലധ്യക്ഷന്മാരുമായുള്ള ചർച്ചകൾ തുടരുമെന്നും സാദിഖലി തങ്ങൾ വ്യക്തമാക്കി.
.

.

കർണാടക റവന്യൂ മന്ത്രി കൃഷ്ണ ഭൈര ഗൗഡ റാലിയിൽ സംസാരിക്കവെ മോദി സർക്കാർ രാജ്യത്ത് നിരന്തരമായി കള്ളം പ്രചരിപ്പിച്ച് ജനങ്ങളെ ഭിന്നിപ്പിക്കുകയാണെന്ന് ആരോപിച്ചു. വഖഫ് വിഷയത്തിൽ കോൺഗ്രസ് മുസ്ലീം ലീഗിന്റെ പോരാട്ടങ്ങൾക്ക് ഒപ്പമുണ്ടാകും. ജനങ്ങളെ ബാധിക്കുന്ന സുപ്രധാന വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ബി.ജെ.പി സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മുനമ്പം വിഷയത്തിൽ കുറുക്കന്റെ കണ്ണുമായി രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് പിണറായി സർക്കാർ ശ്രമിക്കുന്നതെന്ന് ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ജനങ്ങളെ ഭിന്നിപ്പിച്ച് മുതലെടുക്കുന്ന കേന്ദ്ര സർക്കാരിന്റെ അതേ നയം തന്നെയാണ് സംസ്ഥാന സർക്കാരും പിന്തുടരുന്നത്. പ്രശ്നം എങ്ങനെ പരിഹരിക്കാതിരിക്കാമെന്നാണ് സർക്കാർ ആലോചിക്കുന്നത്. മോദിക്ക് ആളെ കൂട്ടുകയാണ് അവർ. മതേതരത്വത്തിന്റെ കരുത്തുകൊണ്ട് ഇതിനെ പ്രതിരോധിക്കുമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.
.

വഖഫ് സംരക്ഷണത്തിനായി മുസ്ലീം ലീഗ് നടത്തിയ മഹാറാലിയിൽ ആയിരക്കണക്കിന് ആളുകൾ പങ്കെടുത്തു. ഉച്ച മുതൽ തന്നെ സ്ത്രീകളും കുട്ടികളുമടക്കമുള്ള പ്രവർത്തകർ മുദ്രാവാക്യങ്ങളുമായി കടപ്പുറത്തേക്ക് ഒഴുകിയെത്തി. വൈകുന്നേരത്തോടെ കടപ്പുറം ജനസാഗരമായി മാറി. വഖഫ് ഭേദഗതി നിയമത്തിനെതിരെ ഹിന്ദിയിലും ഇംഗ്ലീഷിലുമുള്ള പ്ലക്കാർഡുകളും പലരും ഉയർത്തിപ്പിടിച്ചിരുന്നു.

ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി അധ്യക്ഷത വഹിച്ച റാലിയിൽ ദേശീയ പ്രസിഡന്റ് പ്രൊഫ. കെ.എം. ഖാദർ മൊയ്തീൻ മുഖ്യപ്രഭാഷണം നടത്തി. എം.പിമാരായ ഇ.ടി. മുഹമ്മദ് ബഷീർ, അബ്ദുസ്സമദ് സമദാനി, പി.വി. അബ്ദുൽ വഹാബ്, ഡോ. എം.കെ. മുനീർ എം.എൽ.എ, കെ.പി.എ. മജീദ് എം.എൽ.എ, അബ്ബാസലി തങ്ങൾ, റഷീദലി തങ്ങൾ, മുനവ്വറലി തങ്ങൾ, കെ.എം. ഷാജി എന്നിവരും സംസാരിച്ചു. ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ. സലാം സ്വാഗതവും സെക്രട്ടറി പാറക്കൽ അബ്ദുള്ള നന്ദിയും പറഞ്ഞു.
.

.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

Share
error: Content is protected !!