കോടതി വഖഫായി പ്രഖ്യാപിച്ച സ്വത്ത് വഖഫല്ലെന്ന് പ്രഖ്യാപിക്കാൻ ആകില്ല; ഡി നോട്ടിഫൈ ചെയ്യരുത്, നിലവിലെ സ്ഥിതി തുടരണം. വഖഫ് കേസിൽ കടുപ്പിച്ച് സുപ്രീം കോടതി, വാദം തുടരും, നാളെ ഇടക്കാല ഉത്തരവ്

ന്യൂഡൽഹി: വഖഫ് ഭേദ​ഗതി നിയമത്തിൽ കേന്ദ്രത്തിന് നിർണായക നിർദേശവുമായി സുപ്രിംകോടതി. കോടതികൾ വഖഫായി പ്രഖ്യാപിച്ച സ്വത്തുക്കൾ, അവ വഖഫ് മുഖേനയുള്ളതോ, ആധാരം മുഖേനയുള്ളതോ ആകട്ടെ, ഡീ-നോട്ടിഫൈ ചെയ്യാൻ പാടില്ലെന്നാണ് ഒന്നാമത്തെ നിർദേശം. അതായത് നിലവിലെ വഖഫ് സ്വത്തുക്കൾ അതല്ലാതാക്കരുത് എന്ന് കോടതി നിർദേശിക്കുന്നു. കോടതി വഖഫായി പ്രഖ്യാപിച്ച സ്വത്ത് വഖഫ് അല്ല എന്ന് പ്രഖ്യാപിക്കാൻ ആകില്ലെന്ന് സുപ്രിംകോടതി ചൂണ്ടിക്കാട്ടി.

സ്വത്തുക്കളിൽ നിലവിലെ സ്ഥിതി തുടരണം. വഖഫ് ബോർഡുകളിലെയും സെൻട്രൽ വഖഫ് കൗൺസിലിലെയും എക്സ്-ഒഫീഷ്യോ അംഗങ്ങൾ ഒഴികെ എല്ലാവരും മുസ്‌ലിംകളായിരിക്കണമെന്നും കോടതി നി​ർദേശിച്ചു. വഖഫ് സ്വത്ത് സർക്കാർ ഭൂമിയാണോ എന്ന് കലക്ടർ അന്വേഷണം നടത്തുന്ന കാലയളവിൽ‌ അവ വഖഫ് ആയി കണക്കാക്കില്ലെന്ന നിയമത്തിലെ വ്യവസ്ഥ പ്രാബല്യത്തിൽ വരുത്താനാവില്ലെന്നും കോടതി വ്യക്തമാക്കി.

കലക്ടർമാർക്ക് നിയമനടപടിയുമായി മുന്നോട്ടുപോകാം, എന്നാൽ തീരുമാനം എടുക്കുന്നത് കോടതിയാവും എന്നും സുപ്രിംകോടതി അറിയിച്ചു.‌ വർഷങ്ങൾ പഴക്കമുള്ള രേഖകൾ ഇല്ലാത്ത ഭൂമി എങ്ങനെ സർക്കാർ ഏറ്റെടുക്കുമെന്നും കോടതി ചോദിച്ചു. ‌ഉപയോ​ഗം വഴി വഖഫായ ഭൂമികൾ അതല്ലാതാക്കിയാൽ വലിയ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും കോടതി ആശങ്കപ്പെടുന്നതായും കോടതി വിലയിരുത്തി.

വഖഫ് ഭേ​ദ​ഗതി നിയമത്തിലെ‌ ആശങ്കകൾ പരിഹരിക്കപ്പെടണമെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ആവശ്യപ്പെട്ടു. ഭേദഗതിയിൽ അംഗീകരിക്കാനാവുന്നതും ആവാത്തതുമായ കാര്യങ്ങളുണ്ട്. വഖഫുമായി ബന്ധപ്പെട്ടുള്ള അക്രമങ്ങൾ അസ്വസ്ഥത ഉണ്ടാക്കുന്നെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

ഹരജികളിൽ നാളെയും വാദം തുടരും. ഉച്ചയ്ക്ക് രണ്ട് മണിക്ക് തുടർവാദം ആരംഭിക്കും. കോടതി പല ചോദ്യങ്ങൾ ചോദിച്ചെങ്കിലും കൃത്യമായ ഉത്തരം സോളിസിറ്റർ ജനറൽ തുഷാർ മേത്ത നൽകിയില്ല. തർക്ക ഭൂമിയിലെ പ്രശ്നങ്ങളിൽ കലക്ടർക്ക് തീരുമാനം എടുക്കാമെന്ന് സോളിസിറ്റർ‌ ജനറൽ വാദിച്ചപ്പോൾ വഖഫ് ഭൂമിയിൽ തർക്കം ഉണ്ടായാൽ കലക്ടർ എങ്ങനെ തീരുമാനമെടുക്കുമെന്നും വഖഫ് സ്വത്ത് സംബന്ധിച്ച് ജില്ലാ കലക്ടർ തീരുമാനമെടുക്കുന്നത് ന്യായമാണോ എന്നും ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ചോദിച്ചു.

സംരക്ഷിത സ്മാരകങ്ങൾ വഖഫായി കണക്കാക്കാൻ ആകില്ലെന്നും പുരാതന സ്മാരകങ്ങൾ സംരക്ഷിക്കപ്പെടണമെന്നും കോടതി നിരീക്ഷിച്ചു. തിരുപ്പതി ബോർഡിൽ അഹിന്ദുക്കൾ ഉണ്ടോ എന്ന് കോടതി കേന്ദ്ര സർക്കാരിനോട് ചോദിച്ചു. പുരാതന മസ്ജിദുകൾക്ക് രേഖകൾ എങ്ങനെ ഉണ്ടാകുമെന്നും കോടതി. ‌‌വഖഫ് ഭൂമികൾ റീ രജിസ്റ്റർ ചെയ്യുന്നതിൽ നിയമപ്രശ്നങ്ങൾ ഉണ്ടാകുമെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.
.

സുപ്രീം കോടതി പുറപ്പെടുവിച്ച വിധികളോ ഉത്തരവുകളോ റദ്ദാക്കാൻ പാർലമെന്റിന് അധികാരമില്ലെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന. കോടതി വിധികളുടെ അടിസ്ഥാനത്തിൽ നിയമം നിർമ്മിക്കുക എന്നത് മാത്രമേ പാർലമെന്റിന് ചെയ്യാൻ സാധിക്കൂ എന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. വഖഫ് ഭേദഗതി നിയമത്തിനെതിരായ ഹർജികൾ പരിഗണിക്കവെയായിരുന്നു ചീഫ് ജസ്റ്റിസിന്റെ പരാമർശം. വഖഫ് നിയമത്തിലെ ഒരു വ്യവസ്ഥ അധികാര പരിധി കടക്കുന്നു എന്ന സൂചനയും ചീഫ് ജസ്റ്റിസ് നൽകി. വഫഖ് ഭേദഗതി നിയമത്തിനെതിരായി മുസ്ലിം ലീഗിന്റേതടക്കം 73 ഹർജികൾ പരിഗണിക്കുന്നതിനിടെയായിരുന്നു സുപ്രീം കോടതിയുടെ പരാമർശം.
.
കേസിൽ വാദം നാളെയും തുടരും. കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടതിനെത്തുടർന്നാണ് സുപ്രീം കോടതിയുടെ തീരുമാനം. വഫഖ് ആണ് എന്ന് ഒരു വ്യക്തി പറഞ്ഞ വസ്തു രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ പുതിയ നിയമ ഭേദഗതി നിയമത്തിന് ശേഷം ആ ഭൂമിയുടെ പദവി എന്തായിരിക്കും? അത് വഖഫ് ഭൂമിയാണോ അതോ വഖഫ് ഭൂമി അല്ലാതാകുമോ? ഭൂമി സംബന്ധിച്ച തർക്കം ഉണ്ടെങ്കിൽ അതിൽ ആരാണ് തീരുമാനം എടുക്കുക? ചീഫ് ജസ്റ്റിസ് ചോദിച്ചു.

തർക്കമുള്ള ഭൂമിയുടെ സ്വഭാവം സംബന്ധിച്ച് കളക്ടറുടെ തീരുമാനം വരുന്നത് വരെ അത് വഖഫ് ഭൂമിയല്ലെന്നു പറയുന്നതിൽ എന്ത് ന്യായമാണുള്ളത്? ആ ഒരു കാലയളവിൽ വഖഫ് ഭൂമിയല്ല എന്ന് പറയുന്നത് നിയമപരമായി നിലനിൽക്കുന്നതാണോ എന്നും സുപ്രീം കോടതി ചോദിച്ചു. പല പള്ളികളും പണിതത് പതിനഞ്ചാം നൂറ്റാണ്ടിലൊക്കെയാണ്. ആ ഭൂമിയുടെ വിൽപ്പനക്കരാർ കൊണ്ടുവരണമെന്നത് എത്രത്തോളം പ്രായോഗികമാണ്? ചീഫ് ജസ്റ്റിസ് ചോദിച്ചു.
.
വഖഫിന്റെ ഭരണപരമായ കാര്യങ്ങൾ ആചാരവുമായി കൂട്ടിക്കുഴക്കരുതെന്ന് സുപ്രീം കോടതി പ്രധാനമായും എടുത്ത് പറഞ്ഞു. വിഷയം സുപ്രീം കോടതി പരിഗണിക്കണോ അതോ ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വിടണോ എന്ന വാദവും ഉയർന്നു. എന്നാൽ വിഷയം സുപ്രീം കോടതി തന്നെ കേൾക്കണമെന്നായിരുന്നു അഭിഭാഷകരെല്ലാം ആവശ്യപ്പെട്ടത്.

വഖഫ് നിയമ ഭേദഗതിക്കെതിരെ മുസ്ലിം ലീഗിന്റെ ഹർജിയാണ് പരിഗണിക്കുന്നത്. കപിൽ സിബലാണ് ലീഗിന് വേണ്ടി വാദങ്ങൾ ഉന്നയിക്കുന്നത്. പാർലമെന്ററി നിയമ നിർമാണത്തിലൂടെ ഒരു മതത്തിന്റെ ആചാരത്തിൽ ഇടപെട്ടെന്ന് കപിൽ സിബൽ സുപ്രീം കോടതിയിൽ പറഞ്ഞു.
.

ഭരണഘടനയുടെ 26-ാം അനുഛേദപ്രകാരം സ്വതന്ത്രമായി മതാചാരത്തിനുള്ള അവകാശം നൽകുന്നുണ്ട്. അതിന്റെ ലംഘനമാണിത്. സ്ഥാപനം സ്ഥാപിക്കുകയോ നടത്തുകയോ അത് ദാനം ചെയ്യുകയോ എന്നതിലേക്കുള്ള ഇടപെടൽ മതപരമായ ആചാരത്തിലേക്കുള്ള കടന്നുകയറ്റമെന്നാണ് കപിൽ സിബൽ വാദിച്ചത്. ഒരു വസ്തു ദാനം ചെയ്യണമെങ്കിൽ മുസ്ലിം ആണെന്ന് തെളിയിക്കുക എന്നുള്ള വകുപ്പ് കൂടി നിയമത്തിലുണ്ട്. ഇത് മുസ്ലിം വ്യക്തി നിയമത്തിലേക്കുള്ള കടന്നുകയറ്റമെന്നാണ് കപിൽ സിബലിന്റെ വാദം.

നിരവധി വ്യക്തിനിയമങ്ങളെ മറികടന്നുകൊണ്ടുള്ള നിയമനിർമ്മാണങ്ങൾ രാജ്യത്ത് നടന്നിട്ടുണ്ട്. അപ്പോൾ എങ്ങനെയാണ് ഇത്തരത്തിൽ വിശദീകരിക്കുക എന്ന ചോദ്യം സുപ്രീം കോടതിയുടെ ഭാഗത്ത് നിന്നുണ്ടായി. എല്ലാ മതങ്ങളുടെ വ്യക്തിനിയമങ്ങളിൽ പാർലമെന്റ് നിയമനിർമ്മാണം നടത്തിയിട്ടുണ്ട്. മുസ്ലിം വ്യക്തി നയമത്തിനെതിരെ നിയമം നിർമ്മിക്കാൻ പാർലമെന്റിന് അധികാരം ഇല്ലെന്നാണോ കപിൽ സിബൽ പറയുന്നതെന്ന്‌ സുപ്രീം കോടതി ചോദിച്ചു.

നല്ല മുസ്ലിം ആണെന്ന് സർക്കാരിന് മുമ്പിൽ തെളിയിക്കണമെന്ന ചട്ടം, അതായത് അഞ്ചുകൊല്ലം മുസ്ലിം മതാചാരപ്രകാരം ജീവിച്ചവർക്ക് മാത്രമേ സ്വത്തുക്കൾ വഖഫ് ചെയ്യാൻ കഴിയുകയുള്ളൂ എന്നാണ് വഖഫ് ഭേദഗതി നിയമത്തിൽ പറയുന്നത്. ഇത് വ്യക്തിനിയമത്തിനെതിരാണെന്നാണ് കപിൽ സിബൽ വാദിച്ചു. ‘നിയമഭേദഗതിയിലൂടെ മത ആചാരത്തില്‍ സര്‍ക്കാര്‍ ഇടപെടുകയാണ് ചെയ്തത്. മതപരമായ ആചാരങ്ങള്‍ ഭരണഘടനാപരമായ അവകാശമാണ്. ഇസ്ലാം മതത്തിലെ അചാരമാണ് വഖഫെന്നും അതിനെ ചോദ്യം ചെയ്യാന്‍ സര്‍ക്കാരിന് എന്താണ് അധികാരമെന്നും കപില്‍ സിബല്‍ ചോദിച്ചു.
.

.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

Share
error: Content is protected !!