റഹീം കേസിൽ കോടതി ഒറിജിനൽ കേസ് ഡയറി ആവശ്യപ്പെട്ടു: അടുത്ത സിറ്റിങ് നിർണായകം, എന്ത് കൊണ്ട് മോചനം വൈകുന്നു? വിശദീകരണവുമായി നിയമസഹായ സമിതി

റിയാദ്: സൗദി അറേബ്യയിൽ ജയിൽ മോചനം കാത്ത് കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുറഹീമിന്റെ കേസിൽ കോടതി ഒറിജിനൽ കേസ് ഡയറി ആവശ്യപ്പെട്ടതായി റിയാദിലെ നിയമ സഹായ സമിതി. പഴയ കേസായതിനാൽ ഇത് ഹാജരാക്കുന്നതിലെ കാലതാമസമാണ് നിലവിൽ കേസ് തുടർച്ചയായി മാറ്റിവെക്കുന്നതിന് കാരണം. മെയ് 5ന് ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.30-നാണ് അടുത്ത സിറ്റിംഗ്. കേസ് ഫയല്‍ പരിശോധന പൂര്‍ത്തിയായാല്‍ കോടതി വിധി പറഞ്ഞേക്കും. കേസിൽ റഹീമിന് അനുകൂലമായി മോചന വിധി ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും കേസ് രേഖകൾ അവതരിപ്പിച്ച് ഭാരവാഹികൾ പറഞ്ഞു.
.
അബ്ദുറഹീമിന്റെ കേസ് 11ാം തവണയും മാറ്റിവെച്ചതിന് പിന്നാലെയാണ് റിയാദിലെ റഹീം നിയമ സഹായ സമിതി ഭാരവാഹികൾ ഇക്കാര്യത്തിൽ വിശദീകണവുമായി മാധ്യമങ്ങളെ കണ്ടത്. കേസിൽ റഹീമിന്റെ കുടുംബത്തിന് വേണ്ടി ഹാജരായ സിദ്ദീഖ് തുവ്വൂരും നിയമസഹായ സമിതി ഭാരവാഹികളും കേസിലെ ഇതുവരെയുണ്ടായ നടപടിക്രമങ്ങൾ വിശദീകരിച്ചു.
.
ജനകീയ ധനസമാഹരണത്തിലൂടെ സമാഹരിച്ച തുക കൊല്ലപ്പെട്ട ബാലൻ്റെ കുടംബത്തിന് കൈമാറിയിരുന്നു. തുടർന്ന് ജൂലൈ രണ്ടിന് റഹീമിന്റെ വധശിക്ഷ റദ്ദാക്കിയുള്ള വിധി വന്നു. സ്വകാര്യ അവകാശത്തിന്റെ അടിസ്ഥാനത്തിൽ അഥവാ കൊല്ലപ്പെട്ട സൗദി ബാലന്റെ കുടുംബം മാപ്പു നൽകിയതിന് പിന്നാലെയായിരുന്നു ഈ വിധി. എന്നാൽ സൗദി ഭരണകൂടത്തിന് ഏതൊരു കൊലപാതക കേസിലും മോചനം സംബന്ധിച്ച് തീരുമാനമെടുക്കാം. അതുമായി ബന്ധപ്പെട്ട പൊതു അവകാശ വകുപ്പിന്റെ അടിസ്ഥാനത്തിലുള്ള സെഷനുകളാണ് ഇനി പൂർത്തിയാകേണ്ടത്. ഇതിൽ ആദ്യ സിറ്റിങ് നടന്നത് ഒക്ടോബർ 21നാണ്. കേസ് പരിശോധിച്ച കോടതി അത് ഡിവിഷൻ ബെഞ്ചിന് കൈമാറി. അതായത് വധശിക്ഷ വിധിച്ച അതേ ബെഞ്ച് തന്നെ ഇത് റദ്ദാക്കണമെന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ നടപടി. അങ്ങനെ നവംബർ 17നാണ് ഡിവിഷൻ ബെഞ്ചിൽ പ്രോസിക്യൂഷന്റേയും റഹീമിന്റെയും വാദങ്ങൾ കോടതി കേട്ടത്.
.

ഇതിനിടയിൽ കേസ് പരിശോധിച്ച കോടതി കേസിന്റെ ഒറിജിനൽ കേസ് ഡയറി ആവശ്യപ്പെട്ടു. അതിന് കാരണമുണ്ട്. കേസിൽ സൗദി പൗരൻ മരിച്ചത് ആശുപത്രിയിൽ വെച്ചാണ്. ഇത് മനപൂർവമായ കൊലപാതമല്ല എന്ന വാദങ്ങളുൾപ്പെടെ പരിഗണിക്കാൻ കേസ് ഡയറി ആവശ്യമാണ്. ഈ കേസ് ഡയറി ബന്ധപ്പെട്ട വകുപ്പിൽ നിന്ന് കോടതിയിലെത്തിയാലേ തുടർ നടപടിയുണ്ടാകൂ. ഇതിനുള്ള കാലതാമസമാണ് ഇപ്പോൾ നേരിടുന്നത്.
.

കോടതി നടപടികൾ സ്വാഭാവികമാണ്. ഏറെ മാധ്യമ ശ്രദ്ധ ലഭിച്ച കേസായതിനാലാണ് ഓരോ മാറ്റിവെക്കലിലും ജനങ്ങൾ നിരാശരാകുന്നത്. വധശിക്ഷ റദ്ദായാൽ ജയിൽ ശിക്ഷയാണ് ഈ കേസിൽ ലഭിക്കുക. അതിൽ ലഭിക്കാവുന്ന കാലപരിധിയിലേറെ റഹീം ജയിലിൽ കഴിഞ്ഞതിനാൽ മോചന വിധി ഉടൻ പ്രതീക്ഷിക്കുന്നതായും ഭാരവാഹികൾ പറഞ്ഞു.
.
സൗദി ബാലൻ കൊല്ലപ്പെട്ട കേസിലാണ് കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുള്‍ റഹീം സൗദി ജയിലില്‍ കഴിയുന്നത്. 2006-ലാണ് റഹീം അറസ്റ്റിലായത്. കൊല്ലപ്പെട്ട ബാലന്റെ ബന്ധുക്കള്‍ ദയാധനം വാങ്ങി ഒത്തുതീര്‍പ്പിന് തയ്യാറായാതോടെയാണ് കോടതി വധശിക്ഷ റദ്ദാക്കിയത്.
.
കൊല്ലപ്പെട്ട ബാലൻ്റെ കുടുംബത്തിന് പണം കൈമാറിയതിന്റെ ചെക്കുകളും വധശിക്ഷ റദ്ദാക്കിയുള്ള കോടതി വിധിയും കേസിൽ ഇതുവരെയുള്ള സെഷന്റെ രേഖകളും സഹായസമിതി മാധ്യമപ്രവർത്തകർക്ക് മുന്നിൽ അവതരിപ്പിച്ചു. കേസ് മാറ്റിവെക്കുന്നതിനെ തെറ്റായി വ്യാഖ്യാനിച്ച് നിയമ സഹായസമിതിക്കെതിരെ ചിലർ നടത്തുന്ന പ്രചാരണം അവസാനിപ്പിക്കാൻ കൂടിയാണ് വിശദീകരണമെന്നും ഭാരവാഹികൾ പറഞ്ഞു.

.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

Share
error: Content is protected !!